2024 ടി-20 ലോകകപ്പില്‍ ഇന്ത്യ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിനിറങ്ങുകയാണ്. സെന്‍ട്രല്‍ ബ്രൊവാര്‍ഡ് റീജ്യണല്‍ പാര്‍ത്തില്‍ നടക്കുന്ന മത്സരത്തില്‍ അമേരിക്കാസ് ക്വാളിഫയര്‍ ജയിച്ചെത്തിയ കാനഡയാണ് എതിരാളികള്‍.
ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച മൂന്ന് മത്സരത്തില്‍ മൂന്നിലും വിജയിച്ച ഇന്ത്യ ഗ്രൂപ്പ് എ-യില്‍ നിന്നും സൂപ്പര്‍ 8ല്‍ പ്രവേശിച്ചിരുന്നു. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ വിജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെതിരെയും ജയം സ്വന്തമാക്കിയിരുന്നു. ന്യൂയോര്‍ക്കില്‍ അമേരിക്കക്കെതിരെ നടന്ന മത്സരത്തില്‍ വിജയിച്ചതോടെയാണ് ഇന്ത്യ സൂപ്പര്‍ 8ല്‍ പ്രവേശിച്ചത്.
കാനഡക്കെതിരെ നടക്കുന്ന മത്സരത്തിലും വിജയിക്കാന്‍ സാധിച്ചാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ സര്‍വാധിപത്യം പുലര്‍ത്തിക്കൊണ്ട് സൂപ്പര്‍ 8 മത്സരങ്ങള്‍ക്കിറങ്ങാന്‍ ഇന്ത്യക്ക് സാധിക്കും.
അതേസമയം, കാനഡക്കെതിരെ വിജയിച്ചാല്‍ മറ്റൊരു ചരിത്ര നേട്ടവും ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. ടി-20 ലോകകപ്പുകളില്‍ ഏറ്റവുമധികം മത്സരത്തില്‍ വിജയിച്ച ടീം എന്ന നേട്ടമാണ് ഇന്ത്യയെ തേടിയെത്തുക. നിലവില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
ഒന്നാം സ്ഥാനത്തുള്ള ശ്രീലങ്കയെക്കാള്‍ ഒരു വിജയം മാത്രമാണ് ഇന്ത്യക്ക് കുറവുള്ളത്. ഫ്‌ളോറിഡയിലും ഇന്ത്യ വിജയം കൊയ്താല്‍ ലങ്കക്കൊപ്പം ഒന്നാമതെത്താന്‍ ഇന്ത്യക്കാകും.
ടി-20 ലോകകപ്പുകളില്‍ ഏറ്റവുമധികം മത്സരങ്ങള്‍ വിജയിച്ച ടീം
(ടീം – വിജയം എന്നീ ക്രമത്തില്‍)
ശ്രീലങ്ക – 32
ഇന്ത്യ – 31
പാകിസ്ഥാന്‍ – 29
ഓസ്‌ട്രേലിയ – 28
സൗത്ത് ആഫ്രിക്ക – 28
എന്നാല്‍, കാനഡക്കെതിരായ മത്സരത്തില്‍ മഴ വില്ലനായേക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മത്സരത്തിന് ഇനിയും ടോസ് ഇട്ടിട്ടില്ല. എട്ട് മണിക്ക് നടന്ന പരിശോധനയില്‍ ഔട്ട്ഫീല്‍ഡില്‍ ഈര്‍പ്പം നിലനില്‍ക്കുന്നുണ്ടെന്നാണ് വിലയിരുത്തിയിരിക്കുന്നത്. ഒമ്പത് മണിക്കാണ് അടുത്ത ഇന്‍സ്‌പെക്ഷന്‍.
Lauderhill, Florida 📍
The toss between India and Canada has been delayed due to a wet outfield with the next inspection at 10:30 AM local time.#T20WorldCup | #INDvCAN | 📝: https://t.co/ebhgt3c1ZD pic.twitter.com/PEQgkYjW3s
— ICC (@ICC) June 15, 2024
കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന അയര്‍ലന്‍ഡ് – യു.എസ്.എ മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഇതോടെ പോയിന്റ് ഇരുടീമുകള്‍ക്കുമായി പങ്കുവെക്കുകയും നാല് മത്സരത്തില്‍ അഞ്ച് പോയിന്റ് നേടിയ യു.എസ്.എ സൂപ്പര്‍ 8ന് യോഗ്യത നേടുകയും ചെയ്തിരുന്നു.
യു.എസ്.എ മുമ്പോട്ട് കുതിച്ചതോടെ പാകിസ്ഥാന്‍ ലോകകപ്പില്‍ നിന്നും പുറത്തായി. ഗ്രൂപ്പ് എ-യില്‍ മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് വിജയം മാത്രമാണ് പാകിസ്ഥാന് നേടാന്‍ സാധിച്ചത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് പാകിസ്ഥാന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുന്നത്.
Content Highlight: T20 World Cup 2024: India need one win to equal Sri Lanka’s record of most wins in T20 World Cup