ആഫ്രിക്കാസ് ക്വാളിഫയറില്‍ ചരിത്രം കുറിച്ച് ലോകകപ്പിനെത്തിയ ടീമാണ് ഉഗാണ്ട. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും ഐ.സി.സി ബിഗ് ഇവന്റിനെത്തുന്ന അഞ്ചാമത് രാജ്യമെന്ന ഖ്യാതിയോടെയാണ് ഉഗാണ്ട വെസ്റ്റ് ഇന്‍ഡീസിലേക്ക് വിമാനം കയറിയത്.
സൗത്ത് ആഫ്രിക്ക, കെനിയ, സിംബാബ്‌വേ, നമീബിയ എന്നിവരാണ് ലോകകപ്പിലെത്തിയ മറ്റ് ആഫ്രിക്കന്‍ ടീമുകള്‍.
ആഫ്രിക്കന്‍ ക്വാളിഫയഴേസില്‍ റുവാണ്ടയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയോടെയാണ് ക്രെയ്ന്‍സ് 2024 ടി-20 ലോകകപ്പിന്റെ ഭാഗമായത്.
ലോകകപ്പിലെ ആദ്യ മത്സരത്തിന് മുമ്പ് തന്നെ ഉഗാണ്ടന്‍ ക്യാമ്പില്‍ ആവേശത്തിന്റെ അലയൊലികള്‍ മുഴങ്ങുകയാണ്. ഓസ്‌ട്രേലിയന്‍ നായകന്‍ മിച്ചല്‍ മാര്‍ഷും സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറും ഉഗാണ്ടന്‍ ടീമിനെ സന്ദര്‍ശിച്ചതാണ് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍
ഇരു താരങ്ങളും ക്രിക്കറ്റിലെ യുവടീമിനൊപ്പം സമയം ചെലവഴിക്കുകയും ഫോട്ടോയെടുക്കുകയും ചെയ്തിരുന്നു.
ഓസ്‌ട്രേലിയന്‍ ജേഴ്‌സിയോട് ഏറെ സാമ്യമുള്ള ഉഗാണ്ടയുടെ ജേഴ്‌സി ധരിച്ചാണ് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് ഫോട്ടോക്ക് പോസ് ചെയ്തത്.
ഉഗാണ്ടയും ഓസ്‌ട്രേലിയയും തങ്ങളുടെ ഒഫീഷ്യല്‍ ഹാന്‍ഡിലുകളില്‍ പങ്കുവെച്ച ചിത്രം വളരെ വേഗം വൈറലായി.
അതേസമയം, ജൂണ്‍ നാലിനാണ് ഉഗാണ്ട തങ്ങളുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് മത്സരത്തിനിറങ്ങുന്നത്. പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍.
അല്‍പേഷ് രംജാനിയടക്കമുള്ള കരുത്തരുമായാണ് ഉഗാണ്ട ലോകകപ്പിനെത്തിയത്. 2023ലെ ഐ.സി.സി ടി-20 പ്ലെയര്‍ ഓഫ് ദി ഇയറില്‍ നോമിനേറ്റ് ചെയ്യപ്പെട്ട താരമാണ് രംജാനി. ഉഗാണ്ടയുടെ എന്നല്ല, അസോസിയേറ്റ് രാജ്യങ്ങളുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഒരു താരം ഐ.സി.സി പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്യപ്പെടുന്നത്.
2023ല്‍ 30 മത്സരം കളിച്ച രംജാനി 4.77 എന്ന മികച്ച എക്കോണമിയിലും 8.98 എന്ന തകര്‍പ്പന്‍ ആവറേജിലും 55 വിക്കറ്റാണ് സ്വന്തമാക്കിയത്. 9 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ടി-20 ഫോര്‍മാറ്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു താരം കലണ്ടര്‍ ഇയറില്‍ 50/ 50+ വിക്കറ്റുകള്‍ സ്വന്തമാക്കുന്നത്.
ബൗളിങ്ങില്‍ മാത്രമല്ല ബാറ്റിങ്ങിലും മികച്ച പ്രകടനമാണ് രംജാനി കാഴ്ചവെച്ചത്. കഴിഞ്ഞ വര്‍ഷം ബാറ്റെടുത്ത 30 മത്സരത്തിലെ 20 ഇന്നിങ്‌സില്‍ നിന്നും 449 റണ്‍സാണ് താരം നേടിയത്. 28.06 എന്ന ശരാശരിയിലും 132.44 എന്ന സ്‌ട്രൈക്ക് റേറ്റിലും റണ്ണടിച്ചുകൂട്ടിയ രംജാനിയുടെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 55 ആണ്.
ഐ.സി.സി ലോകകപ്പിനുള്ള ഉഗാണ്ടന്‍ സ്‌ക്വാഡ്
ബ്രയാന്‍ മസാബ (ക്യാപ്റ്റന്‍), റിയാസത് അലി ഷാ (വൈസ് ക്യാപ്റ്റന്‍), കെന്നത് വൈസ്വ, ദിനേഷ് നക്രാണി, ഫ്രാങ്ക് എന്‍സുബുഗ, റോനക് പട്ടേല്‍, റോജര്‍ മുസാക, കോസ്മസ് കെയ്‌വുത, ബിലാല്‍ ഹുസൈന്‍, ഫ്രെഡ് അക്കെല്ലം, റോബിന്‍സണ്‍ ഒബുയ, സൈമണ്‍ സെസാസി, ഹെന്‌റി സെന്യോഡോ, അല്‍പേഷ് രംജാനി, ജുമ മിയാജി.
ലോകകപ്പിലെ ഉഗാണ്ടയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍
ജൂണ്‍ 4 vs അഫ്ഗാനിസ്ഥാന്‍ – പ്രൊവിഡന്‍സ് സ്റ്റേഡിയം
ജൂണ്‍ 6 vs പപ്പുവ ന്യൂ ഗിനിയ – പ്രൊവിഡന്‍സ് സ്റ്റേഡിയം
ജൂണ്‍ 9 vs വെസ്റ്റ് ഇന്‍ഡീസ് – പ്രൊവിഡന്‍സ് സ്റ്റേഡിയം
ജൂണ്‍ 15 vs ന്യൂസിലാന്‍ഡ് – ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി
Content highlight: T20 World Cup 2024: Mitchell Marsh meets Ugandan team