സൗത്ത് ആഫ്രിക്കക്ക് വേണ്ടി ലോകകപ്പ് കളിച്ചവന്‍ ഇന്ന് സൗത്ത് ആഫ്രിക്കക്കെതിരെ ടോപ് സ്‌കോറര്‍; 2016ല്‍ വിരമിച്ചവന്‍ പ്രോട്ടിയാസിന്റെ അന്തകനാകുമോ?
T20 world cup
സൗത്ത് ആഫ്രിക്കക്ക് വേണ്ടി ലോകകപ്പ് കളിച്ചവന്‍ ഇന്ന് സൗത്ത് ആഫ്രിക്കക്കെതിരെ ടോപ് സ്‌കോറര്‍; 2016ല്‍ വിരമിച്ചവന്‍ പ്രോട്ടിയാസിന്റെ അന്തകനാകുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 8th June 2024, 10:20 pm

 

2024 ടി-20 ലോകകപ്പില്‍ വിജയം തുടരാനാണ് സൗത്ത് ആഫ്രിക്ക ന്യൂയോര്‍ക്കിലിറങ്ങിയത്. കഴിഞ്ഞ രണ്ട് ഐ.സി.സി ലോകകപ്പിലും പ്രോട്ടിയാസിനെ അട്ടിമറിച്ച നെതര്‍ലന്‍ഡ്‌സാണ് മാര്‍ക്രമിന്റെയും സംഘത്തിന്റെയും എതിരാളികള്‍.

2022 ടി-20 ലോകകപ്പില്‍ ആഫ്രിക്കന്‍ വമ്പന്‍മാരെ 13 റണ്‍സിന് പരാജയപ്പെടുത്തിയ ഓറഞ്ച് ആര്‍മി 2023 ഏകദിന ലോകകപ്പില്‍ 38 റണ്‍സിനാണ് സൗത്ത് ആഫ്രിക്കയെ അട്ടിമറിച്ചത്. 2024ലും ഈ നേട്ടം ആവര്‍ത്തിക്കാനാണ് ഡച്ച് പടയിറങ്ങുന്നത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്‌സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് മാത്രമാണ് നേടിയത്. നാലാം നമ്പറില്‍ ഇറങ്ങിയ സൂപ്പര്‍ താരം സൈബ്രന്‍ഡ് എന്‍ഗല്‍ബ്രെക്ടിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.

45 പന്ത് നേരിട്ട് ഒരു സിക്‌സറും രണ്ട് ബൗണ്ടറിയുമടക്കം 40 റണ്‍സാണ് താരം നേടിയത്.

എട്ടാം നമ്പറില്‍ ഇറങ്ങിയ ലോഗന്‍ വാന്‍ ബാക്കാണ് നെതര്‍ലന്‍ഡ്‌സന്റെ രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍. 22 പന്തില്‍ 23 റണ്‍സാണ് താരം നേടിയത്.

സൗത്ത് ആഫ്രിക്കക്ക് വേണ്ടി അണ്ടര്‍ 19ലോകകപ്പില്‍ കളിച്ച താരമാണ് സൈബ്രന്‍ഡ് എന്‍ഗല്‍ബ്രെക്ട്. 2008 U19 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ വിരാട് കോഹ്‌ലിയോടും സംഘത്തോടും പരാജയപ്പെട്ട സൗത്ത് ആഫ്രിക്കന്‍ സ്‌ക്വാഡിലെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു എന്‍ഗല്‍ബ്രെക്ട്.

 

ഇതിന് പുറമെ ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ ആഭ്യന്തരതല മത്സരങ്ങളിലും എന്‍ഗല്‍ബ്രക്ട് കളിച്ചിട്ടുണ്ട്. സി.എസ്.എ 4 ഡേ സീരീസില്‍ സൗത്ത് വെസ്റ്റേണ്‍ ഡിസ്ട്രിക്ടിന് വേണ്ടിയും സി.എസ്.എ ടി-20 സീരിസില്‍ വെസ്റ്റേണ്‍ പ്രൊവിന്‍സിനായും കളത്തിലിറങ്ങിയ താരം സി.എസ്.എ ടി-20 ചലഞ്ചില്‍ കേപ് കോബ്രാസിന് വേണ്ടിയും ബാറ്റേന്തിയിട്ടുണ്ട്.

നേരത്തെ 2016ല്‍ ക്രിക്കറ്റിനോട് വിട പറഞ്ഞ താരം 2017ല്‍ സ്വന്തം ബിസിനസും ആരംഭിച്ചിരുന്നു. ഇതിനിടെ 2019ല്‍ എം.ബി.എയും പൂര്‍ത്തിയാക്കിയ താരം ഇപ്പോഴും ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. ശേഷം 2021ല്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ എന്‍ഗല്‍ബ്രെക്ട് 2023 ഏകദിന ലോകകപ്പിലും ഡച്ച് ആര്‍മിക്കായി കളത്തിലിറങ്ങിയിരുന്നു.

അതേസമയം, 104 എന്ന കുഞ്ഞന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടിയാസിന് തുടക്കം പാളിയിരിക്കുകയാണ്. സ്‌കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സ് കൂട്ടിച്ചേര്‍ക്കും മുമ്പ് മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ടാണ് ടീം പതറുന്നത്.

ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക് ഡയമണ്ട് ഡക്കായി പുറത്തായി. ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രം ബ്രോണ്‍സ് ഡക്കായി മടങ്ങിയപ്പോള്‍ 10 പന്ത് നേരിട്ട് മൂന്ന് റണ്‍സ് നേടിയ റീസ ഹെന്‍ഡ്രിക്‌സിന്റെ വിക്കറ്റാണ് പ്രോട്ടിയാസിന് നഷ്ടമായത്.

 

 

Content highlight: T20 World Cup 2024: NED vs SA: Sybrand  Engelbrecht’s brilliant batting performance