അവര്‍ ശ്രീലങ്കയോട് കാണിക്കുന്നത് കടുത്ത അനീതി; ഇന്ത്യയെ അടക്കം ലക്ഷ്യമിട്ട് ലോകകപ്പിനെതിരെ ആഞ്ഞടിച്ച് ശ്രീലങ്കന്‍ സൂപ്പര്‍ താരം
T20 world cup
അവര്‍ ശ്രീലങ്കയോട് കാണിക്കുന്നത് കടുത്ത അനീതി; ഇന്ത്യയെ അടക്കം ലക്ഷ്യമിട്ട് ലോകകപ്പിനെതിരെ ആഞ്ഞടിച്ച് ശ്രീലങ്കന്‍ സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 4th June 2024, 9:30 pm

 

 

ലോകകപ്പ് സംഘാടനത്തിലെ പോരായ്മകള്‍ക്ക് പിന്നാലെ യു.എസ്.എ ക്രിക്കറ്റ് ബോര്‍ഡിനെതിരെ രൂക്ഷവിമര്‍ശനവുമായി ശ്രീലങ്കന്‍ സൂപ്പര്‍ സ്പിന്നര്‍ മഹീഷ് തീക്ഷണ. പ്രാക്ടീസ് ഗ്രൗണ്ടുകളും മത്സരം നടക്കുന്ന ഗ്രൗണ്ടുകളും ഏറെ ദൂരെയാണെന്നും ഇക്കാരണത്താല്‍ തങ്ങള്‍ക്ക് ശരിയായ രീതിയില്‍ പ്രാക്ടീസ് നടത്താന്‍ സാധിക്കുന്നില്ലെന്നുമാണ് തീക്ഷണ അഭിപ്രായപ്പെട്ടത്.

ഇന്ത്യയടക്കമുള്ള ടീമുകള്‍ക്കെതിരെയുള്ള പരോക്ഷ വിമര്‍ശനവും തീക്ഷണയുടെ വാക്കുകളിലുണ്ടായിരുന്നു. ഇന്ത്യ ബംഗ്ലാദേശിനെതിരെ സന്നാഹ മത്സരം കളിച്ച അതേ ഗ്രൗണ്ടില്‍ തന്നെയാണ് മെന്‍ ഇന്‍ ബ്ലൂ ആദ്യ മത്സരവും കളിക്കുന്നത്.

 

‘ഒരേ ഗ്രൗണ്ടില്‍ തന്നെ സന്നാഹ മത്സരവും മറ്റ് മത്സരങ്ങളും കളിക്കുന്ന ഒരു ടീമിന്റെയും പേര് പറയാന്‍ എനിക്ക് സാധിക്കില്ല. ഇങ്ങനെ കളിക്കുന്നതിലൂടെ ആ ഗ്രൗണ്ടിന്റെ സ്വഭാവം വ്യക്തമായി മനസിലാക്കാന്‍ സാധിക്കും, എന്നാല്‍ മറ്റുള്ളവര്‍ക്ക് അതിന് കഴിയില്ല.

ഞങ്ങള്‍ സന്നാഹ മത്സരങ്ങള്‍ കളിച്ചത് ഫ്‌ളോറിഡയിലാണ്, ഞങ്ങളുടെ മൂന്നാം മത്സരവും ഫ്‌ളോറിഡയില്‍ തന്നെയാണ്. ഞാന്‍ പറയുന്ന കാര്യങ്ങള്‍ ചിലരെങ്കിലും ചിന്തിക്കുമെന്നും അടുത്ത വര്‍ഷം മുതല്‍ ശ്രദ്ധിക്കുമെന്നും കരുതുന്നു. ഈ വര്‍ഷം ഒന്നും തന്നെ മാറാന്‍ പോകുന്നില്ല,’ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ തീക്ഷണ പറഞ്ഞു.

‘ഞങ്ങളോട് കാണിച്ചത് വളരെ വലിയ അനീതിയാണ്. ഞങ്ങളുടെ നാല് മത്സരവും നാല് വേദികളിലാണ്. ഇക്കാരണത്താല്‍ ഓരോ മത്സരത്തിന് ശേഷവും ഞങ്ങള്‍ക്ക് ദൈര്‍ഘ്യമേറിയ യാത്രകള്‍ ചെയ്യേണ്ടി വരികയാണ്.

ഫ്‌ളോറിഡയില്‍ നിന്നും മയാമിയില്‍ നിന്നും ഫ്‌ളൈറ്റ് ലഭിക്കാന്‍ ഞങ്ങള്‍ കാത്തിരിക്കേണ്ടി വന്നത് എട്ട് മണിക്കൂറാണ്. രാത്രി എട്ട് മണിക്കായിരുന്നു ഞങ്ങള്‍ പോകേണ്ടിയിരുന്നത്. എന്നാല്‍ പുലര്‍ച്ച അഞ്ച് മണിക്കാണ് ഞങ്ങള്‍ക്കതിന് സാധിച്ചത്. ഇത് കടുത്ത അനീതിയാണ്. നിങ്ങള്‍ എവിടെ വെച്ചാണ് കളിക്കുന്നത് എന്നത് ഇതിന് ബാധകമാകുന്നില്ല.

ഹോട്ടലില്‍ നിന്നും പ്രാക്ടീസിന് ഒരു മണിക്കൂറും 40 മിനിട്ടുമാണ് ഞങ്ങള്‍ക്ക് യാത്ര ചെയ്യേണ്ടി വരുന്നത്. സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തിനായി ഗ്രൗണ്ടിലെത്താന്‍ ഞങ്ങള്‍ അഞ്ച് മണിക്ക് തന്നെ ഉണരേണ്ടി വന്നു,’ ലങ്കന്‍ സ്പിന്നര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സൗത്ത് ആഫ്രിക്കക്കെതിരെ നാണംകെട്ട തോല്‍വിയാണ് ശ്രീലങ്കക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. തങ്ങളുടെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോറാണ് ലങ്ക പ്രോട്ടിയാസിനെതിരെ കുറിച്ചത്.

ജൂണ്‍ എട്ടിനാണ് ശ്രീലങ്കയുടെ അടുത്ത മത്സരം. ബംഗ്ലാദേശാണ് എതിരാളികള്‍. ടെക്‌സസാണ് വേദി.

 

 

Content Highlight: T20 World Cup 2024: Mahessh Theekshana slams World Cup organizers