ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ വിശ്വസ്തനായി സൂര്യകുമാര്‍ യാദവിന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ഗ്രൗണ്ടിന്റെ എല്ലാ കോണുകളിലേക്കും ഷോട്ടുകള്‍ പായിക്കുന്ന ഇന്ത്യയുടെ മിസ്റ്റര്‍ 360 ഡിഗ്രി ബാറ്റര്‍ ഐ.സി.സി റാങ്കിങ്ങിലും തന്റെ ആധിപത്യം നിലനിര്‍ത്തുകയാണ്.
ടി-20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിന് മുമ്പ് സൂര്യകുമാര്‍ യാദവിന്റെ പൊട്ടെന്‍ഷ്യലിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ പാക് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കമ്രാന്‍ അക്മല്‍.
സൂര്യകുമാര്‍ യാദവ് മികച്ച താരമാണെങ്കിലും പാകിസ്ഥാനെതിരെ താരത്തിന് മികച്ച രീതിയില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും ലോക ഒന്നാം നമ്പര്‍ താരമാണെങ്കില്‍ പാകിസ്ഥാനെതിരെ അവന്‍ റണ്ണെടുക്കണമെന്നും അക്മല്‍ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് കമ്രാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തെ കുറിച്ച് സംസാരിച്ചത്.
‘വിരാട് കോഹ്‌ലിയാണ് മികച്ച ബാറ്റര്‍. വലിയ ടൂര്‍ണമെന്റുകളില്‍ തനിക്കെന്ത് ചെയ്യാന്‍ സാധിക്കുമെന്ന് രോഹിത് ശര്‍മയും പലപ്പോഴായി തെളിയിച്ചതാണ്. സൂര്യകുമാര്‍ യാദവ് ഈ ഫോര്‍മാറ്റിലെ വലിയ പേരുകാരില്‍ ഒരാളാണ്, പക്ഷേ അവന്‍ പാകിസ്ഥാനെതിരെ ഇതുവരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ല. അവന്‍ നമ്പര്‍ വണ്‍ താരമാണെങ്കില്‍ അവന്‍ പാകിസ്ഥാനെതിരെ സ്‌കോര്‍ ചെയ്യണം.
എന്നിരുന്നാലും വളരെ വേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്ന താരമാണ് സൂര്യകുമാര്‍. അവന്‍ മറ്റ് ടീമുകള്‍ക്കെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആ മത്സരങ്ങളില്‍ അവന്റെ ബാറ്റിങ് കാണുന്നത് തന്നെ രസമാണ്,’ അക്മല്‍ പറഞ്ഞു.
ടി-20 ഫോര്‍മാറ്റില്‍ നാല് മത്സരങ്ങളില്‍ സ്‌കൈ പാകിസ്ഥാനെതിരെ നാല് മത്സരത്തില്‍ കളത്തിലിറങ്ങിയിട്ടുണ്ട്. രണ്ട് തവണ ടി-20 ലോകകപ്പിലും രണ്ട് തവണ ഏഷ്യാ കപ്പിലും. നാല് മത്സരത്തില്‍ നിന്നും 57 റണ്‍സ് മാത്രമാണ് സൂര്യകുമാറിന് നേടാന്‍ സാധിച്ചത്.
2021 ലോകകപ്പില്‍ എട്ട് പന്ത് നേരിട്ട് 11 റണ്‍സ് നേടിയപ്പോള്‍ 2022ല്‍ പത്ത് പന്തില്‍ 15 റണ്‍സാണ് നേടിയത്.
2022 ഏഷ്യാ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ 18 പന്തില്‍ 18 റണ്‍സ് നേടിയ സ്‌കൈ സൂപ്പര്‍ ഫോറില്‍ പത്ത് പന്തില്‍ 13 റണ്‍സും നേടി മടങ്ങി.
ഈ ലോകകപ്പില്‍ മികച്ച രീതിയിലല്ല സ്‌കൈ ആരംഭിച്ചത്. അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ നാല് പന്ത് നേരിട്ട് രണ്ട് റണ്‍സാണ് സൂര്യ നേടിയത്.
ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരായ വിജയത്തോടെ ലോകകപ്പ് ക്യാംപെയ്ന്‍ ആരംഭിച്ച ഇന്ത്യ പാകിസ്ഥാനെതിരെയും വിജയിച്ച് മുമ്പോട്ടുള്ള കുതിപ്പ് തുടരാനാണ് ഒരുങ്ങുന്നത്. ടി-20 ലോകകപ്പില്‍ പാകിസ്ഥാന് മേലുള്ള മൃഗീയ ആധിപത്യം തുടരുക എന്നതും ഇന്ത്യക്ക് മുമ്പിലുള്ള പ്രധാന ലക്ഷ്യമാണ്.
അമേരിക്കയോട് നാണംകെട്ട് പരാജയപ്പെട്ടാണ് പാകിസ്ഥാന്‍ രണ്ടാം മത്സരത്തിനിറങ്ങുന്നത്. സൂപ്പര്‍ ഓവറിലാണ് അമേരിക്ക പാകിസ്ഥാനെ തകര്‍ത്ത് ലോകകപ്പിലെ കറുത്ത കുതിരകളാകാന്‍ ഒരുങ്ങുന്നത്. പാകിസ്ഥാനെതിരെ അമേരിക്ക മിന്നും പ്രകടനമാണ് കാഴ്ചവെച്ചതെങ്കിലും ബാബറിന്റെയും സംഘത്തിന്റെയും പിഴവുകളാണ് മെന്‍ ഇന്‍ ഗ്രീനിന് തിരിച്ചടിയായത്.
അതേസമയം, മത്സരത്തില്‍ ടോസ് വിജയിച്ച പാക് നായകന്‍ ബാബര്‍ അസം ഫീല്‍ഡിങ് തെരഞ്ഞെടുത്തു. മാറ്റമില്ലാത്ത ഇലവനുമായി ഇന്ത്യ ഇറങ്ങുമ്പോള്‍ ഒരു മാറ്റമാണ് പാകിസ്ഥാന്‍ വരുത്തിയിട്ടുള്ളത്. അസം ഖാന് പകരം ഇമാദ് വസീം പാകിസ്ഥാനായി കളത്തിലിറങ്ങും.
മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ബാബര്‍ അസം (ക്യാപ്റ്റന്‍), ഉസ്മാന്‍ ഖാന്‍, ഫഖര്‍ സമാന്‍, ഷദാബ് ഖാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഇമാദ് വസീം, ഷഹീന്‍ അഫ്രിദി, നസീം ഷാ, മുഹമ്മദ് ആമിര്‍, ഹാരിസ് റൗഫ്.
Content Highlight: T20 World Cup 2024: Kamran Akmal about Suryakumar Yadav