'സിക്‌സറടിച്ച് ഇരുന്നൂറിലേക്ക്'; ഐതിഹാസിക നേട്ടത്തില്‍ ഹേറ്റേഴ്‌സ് ഇല്ലാത്ത ബംഗ്ലാദേശ് ലെജന്‍ഡ്
T20 world cup
'സിക്‌സറടിച്ച് ഇരുന്നൂറിലേക്ക്'; ഐതിഹാസിക നേട്ടത്തില്‍ ഹേറ്റേഴ്‌സ് ഇല്ലാത്ത ബംഗ്ലാദേശ് ലെജന്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 13th June 2024, 10:17 pm

ടി-20 ലോകകപ്പിലെ 27ാം മത്സരത്തില്‍ ബംഗ്ലാദേശ് നെതര്‍ലന്‍ഡ്‌സിനെ നേരിടുകയാണ്. ഗ്രൂപ്പ് ഡി-യിലെ ക്ലാസിക് പോരാട്ടത്തിന് അര്‍ണോസ് വെയ്ല്‍ സ്‌റ്റേഡിയമാണ് വേദിയാകുന്നത്.

ഗ്രൂപ്പ് ഡി-യില്‍ നിന്നും നിലവില്‍ സൗത്ത് ആഫ്രിക്ക മാത്രമാണ് സൂപ്പര്‍ എട്ടിന് യോഗ്യത നേടിയത്. ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ രണ്ടാം സ്ഥാനത്തുള്ള ബംഗ്ലാദേശും മൂന്നാം സ്ഥാനത്തുള്ള നെതര്‍ലന്‍ഡ്‌സും തമ്മില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്ന ടീമിന് സൂപ്പര്‍ എട്ടിലേക്ക് ഒരു അടി കൂടി അടുക്കാന്‍ സാധിക്കും.

മത്സരത്തില്‍ ടോസ് നേടിയ നെതര്‍ലന്‍ഡ്‌സ് നായകന്‍ സ്‌കോട് എഡ്വാര്‍ഡ്‌സ് എതിരാളികളെ ബാറ്റിങ്ങിനയച്ചു.

തുടക്കം പാളിയെങ്കിലും ബംഗ്ലാദേശ് തിരിച്ചടിച്ചു. ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയും സൂപ്പര്‍ താരം ലിട്ടണ്‍ ദാസും ഓരോ റണ്‍സ് നേടി പുറത്തായി. ആര്യന്‍ ദത്താണ് ഇരുവരെയും മടക്കിയത്.

എന്നാല്‍ നാലാം നമ്പറിലെത്തിയ ഷാകിബ് അല്‍ ഹസന്‍ ഓപ്പണര്‍ തന്‍സിദ് ഹസനെ ഒപ്പം കൂട്ടി സ്‌കോര്‍ ഉയര്‍ത്തി. മൂന്നാം വിക്കറ്റില്‍ 48 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്.

ടീം സ്‌കോര്‍ 71ല്‍ നില്‍ക്കവെ തന്‍സിദ് ഹസനെ പുറത്താക്കി പോള്‍ വാന്‍ മീകരനാണ് ഡച്ച് ആര്‍മിക്ക് വേണ്ട ബ്രേക് ത്രൂ നല്‍കിയത്. 26 പന്തില്‍ 35 റണ്‍സാണ് താരം നേടിയത്.

പിന്നാലെയെത്തിയ തൗഹിദ് ഹൃദോയ് അധികം ഇംപാക്ട് ഉണ്ടാക്കാതെ കടന്നുപോയി.

ഫാന്‍ ഫേവറിറ്റായ മഹ്‌മദുള്ളയാണ് ശേഷം ക്രീസിലെത്തിയത്. ബംഗ്ലാദേശിനായി നിരവധി അന്താരാഷ്ട്ര മത്സരം കളിച്ചുള്ള അനുഭവ സമ്പത്ത് കൈമുതലാക്കിയ സൂപ്പര്‍ താരം ഷാകിബിന് വേണ്ട പിന്തുണ നല്‍കിയപ്പോള്‍ സ്‌കോര്‍ ബോര്‍ഡ് വീണ്ടും ചലിച്ചുതുടങ്ങി.

