പാകിസ്ഥാന്റെ ടി-20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്ന് പിറന്നത് 2021ലാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്കെതിരെ നേടിയ പത്ത് വിക്കറ്റിന്റെ വിജയമാണത്. ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ലോകകപ്പ് ആരംഭിച്ച 2007 മുതല്‍ ഇന്നുവരെ പാകിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത് ആ മത്സരത്തില്‍ മാത്രമാണ്.
പത്ത് വിക്കറ്റിന്റെ പടുകൂറ്റന്‍ ജയമാണ് പാകിസ്ഥാന്‍ അന്ന് സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ ബാബര്‍ അസവും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാനും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 152 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയെ അവരുടെ ചരിത്രത്തിലെ ഏറ്റവും മോശം പരാജയത്തിലേക്ക് തള്ളിയിടുകയായിരുന്നു.
ഈ മത്സരത്തിന് മുമ്പ് അന്നത്തെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ തങ്ങളോട് സംസാരിച്ചതിനെ കുറിച്ചും മത്സരശേഷം പാകിസ്ഥാനിലെ ജനങ്ങളുടെ പെരുമാറ്റത്തെ കുറിച്ചും പറയുകയാണ് പാക് സൂപ്പര്‍ താരം മുഹമ്മദ് റിസ്വാന്‍. യു.എസ്.എയില്‍ നടന്ന് ഒരു ചടങ്ങില്‍ പറഞ്ഞ വാക്കുകളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘ഞങ്ങള്‍ ഇന്ത്യക്കെതിരെ ഒരിക്കല്‍പ്പോലും വിജയിച്ചിരുന്നില്ല. മത്സരത്തിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ റമീസ് രാജ ഞങ്ങളെ കാണാനും മോട്ടിവേറ്റ് ചെയ്യാനുമായി എത്തിയിരുന്നു. ടി-20 ലോകകപ്പില്‍ പാകിസ്ഥാന് ഇന്ത്യയോട് വിജയിക്കാന്‍ സാധിച്ചിട്ടില്ല എന്ന ചിന്ത ഞങ്ങളില്‍ നിറയ്ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
മത്സരത്തോട് അടുത്തുകൊണ്ടിരിക്കവെ ലോകകപ്പ് നേടാന്‍ സാധിച്ചില്ലെങ്കിലും ഇന്ത്യക്കെതിരായ മത്സരത്തില്‍ വിജയിക്കണമെന്ന് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. സമ്മര്‍ദത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അദ്ദേഹം ഞങ്ങളോടാവശ്യപ്പെട്ടു,’ റിസ്വാന്‍ പറഞ്ഞു.
ടീമിന്റെ മെന്ററായ മാത്യു ഹെയ്ഡന്റെ വാക്കുകളെ കുറിച്ചും റിസ്വാന്‍ പറഞ്ഞു.
‘അദ്ദേഹം എന്നോടും ബാബറിനോടും സംസാരിച്ചിരുന്നു. മത്സരത്തിന് മുമ്പ് അദ്ദേഹം ഞങ്ങളെ ധാരാളം മോട്ടിവേറ്റ് ചെയ്തിരുന്നു.
ഞങ്ങളുടെ വിജയം പാകിസ്ഥാനിലെമ്പാടുമുള്ള ജനങ്ങള്‍ ആഘോഷമാക്കിയിരുന്നു. ഇന്ത്യക്കെതിരായ ഈ ഫേമസ് വിജയത്തിന് ശേഷം സാധനം വാങ്ങുമ്പോള്‍ കടക്കാര്‍ ഞങ്ങളോട് പൈസ വാങ്ങുമായിരുന്നില്ല,’ റിസ്വാന്‍ കൂട്ടിച്ചേര്‍ത്തു.
2021ല്‍ ദുബായില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഗോള്‍ഡന്‍ ഡക്കായി നഷ്ടമായപ്പോള്‍ കെ.എല്‍. രാഹുല്‍ എട്ട് പന്തില്‍ മൂന്ന് റണ്‍സും നേടി പുറത്തായി. എട്ട് പന്തില്‍ 11 റണ്‍സ് നേടിയ സൂര്യകുമാറും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല.
വിരാട് കോഹ്‌ലിയുടെയും റിഷബ് പന്തിന്റെയും ഇന്നിങ്‌സുകളാണ് ഇന്ത്യക്ക് തുണയായത്. കോഹ്‌ലി 49 പന്തില്‍ 57 റണ്‍സടിച്ചപ്പോള്‍ പന്ത് 30 പന്തില്‍ 39 റണ്‍സും നേടി. ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് ഇന്ത്യ 151ലെത്തി.
പാകിസ്ഥാനായി ഷഹീന്‍ ഷാ അഫ്രിദി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഹസന്‍ അലി രണ്ട് വിക്കറ്റും ഷദാബ് ഖാന്‍, ഹാരിസ് റൗഫ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
152 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ പാകിസ്ഥാന്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 17.5 ഓവറില്‍ വിജയിച്ചു. റിസ്വാന്‍ 55 പന്തില്‍ പുറത്താകാതെ 79 റണ്‍സ് നേടിയപ്പോള്‍ 52 പന്തില്‍ 68 റണ്‍സാണ് ബാബര്‍ നേടിയത്.
എന്നാല്‍ 2022ല്‍ അവസാന പന്ത് വരെ ആവേശം അലതല്ലിയ മത്സരത്തില്‍ ഇന്ത്യ വിജയിച്ചുകയറുകയായിരുന്നു. വിരാട് കോഹ്‌ലിയുടെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സ് പിറന്ന മത്സരം കൂടി ആയിരുന്നു അത്.
ജൂണ്‍ ഒമ്പതിനാണ് ഈ ലോകകപ്പിലെ ഇന്ത്യ – പാക് പോരാട്ടം. ന്യൂയോര്‍ക്കാണ് വേദി.
Content highlight: T20 World Cup 2024: Mohammad Rizwan about win against India in 2021 T20 World Cup