ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും എക്കോണോമിക്കായ സ്‌പെല്ലുമായി ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ലോക്കി ഫെര്‍ഗൂസന്‍. ഒറ്റ റണ്‍സ് പോലും വഴങ്ങാതെ നാല് ഓവറും എറിഞ്ഞ് തീര്‍ത്താണ് താരം റെക്കോഡിട്ടത്.
ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ പപ്പുവ ന്യൂ ഗിനിക്കെതിരായ മത്സരത്തിലാണ് കിവീസ് സൂപ്പര്‍ താരം ചരിത്രനേട്ടത്തിലേക്ക് നടന്നുകയറിയത്.
മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു.
2024 ടി-20 ലോകകപ്പിലെ അവസാന മത്സരം വിജയിച്ച് നാട്ടിലേക്ക് മടങ്ങണമെന്നും കരിയറിലെ അവസാന ടി-20 ലോകകപ്പ് മാച്ച് കളിക്കുന്ന ട്രെന്റ് ബോള്‍ട്ടിനെ വിജയത്തോടെ യാത്രയാക്കണമെന്നുമുറച്ചാണ് ന്യൂസിലാന്‍ഡ് കളത്തിലിറങ്ങിയത്.
കിവീസ് താരങ്ങളുടെ അനുഭവ സമ്പത്തിന് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ പോയ പപ്പുവ ന്യൂ ഗിനിക്ക് തുടക്കത്തിലേ പിഴച്ചു. ടീം സ്‌കോര്‍ മൂന്നില്‍ നില്‍ക്കവെ സൂപ്പര്‍ താരം ടോണി ഉരയെ പി.എന്‍.ജിക്ക് നഷ്ടമായി. രണ്ട് പന്തില്‍ ഒരു റണ്‍സാണ് താരം നേടിയത്. 16 പന്തില്‍ ആറ് റണ്‍സ് നേടി ക്യാപ്റ്റന്‍ അസദ് വാലയും പുറത്തായി.
ടോണി ഉരയെ ടിം സൗത്തി മടക്കിയപ്പോള്‍ ലോക്കി ഫെര്‍ഗൂസനാണ് ക്യാപ്റ്റനെ പുറത്താക്കിയത്.
എന്നാല്‍ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ചാള്‍സ് അമിനി, സെസെ ബൗ എന്നിവരെത്തിയതോടെ സ്‌കോര്‍ ബോര്‍ഡിന് അനക്കം വെച്ചു. എന്നാല്‍ ആ കൂട്ടുകെട്ടിന് അധികം ആയുസ് നല്‍കാതെ ലോക്കി ഫെര്‍ഗൂസന്‍ വീണ്ടും ഞെട്ടിച്ചു. ടീം സ്‌കോര്‍ 41ല്‍ നില്‍ക്കവെ 25 പന്തില്‍ 17 റണ്‍സ് നേടിയ അമിനി പുറത്തായി.
സ്‌കോര്‍ ബോര്‍ഡില്‍ അടുത്ത റണ്‍സ് കയറും മുമ്പ് ബൗവിനെ പുറത്താക്കി സാന്റ്‌നറും വിക്കറ്റ് വേട്ടയില്‍ പങ്കാളിയായി.
പിന്നാലെയെത്തിയവരില്‍ നോര്‍മന്‍ വാനുവ മാത്രമാണ് ഇരട്ടയക്കം കണ്ടത്. 13 പന്തില്‍ 14 റണ്‍സാണ് താരം നേടിയത്. പി.എന്‍.ജി നിരയില്‍ നൂറിന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുള്ളതും വാനുവക്കായിരുന്നു.
ഒടുവില്‍ 19.4 ഓവറില്‍ പി.എന്‍.ജി 78ന് പുറത്തായി.
ന്യൂസിലാന്‍ഡിനായി ലോക്കി ഫെര്‍ഗൂസന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ടീം സൗത്തി, ട്രെന്റ് ബോള്‍ട്ട്, ഇഷ് സോധി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. മിച്ചല്‍ സാന്റ്‌നറാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.
ഒരു അന്താരാഷ്ട്ര ടി-20 മത്സരത്തില്‍ എറിഞ്ഞ 24 പന്തിലും റണ്‍സ് വഴങ്ങാതിരുന്ന ഫെര്‍ഗൂസനാണ് ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചത്.
T20I ചരിത്രത്തില്‍ ഇത്തരമൊരു നേട്ടം ഇത് രണ്ടാം തവണയാണ്. 2021ലെ കാനഡ – പനാമ മത്സരത്തില്‍ സാദ് ബിന്‍ സഫറാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. 4-4-0-2 എന്നതായിരുന്നു താരത്തിന്റെ ബൗളിങ് ഫിഗര്‍.
ഇന്ന് പുലര്‍ച്ചെ നടന്ന നേപ്പാള്‍ – ബംഗ്ലാദേശ് മത്സരത്തില്‍ ബംഗ്ലാ താരം തന്‍സിം ഹസന്‍ സാകിബ് നേടിയ 21 ഡോട്ട് ബോളുകളുടെ റെക്കോഡാണ് വെറും മണിക്കൂറുകള്‍ക്കകം തകര്‍ന്നുവീണത്.
ന്യൂസിലാന്‍ഡ് പ്ലെയിങ് ഇലവന്‍
ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വേ (വിക്കറ്റ് കീപ്പര്‍), രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്സ്, മിച്ചല്‍ സാന്റ്നര്‍, ഇഷ് സോധി, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസന്‍, ട്രെന്റ് ബോള്‍ട്ട്.
പപ്പുവ ന്യൂ ഗിനി പ്ലെയിങ് ഇലവന്‍
ടോണി ഉര, ആസദ് വാല (ക്യാപ്റ്റന്‍), ചാള്‍സ് അമിനി, സെസെ ബൗ, ഹിരി ഹിരി, ചാഡ് സോപര്‍, കിപ്ലിന്‍ ഡോരിഗ (വിക്കറ്റ് കീപ്പര്‍), അലെയ് നാവോ, കോബുവ മോറെയ, സെമോ കമേര.
Content Highlight: T20 World Cup 2024: Lockie Ferguson’s historical bowling spell