| Saturday, 29th June 2024, 7:33 pm

ബുംറ രോഹിത്തിന്റെ മാത്രം വജ്രായുധം; കോഹ്‌ലിയെക്കാളും ധോണിയെക്കാളും ആക്രമണകാരിയായത് രോഹിത്തിന് കീഴില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിന്റെ ഫൈനലിന് ഇനി നിമിഷങ്ങളുടെ മാത്രം കാത്തിരിപ്പാണുള്ളത്. ജൂണ്‍ 29ന് ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ സൗത്ത് ആഫ്രിക്കയെ നേരിടാനൊരുങ്ങുകയാണ്.

ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. 68 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഇന്ത്യ ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ക്ക് 16.3 ഓവറില്‍ വെറും 103 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

അതേസമയം, ആദ്യ സെമിയില്‍ അഫ്ഗാനിസ്ഥാനെതിരെ 9 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ സൗത്ത് ആഫ്രിക്കയെയാണ് ഇന്ത്യ ഫൈനലില്‍ നേരിടുക.

ലോകകപ്പിലുടനീളം ബൗളര്‍മാര്‍ പുലര്‍ത്തിയ മികവ് ഫൈനലിലും ആവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് തങ്ങളുടെ ചരിത്രത്തിലെ രണ്ടാം ടി-20 കിരീടം നേടാന്‍ സാധിക്കും. അങ്ങനെ സംഭവിച്ചാല്‍ ഒരു പതിറ്റാണ്ടിലേറെയായി ഐ.സി.സി കിരീടം നേടാന്‍ സാധിക്കാതെ പോയവരെന്ന അപമാന ഭാരം കഴുകിക്കളയാനും ഇന്ത്യക്കാകും.

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയില്‍ തന്നെയാണ് ഇന്ത്യ വിശ്വാസമര്‍പ്പിക്കുന്നത്. ആദ്യ രണ്ട് മത്സരത്തിലും പ്ലെയര്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ട ബുംറയെ ചുറ്റിപ്പറ്റിയാണ് ഇന്ത്യയുടെ ബൗളിങ് തന്ത്രങ്ങളും ഒരുങ്ങുന്നത്.

ഈ ലോകകപ്പില്‍ കളിച്ച ഏഴ് മത്സരത്തില്‍ നിന്നും 13 വിക്കറ്റാണ് താരം സ്വന്തമാക്കിയത്. 4.12 എന്ന തകര്‍പ്പന്‍ എക്കോണമിയിലും 8.15 ശരാശരിയിലുമാണ് താരം പന്തെറിയുന്നത്. സ്‌ട്രൈക്ക് റേറ്റാകട്ടെ 11.84ഉം.

രോഹിത് ശര്‍മക്ക് കീഴിലെത്തിയപ്പോഴാണ് ബുംറയെന്ന ഇന്ത്യയുടെ വജ്രായുധത്തിന് മൂര്‍ച്ചയേറിയത്. ധോണിയുടെയും വിരാടിന്റെയും ക്യാപ്റ്റന്‍സിയേക്കാളേറെ മികച്ച എക്കോണമിയില്‍ ബുംറ പന്തെറിയുന്നത് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിലാണ്.

2022 ലോകകപ്പില്‍ ബുംറക്ക് കളിക്കാന്‍ സാധിച്ചിരുന്നില്ല. അതിന് മുമ്പുള്ള ലോകകപ്പുകളിലാണ് ബുംറ വിരാടിനും ധോണിക്കും കീഴില്‍ കളത്തിലിറങ്ങിയത്.

ഓരോ ക്യാപ്റ്റന് കീഴിലും ബുംറയുടെ ലോകകപ്പ് പ്രകടനങ്ങള്‍

(എക്കോണമി – ക്യാപ്റ്റന്‍ – മത്സരം – വിക്കറ്റ് എന്നീ ക്രമത്തില്‍)

4.2 – രോഹിത്തിന് കീഴില്‍ – 7 മത്സരം – 13 വിക്കറ്റ്

5.2 – വിരാടിന് കീഴില്‍ – 5 മത്സരങ്ങള്‍ – 7 വിക്കറ്റ്

7.7 – ധോണിക്ക് കീഴില്‍ – 5 മത്സരങ്ങള്‍ – 4 വിക്കറ്റ്

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയാണ് ബുംറയും രോഹിത്തും കാലങ്ങളായി കളിക്കുന്നത്. ഇവര്‍ക്കിടയിലുള്ള കെമിസ്ട്രിയും ഓരോ മാച്ചിന് ശേഷമുള്ള ബുംറയുടെ എക്‌സ്പീരിയന്‍സും ഈ നേട്ടത്തിന് കാരണമായിട്ടുണ്ട്.

ഇതിന് പുറമെ അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം തവണ നാലില്‍ താഴെ എക്കോണമിയില്‍ പന്തെറിഞ്ഞ താരങ്ങളുടെ പട്ടികയിലും ബുംറ ഒന്നാം സ്ഥാനത്തെത്തി.

ടി-20ഐയില്‍ ഏറ്റവുമധികം തവണ നാലില്‍ താഴെ എക്കോണമിയില്‍ പന്തെറിഞ്ഞ താരങ്ങള്‍

(താരം – ടീം – എത്ര തവണ ഈ നേട്ടം സ്വന്തമാക്കി എന്ന ക്രമത്തില്‍)

ജസ്പ്രീത് ബുംറ – ഇന്ത്യ – 6*

ആന്റിക് നോര്‍ക്യ – സൗത്ത് ആഫ്രിക്ക – 5

അജന്ത മെന്‍ഡിസ് – ശ്രീലങ്ക – 5

ടിം സൗത്തി – ന്യൂസിലാന്‍ഡ് – 5

വെയ്ന്‍ പാര്‍ണെല്‍ – സൗത്ത് ആഫ്രിക്ക – 5

സ്റ്റാറ്റ്‌സ്: ക്രിക്കറ്റ് പാണ്ട

Also Read അര്‍ജന്റീനക്ക് വീണ്ടും തിരിച്ചടി; മെസിക്ക് പിന്നാലെ ടീമിന്റെ നെടുംതൂണും പുറത്ത്

Also Read റൊണാൾഡോയും കൂട്ടരും ഒന്ന് സൂക്ഷിച്ചോ! പ്രീക്വാർട്ടറിൽ പോർച്ചുഗലിനെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി

Also Read രോഹിത്തിന്റെ യോഗ്യത ഇതാണ്, ആറ് മാസം മുമ്പ് അവനോട് ചെയ്തത് ഓര്‍മയുണ്ടോ; രോഹിത് ശര്‍മയെ പ്രശംസിച്ച് ഗാംഗുലി

Content highlight: T20 World Cup 2024: Jasprit Bumrah’s performance under Rohit Sharma’s captaincy

We use cookies to give you the best possible experience. Learn more