ടി-20 ലോകകപ്പിലെ ഇന്ത്യ – അയര്‍ലന്‍ഡ് മത്സരം ന്യൂയോര്‍ക്കിലെ ഈസ്റ്റ് മെഡോയില്‍ തുടരുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബൗളിങ് തെരഞ്ഞെടുക്കുകയും പേസര്‍മാരുടെ കരുത്തില്‍ ഐറിഷ് പടയെ വെറും 96 റണ്‍സിന് പുറത്താക്കുകയുമായിരുന്നു.
ഇന്ത്യന്‍ പേസര്‍മാരുടെ മികച്ച പ്രകടനത്തില്‍ അയര്‍ലന്‍ഡ് ബാറ്റര്‍മാര്‍ താളം കണ്ടെത്താന്‍ പാടുപെടുകയായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ ഐറിഷ് പടയ്ക്ക് മേല്‍ സമ്മര്‍ദം കൊടുത്തുകൊണ്ടേയിരുന്നു.
14 പന്തില്‍ 26 റണ്‍സ് നേടിയ ഗാരത് ഡെലാനിയാണ് അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോറര്‍.
ഇന്ത്യക്കായി ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങ്ങും രണ്ട് വിക്കറ്റ് വീതം നേടി. ഗാരത് ഡെലാനി റണ്‍ ഔട്ടായപ്പോള്‍ അക്‌സര്‍ പട്ടേലും മുഹമ്മദ് സിറാജും ഓരോ വിക്കറ്റും നേടി.
ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ നിരയില്‍ ഏറ്റവും മികച്ച എക്കോണമിയില്‍ പന്തെറിഞ്ഞത്. ഒരു മെയ്ഡന്‍ അടക്കം മൂന്ന് ഓവര്‍ പന്തെറിഞ്ഞ താരം ആറ് റണ്‍സ് മാത്രമാണ് വഴങ്ങിയത്. 2.0 ആണ് മത്സരത്തിലെ താരത്തിന്റെ എക്കോണമി.
അയര്‍ലന്‍ഡിനെതിരെ റണ്‍ വഴങ്ങാതെ ഒരു ഓവര്‍ എറിഞ്ഞ് പൂര്‍ത്തിയാക്കിയതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ബുംറയെ തേടിയെത്തിയത്. അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം മെയ്ഡന്‍ ഓവറുകള്‍ മൂന്നാമത് എറിയുന്ന താരമെന്ന നേട്ടമാണ് ബുംറ സ്വന്തമാക്കിയത്. ഐ.സി.സി ഫുള്‍ മെമ്പര്‍ ടീമുകളുടെ പട്ടികയെടുക്കുമ്പോള്‍ ഒന്നാമനാണ് ബുംറ.
ഇത് 11ാം തവണയാണ് ബൂം ബൂം ഒരു ഓവറില്‍ ഒറ്റ റണ്‍സ് പോലും വഴങ്ങാതെ പന്തെറിയുന്നത്. 10 മെയ്ഡന്‍ സ്വന്തമാക്കിയ ഭുവനേശ്വര്‍ കുമാറിനെ മറികടന്നാണ് ബുംറ റെക്കോഡിട്ടത്.
അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം മെയ്ഡന്‍ ഓവര്‍ എറിഞ്ഞ താരങ്ങള്‍
(താരം – ടീം – മെയ്ഡന്‍ ഓവര്‍ എന്നീ ക്രമത്തില്‍)
ഫ്രാങ്ക് എന്‍സുബുഗ – ഉഗാണ്ട – 15
ഷെം എന്‍ഗോച്ചെ – കെനിയ – 12
ജസ്പ്രീത് ബുംറ – ഇന്ത്യ – 11*
ഭുവനേശ്വര്‍ കുമാര്‍ – ഇന്ത്യ – 10
ഗുലാം അഹമ്മദി – ജര്‍മനി – 10
ദിനേഷ് നക്രാണി – ഉഗാണ്ട – 8
ഹെന്‌റി സെന്യാഡോ – ഉഗാണ്ട – 8
ഇതിന് പുറമെ മറ്റൊരു നേട്ടവും ബുംറ സ്വന്തമാക്കി. ക്രിക്കറ്റിന്റെ ഓരോ ഫോര്‍മാറ്റിലും ഏറ്റവുമധികം മെയ്ഡന്‍ ഓവറുകളെറിഞ്ഞ താരങ്ങള്‍ക്കിടയില്‍ ഒന്നാമനായിരിക്കുകയാണ് ബുംറ. (ഫുള്‍ മെമ്പര്‍ ടീമുകളെ പരിഗണിക്കുമ്പോള്‍)
ടെസ്റ്റ് – മുത്തയ്യ മുരളീധരന്‍ (ശ്രീലങ്ക) – 1794
ഏകദിനം – ഷോണ്‍ പൊള്ളോക്ക് (സൗത്ത് ആഫ്രിക്ക) – 313
ടി-20 – ജസ്പ്രീത് ബുംറ (ഇന്ത്യ) – 11*
അതേസമയം, അയര്‍ലന്‍ഡ് ഉയര്‍ത്തിയ 97 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. വിരാട് കോഹ്‌ലിയെയാണ് ഇന്ത്യക്ക് നഷ്ടമായത്. അഞ്ച് പന്തില്‍ ഒരു റണ്‍സ് നേടിയാണ് താരം പുറത്തായത്.
നിലവില്‍ നാല് ഓവര്‍ പിന്നിടുമ്പോള്‍ 29 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. 15 പന്തില്‍ 20 റണ്‍സുമായി രോഹിത് ശര്‍മയും നാല് പന്തില്‍ അഞ്ച് റണ്‍സുമായി റിഷബ് പന്തുമാണ് ക്രീസില്‍.
ഇന്ത്യ പ്ലെയിങ് ഇലവന്‍
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.
അയര്‍ലന്‍ഡ് പ്ലെയിങ് ഇലവന്‍
പോള്‍ സ്‌റ്റെര്‍ലിങ് (ക്യാപ്റ്റന്‍), ആന്‍ഡ്രൂ ബാല്‍ബിര്‍ണി, ലോര്‍കന്‍ ടക്കര്‍ (വിക്കറ്റ് കീപ്പര്‍), ഹാരി ടെക്ടര്‍, കര്‍ട്ടിസ് കാംഫര്‍, ജോര്‍ജ് ഡോക്രെല്‍, ഗാരത് ഡെലാനി, മാര്‍ക് അഡയര്‍, ബാരി മക്കാര്‍ത്തി, ജോഷ്വ ലിറ്റില്‍, ബെഞ്ചമിന്‍ വൈറ്റ്.
Content Highlight: T20 World Cup 2024: Jasprit Bumrah tops the list of most T20I maiden overs among full member teams