| Monday, 10th June 2024, 1:25 am

തീയുണ്ടകളേക്കാള്‍ വലിയ പടക്കോപ്പുകള്‍ ഇവിടെയുണ്ടെന്ന് മറന്നുപോയോ; ഇന്ത്യയുടെ ബൗളര്‍മാരാടാ... കയ്യടിക്കടാ...

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ. ന്യൂയോര്‍ക്കില്‍ നടന്ന ലോ സ്‌കോറിങ് ത്രില്ലറില്‍ ആറ് റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 120 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ 113 പാകിസ്ഥാന് റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19 ഓവറില്‍ 119റണ്‍സിന് പുറത്തായി.

ഓപ്പണര്‍ ഇരുവരെയും വളരെ പെട്ടെന്ന് തന്നെ ഇന്ത്യക്ക് നഷ്ടമായിരുന്നു. വിരാട് കോഹ്‌ലി മൂന്ന് പന്തില്‍ നാല് റണ്‍സ് നേടി മടങ്ങിയപ്പോള്‍ 12 പന്തില്‍ 13 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്തായത്.

മൂന്നാം വിക്കറ്റില്‍ റിഷബ് പന്തും അക്‌സര്‍ പട്ടേലും ചേര്‍ന്ന് ചെറുത്തുനിന്നു. ഇരുവരുടെയും ചെറുത്തുനില്‍പാണ് ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്. റിഷബ് പന്ത് 31 പന്തില്‍ 42 റണ്‍സ് നേടിയപ്പോള്‍ 18 പന്തില്‍ നിന്നും 20 റണ്‍സാണ് അക്‌സര്‍ പട്ടേല്‍ നേടിയത്.

ഒടുവില്‍ 119 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടായി.

ഇന്ത്യന്‍ നിരയില്‍ ഏഴ് താരങ്ങളാണ് ഇരട്ടയക്കം കാണാതെ പുറത്തായത്. ഇതില്‍ രണ്ട് താരങ്ങള്‍ ഗോള്‍ഡന്‍ ഡക്കുമായിരുന്നു.

രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുംറയുമാണ് ഫസ്റ്റ് ബോള്‍ ഡക്കായി മടങ്ങിയത്. മുഹമ്മദ് ആമിറിന്റെ പന്തില്‍ ഇമാദ് വസീമിന് ക്യാച്ച് നല്‍കി ജഡേജ മടങ്ങിയപ്പോള്‍ ഹാരിസ് റൗഫിന്റെ പന്തിലാണ് ബുംറ പുറത്തായത്. ഇമാദ് വസീം തന്നെയാണ് ഇത്തവണയും ക്യാച്ച് കൈപ്പിടിയിലൊതുക്കിയത്.

പാകിസ്ഥാനായി നസീം ഷായും ഹാരിസ് റൗഫും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ മുഹമ്മദ് ആമിര്‍ രണ്ടും ഷഹീന്‍ അഫ്രിദി ഒരു വിക്കറ്റും നേടി.

120 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ പാകിസ്ഥാന് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കളമറിഞ്ഞ് കളിച്ചപ്പോള്‍ പാകിസ്ഥാന് അടി തെറ്റി.

ടീം സ്‌കോര്‍ 26ല്‍ നില്‍ക്കവെ ആദ്യ വിക്കറ്റായി ബാബര്‍ അസം പുറത്തായി. പത്ത് പന്തില്‍ 13 റണ്‍സാണ് താരം നേടിയത്. പിന്നാലെയെത്തിയ ഉസ്മാന്‍ ഖാന്‍ (15 പന്തില്‍ 13), ഫഖര്‍ സമാന്‍ (എട്ട് പന്തില്‍ 13) എന്നിവര്‍ സ്‌കോര്‍ ബോര്‍ഡിനെ അധികം സ്വാധീനിക്കാതെ കടന്നുപോയി.

44 പന്തില്‍ 31 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനാണ് ടീമിന്റെ ടോപ് സ്‌കോറര്‍.

അവസാന അഞ്ച് ഓവറുകളിലാണ് ഇന്ത്യ കളി പിടിച്ചത്. 30 പന്തില്‍ 37 റണ്‍സ് മാത്രമായിരുന്നു പാകിസ്ഥാന് വിജയിക്കാവന്‍ വേണ്ടിയിരുന്നത്. ആറ് വിക്കറ്റും കയ്യിലുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍മാര്‍ ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ രക്ഷകരായി.

ഇന്ത്യക്കായി ബുറ നാല് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടി. ഹര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അക്‌സര്‍ പട്ടേലും അര്‍ഷ്ദീപ് സിങ്ങും ഓരോ വിക്കറ്റും നേടി.

മികച്ച ബൗളിങ് പ്രകടനത്തിന് പിന്നാലെ ജസ്പ്രീത് ബുംറയെയാണ് കളിയിലെ താരമായി തെരഞ്ഞെടുത്തത്. അയര്‍ലന്‍ഡിനെതിരായ മത്സരത്തിലും ബുംറ തന്നെയായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്.

ഈ വിജയത്തിന് പിന്നാലെ നാല് പോയിന്റോടെ ഗ്രൂപ്പ് എ സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതാണ് ഇന്ത്യ.

ജൂണ്‍ 12നാണ് ഇന്ത്യയുടെ അടുത്ത മത്സരം. ന്യൂയോര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ അമേരിക്കയാണ് എതിരാളികള്‍.

CONTENT HIGHLIGHT: T20 World Cup 2024: India defatted Pakistan

We use cookies to give you the best possible experience. Learn more