| Sunday, 9th June 2024, 6:57 pm

അവര്‍ തമ്മിലുള്ള പോരാട്ടമായിരിക്കും ഇന്ത്യ - പാകിസ്ഥാന്‍ മത്സരത്തിന്റെ വിധി തീരുമാനിക്കുക; മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് കൈഫിന്റെ പ്രവചനം

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിനാണ് ടി-20 ലോകകപ്പില്‍ കളമൊരുങ്ങുന്നത്. ന്യൂയോര്‍ക്, ഈസ്റ്റ് മെഡോയിലെ നാസു കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയമാണ് ക്ലാസിക് റൈവല്‍റിയിലെ ഏറ്റവും പുതിയ മത്സരത്തിന് വേദിയാകുന്നത്.

അയര്‍ലന്‍ഡിനെതിരെ വിജയത്തോടെ ലോകകപ്പ് ക്യാംപെയ്ന്‍ ആരംഭിച്ച ഇന്ത്യ പാകിസ്ഥാനെതിരെയും വിജയിച്ച് നോക്ക് ഔട്ട് സാധ്യതകള്‍ സജീവമാക്കാനാണ് ഒരുങ്ങുന്നത്. ടി-20 ലോകകപ്പില്‍ പാകിസ്ഥാന് മേലുള്ള മൃഗീയ ആധിപത്യം തുടരുക എന്നതും ഇന്ത്യക്ക് മുമ്പിലുള്ള പ്രധാന ലക്ഷ്യമാണ്.

അതേസമയം, കുഞ്ഞന്‍മാരായ അമേരിക്കയോട് പരാജയപ്പെട്ടാണ് പാകിസ്ഥാന്‍ രണ്ടാം മത്സരത്തിനിറങ്ങുന്നത്. പാകിസ്ഥാനെതിരെ അമേരിക്ക മിന്നും പ്രകടനമാണ് കാഴ്ചവെച്ചതെങ്കിലും ബാബറിന്റെയും സംഘത്തിന്റെയും പിഴവുകളാണ് മെന്‍ ഇന്‍ ഗ്രീനിന് തിരിച്ചടിയായത്.

ടീം എന്ന നിലയില്‍ ഒത്തൊരുമയില്ലാത്തതും ഫീല്‍ഡിങ്ങിലെ ഹിമാലയന്‍ അബദ്ധങ്ങളും പാകിസ്ഥാന് രണ്ട് പോയിന്റ് നഷ്ടമാക്കി.

ഇപ്പോള്‍ ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് ഇരുടീമിന്റെയും സാധ്യതകള്‍ വിലയിരുത്തുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം മുഹമ്മദ് കൈഫ്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ പ്രകടനമാകും ഈ മത്സരത്തിന്റെ വിധി തീരുമാനിക്കുക എന്നാണ് അദ്ദേഹം പറയുന്നത്. പാക് പേസര്‍മാരെ രോഹിത് നേരിടുന്നതിനെ ആശ്രയിച്ചാകും ഇന്ത്യയുടെ ജയസാധ്യതയെന്നും അദ്ദേഹം പറയുന്നു.

എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് കൈഫ് ഇക്കാര്യം പറയുന്നത്.

‘രോഹിത് ശര്‍മ vs പാകിസ്ഥാന്‍ പേസര്‍മാര്‍: ഈ മത്സരമായിരിക്കും ഇന്നത്തെ മത്സരത്തിന്റെ വിധി തീരുമാനിക്കുക. പേസിനെ തുണയ്ക്കുന്ന പിച്ചില്‍ രോഹിത് ശര്‍മയുടെ മികച്ച പ്രകടനത്തിന് മത്സരത്തിന്റെ ഫലം മാറ്റിമറിക്കാന്‍ സാധിക്കും,’ കൈഫ് പറയുന്നു.

പാകിസ്ഥാനെതിരായ മത്സരത്തില്‍ ടീമിന്റെ ലൈന്‍ അപ്പിനെ കുറിച്ച് കഴിഞ്ഞ ദിവസം രോഹിത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചിരുന്നു. ഓപ്പണിങ് ബാറ്റര്‍മാര്‍മാരെ മാത്രമാണ് തീരുമാനിച്ചതെന്നും മറ്റ് താരങ്ങളുടെ ബാറ്റിങ് പൊസിഷനുകളെ കുറിച്ച് തീരുമാനമായിട്ടില്ലെന്നുമാണ് രോഹിത് പറഞ്ഞത്.

‘ഓപ്പണര്‍മാര്‍ ഒഴികെ മറ്റ് ബാറ്റര്‍മാരുടെ ബാറ്റിങ് ഓര്‍ഡര്‍ തീരുമാനിച്ചിട്ടില്ല. ബാറ്റിങ് ലൈന്‍ അപ്പില്‍ ഫ്ളെക്സിബിളാകാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്,’ രോഹിത് പറഞ്ഞു.

ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോഴെല്ലാം ഒരു തവണയൊഴികെ വിജയം ഇന്ത്യക്കൊപ്പമായിരുന്നു. 2007 ലോകകപ്പില്‍ ബോള്‍ ഔട്ടിലൂടെ പാകിസ്ഥാനെ തോല്‍പിച്ച ഇന്ത്യ ഫൈനലിലും പച്ചപ്പടയെ തന്നെയാണ് പരാജയപ്പെടുത്തിയത്. ടി-20 ലോകകപ്പില്‍ ഒരിക്കല്‍ മാത്രമാണ് പാകിസ്ഥാന് ഇന്ത്യക്കെതിരെ വിജയിക്കാന്‍ സാധിച്ചത്. 2021 എഡിഷനില്‍ പത്ത് വിക്കറ്റിനാണ് പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പിച്ചത്.

ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്. ശുഭ്മന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.

പാകിസ്ഥാന്‍ സ്‌ക്വാഡ്

ബാബര്‍ അസം (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, അസം ഖാന്‍, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഇഫ്തിഖര്‍ അഹമ്മദ്, ഇമാദ് വസീം, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് ആമിര്‍, മുഹമ്മദ് റിസ്വാന്‍, നസീം ഷാ, സയിം അയ്യൂബ്, ഷദാബ് ഖാന്‍, ഷഹീന്‍ ഷാ അഫ്രിദി, ഉസ്മാന്‍ ഖാന്‍.

Content highlight: T20 World Cup 2024: Mohammed Kaif says Rohit Sharma’s performance will be key in match against Pakistan

We use cookies to give you the best possible experience. Learn more