എന്നാല്‍ ടീം സ്‌കോര്‍ 130ല്‍ നില്‍ക്കവെ മീകരന്‍ വീണ്ടും ബംഗ്ലാ കൂട്ടുകെട്ട് പൊളിച്ചു. ബൗണ്ടറി ലൈനിന് സമീപം സൈബ്രന്‍ഡ് എന്‍ഗല്‍ബ്രെക്ടിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ മഹ്‌മദുള്ള മടങ്ങി.

21 പന്തില്‍ 25 റണ്‍സ് നേടിയാണ് താരം പുറത്തായത്. രണ്ട് സിക്‌സറും രണ്ട് ബൗണ്ടറിയുമടക്കം 119.05 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

ഡച്ച് പടയ്‌ക്കെതിരെ ആദ്യ സിക്‌സര്‍ നേടിയതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും മഹ്‌മദുള്ള സ്വന്തമാക്കിയിരുന്നു. ടി-20 ഫോര്‍മാറ്റില്‍ 200 സിക്‌സര്‍ എന്ന കരിയര്‍ മൈല്‍ സ്‌റ്റോണാണ് മഹ്‌മദുള്ള മറികടന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാം ബംഗ്ലാദേശ് താരമാണ് മഹ്‌മദുള്ള. തമീം ഇഖ്ബാല്‍ (235), ഷാകിബ് അല്‍ ഹസന്‍ (209) എന്നിവരാണ് ഇതിന് മുമ്പ് ടി-20യില്‍ 200 സിക്‌സര്‍ പൂര്‍ത്തിയാക്കിയത്.

ബാറ്റെടുത്ത 296ാം ഇന്നിങ്‌സിലാണ് മഹ്‌മദുള്ള സിക്‌സറില്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ബംഗ്ലാദേശ് നാഷണല്‍ ടീമിന് പുറമെ അബഹാനി ലിമിറ്റഡ്, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഇലവന്‍, ബംഗ്ലാദേശ് ഇലവന്‍, ബാരിഷല്‍ ബുള്‍സ്, ബസ്‌നഹിര ക്രിക്കറ്റ് ഡന്‍ഡി, ചാറ്റോഗ്രാം ചലഞ്ചേഴ്‌സ്, ചിറ്റഗോങ് കിങ്‌സ്, ധാക്ക ഡിവിഷന്‍, ഫോര്‍ച്യൂണ്‍ ബാരിഷല്‍, ഗാസി ഗ്രൂപ്പ് ക്രിക്കറ്റേഴ്‌സ്, ജെംകോണ്‍ ഖുല്‍ന, ജമൈക്ക താല്ലവസ്, ഖുല്‍ന ടൈറ്റന്‍സ്, മിനിസ്റ്റര്‍ ഗ്രൂപ്പ് ധാക്ക, ക്വേറ്റ ഗ്ലാഡിയേറ്റേഴ്‌സ്, സെന്റ് കിറ്റ്‌സ് നെവിസ് പേട്രിയറ്റ്‌സ് എന്നിവര്‍ക്ക് വേണ്ടിയാണ് ടി-20യില്‍ മഹ്‌മദുള്ള ബാറ്റെടുത്തത്.

 

അതേമയം, ഷാകിബ് അല്‍ ഹസന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് 159റണ്‍സ് നേടി. 46 പന്ത് നേരിട്ട് ഒമ്പത് ബൗണ്ടറികളുടെ അകമ്പടിയോടെ പുറത്താകാതെ 64 റണ്‍സാണ് ഷാകിബ് നേടിയത്.

അവസാന ഓവറുകളില്‍ ഏഴ് പന്തില്‍ 14 റണ്‍സടിച്ച ജാകിര്‍ അലിയുടെ കാമിയോയും ടീമിന് തുണയായി.

നെതര്‍ലന്‍ഡ്‌സിനായി പോള്‍ വാന്‍ മീകരനും ആര്യന്‍ ദത്തും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ടിം പ്രിംഗിള്‍ ഒരു വിക്കറ്റും നേടി.

 

Content highlight: T20 World Cup 2024: Mahmudullahh completed 200 T20 sixes