| Saturday, 15th June 2024, 9:41 pm

എട്ട് പോയിന്റില്ല, മഴയില്‍ കുതിര്‍ന്ന് മത്സരം; ഇതുവരെ ഒറ്റ മത്സരം പോലും കളിക്കാതെ സഞ്ജുവടക്കം നാല് പേര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിലെ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം മോശം കാലാവസ്ഥ മൂലം ഉപേക്ഷിച്ചിരിക്കുകയാണ്. ഫ്‌ളോറിഡയില്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന കാനഡക്കെതിരായ മത്സരമാണ് മഴമൂലം ഉപേക്ഷിച്ചത്.

ഇതോടെ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരത്തിലും വിജയിച്ച് സൂപ്പര്‍ 8 മത്സരങ്ങള്‍ക്കിറങ്ങാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്ക് മേലും കാര്‍മേഘം ഉരുണ്ടുകൂടി.

നാല് മത്സരത്തില്‍ നിന്നും മൂന്ന് ജയവും ഒരു സമനിലയും ഉള്‍പ്പെടെ ഏഴ് പോയിന്റാണ് ഇന്ത്യക്കുള്ളത്. അവസാന മത്സരം ഉപേക്ഷിക്കപ്പെട്ടെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്‍മാരായി തന്നെയാണ് ഇന്ത്യ കുതിക്കുന്നത്.

ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച മൂന്ന് മത്സരത്തിലും ഇന്ത്യ ഒരേ ഇലവനെ തന്നെയാണ് കളത്തിലിറക്കിയത്. ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പ് മുതല്‍ ബാറ്റിങ്ങിലെ വിവിധ മേഖലകള്‍ തുടര്‍പരാജയമായിട്ടും ഇന്ത്യ ഒരേ പ്ലെയിങ് ഇലവനില്‍ തന്നെ ഉറച്ചുനിന്നു.

ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും അവസാനിക്കുമ്പോള്‍ നാല് സൂപ്പര്‍ താരങ്ങള്‍ക്ക് ഇതുവരെ കളത്തിലിറങ്ങാന്‍ സാധിച്ചിട്ടില്ല.

ഓപ്പണര്‍ ബാറ്റര്‍ യശസ്വി ജെയ്‌സ്വാള്‍, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍, വലംകയ്യന്‍ ലെഗ് സ്പിന്നര്‍ യൂസ്വേന്ദ്ര ചഹല്‍, ഇടംകയ്യന്‍ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവര്‍ക്കാണ് ഇനിയും ലോകകപ്പില്‍ കളത്തിലിറങ്ങാന്‍ സാധിക്കാതെ പോയത്. ഇവരില്‍ മൂന്ന് പേരും രാജസ്ഥാന്‍ റോയല്‍സിന്റെ താരങ്ങളാണ് എന്നതാണ് ഇതിലെ മറ്റൊരു പ്രത്യേകത.

ശേഷിക്കുന്ന മത്സരങ്ങള്‍ വെസ്റ്റ് ഇന്‍ഡീസ് സാഹചര്യങ്ങളിലായതിനാല്‍ ഇന്ത്യയുടെ കോംബിനേഷനില്‍ മാറ്റം വരാനും ഇതുവരെ ബെഞ്ചിലിരുന്ന താരങ്ങള്‍ക്ക് കളത്തിലിറങ്ങാനും സാധിച്ചേക്കും.

ജൂണ്‍ 20നാണ് സൂപ്പര്‍ 8ലെ ഇന്ത്യയുടെ ആദ്യ മത്സരം. അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍. രണ്ടാം മത്സരത്തിനുള്ള എതിരാളികള്‍ ആരെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. മൂന്നാം മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയിറങ്ങുക.

സൂപ്പര്‍ 8ലെ ഇന്ത്യയുടെ മത്സരങ്ങള്‍

(ദിവസം – എതിരാളികള്‍ – വേദി എന്നീ ക്രമത്തില്‍)

ജൂണ്‍ 20 vs അഫ്ഗാനിസ്ഥാന്‍ – കെന്‍സിങ്ടണ്‍ ഓവല്‍.

ജൂണ്‍ 22 vs TBD – സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്‌റ്റേഡിയം.

ജൂണ്‍ 24 vs ഓസ്‌ട്രേലിയ – ഡാരന്‍ സമി ക്രിക്കറ്റ് ഗ്രൗണ്ട്.

Content Highlight: T20 World Cup 2024: India vs Canada match washed out due to wet outfield

We use cookies to give you the best possible experience. Learn more