ടി-20 ലോകകപ്പില്‍ ഇന്ത്യ ബിഗ് ഇവന്റിന്റെ സഹ ആതിഥേയരായ അമേരിക്കയെ നേരിടുകയാണ്. ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയമാണ് ക്ലാസിക് പോരാട്ടത്തിന് വേദിയാകുന്നത്. ന്യൂയോര്‍ക്കിലെ അവസാന ലോകകപ്പ് മത്സരമാണിത്. അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യ അമേരിക്കയെ നേരിടുന്നത്.
ഗ്രൂപ്പ് എ-യില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയും രണ്ടാം സ്ഥാനക്കാരായ അമേരിക്കയും തമ്മിലുള്ള പോരാട്ടത്തില്‍ ആരാധകര്‍ ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട്. നേരത്തെ പാകിസ്ഥാനെ സൂപ്പര്‍ ഓവറില്‍ പരാജയപ്പെടുത്തിയ ടീമിനെ ഇന്ത്യന്‍ ടീമും ആരാധകരും ഒരിക്കലും വില കുറച്ചുകാണില്ല.
ഗ്രൂപ്പ് എ-യില്‍ തോല്‍വിയറിയാത്ത രണ്ട് ടീമുകള്‍ പരസ്പരം ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ഈസ്റ്റ് മെഡോയിലെ നാസൗ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ഈ മാച്ചിനുണ്ട്. ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് മുമ്പോട്ട് കുതിക്കാന്‍ സാധിക്കുമെന്നതിനാല്‍ വിജയം മാത്രമാണ് ഇരുവരും ലക്ഷ്യമിടുന്നത്.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.
അമേരിക്കന്‍ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തിക്കൊണ്ടാണ് ഇന്ത്യ തുടങ്ങിയത്. അര്‍ഷ്ദീപ് സിങ്ങെറിഞ്ഞ ആദ്യ പന്തില്‍ ഷയാന്‍ ജഹാംഗീര്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങി പുറത്താവുകയായിരുന്നു.
ഈ വിക്കറ്റിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് അര്‍ഷ്ദീപിനെ തേടിയെത്തിയത്. ഒരു അന്താരാഷ്ട്ര ടി-20 മത്സരത്തിന്റെ ആദ്യ പന്തില്‍ വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് അര്‍ഷ്ദീപ് സ്വന്തമാക്കിയത്.
ഇത് അഞ്ചാം തവണയാണ് ഇന്ത്യ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ എതിരാളികളുടെ വിക്കറ്റ് വീഴ്ത്തുന്നത്. എന്നാല്‍ ഇതിന് മുമ്പ് നാല് തവണയും രണ്ടാം ഇന്നിങ്‌സിലാണ് ഈ നേട്ടം പിറവിയെടുത്തത്. ഭുവനേശ്വര്‍ മൂന്ന് തവണ ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ ഒരിക്കലും ഈ നേട്ടം തന്റെ പേരില്‍ കുറിച്ചു.
അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യക്കായി ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ വിക്കറ്റ് നേടിയ താരങ്ങള്‍
(താരം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
ഭുവനേശ്വര്‍ കുമാര്‍ – ശ്രീലങ്ക – 2022
ഭുവനേശ്വര്‍ കുമാര്‍ – ഇംഗ്ലണ്ട് – 2022
ഭുവനേശ്വര്‍ കുമാര്‍ – സിംബാബ്‌വേ – 2022
ഹര്‍ദിക് പാണ്ഡ്യ – വെസ്റ്റ് ഇന്‍ഡീസ് – 2023
അര്‍ഷ്ദീപ് സിങ് – യു.എസ്.എ – 2024*
ഓവറിലെ ആദ്യ പന്തില്‍ വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് ഓവറിലെ അവസാന പന്തിലും വിക്കറ്റ് നേടി. സൂപ്പര്‍ താരം ആന്‍ഡ്രീസ് കൗസിനെ ഹര്‍ദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ചാണ് ഇടംകയ്യന്‍ പേസര്‍ ഇന്ത്യക്കായി രണ്ടാം വിക്കറ്റും നേടിയത്.
അതേസമയം, ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ 25ന് രണ്ട് എന്ന നിലയിലാണ് യു.എസ്.എ. 16 പന്തില്‍ ആറ് റണ്‍സുമായി സ്റ്റീവന്‍ ടെയ്‌ലറും 20 പന്തില്‍ 11 റണ്‍സുമായി ക്യാപ്റ്റന്‍ ആരോണ്‍ ജോണ്‍സുമാണ് ക്രീസില്‍.
ഇന്ത്യ പ്ലെയിങ് ഇലവന്‍
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.
യു.എസ്.എ പ്ലെയിങ് ഇലവന്‍
സ്റ്റീവന്‍ ടെയ്‌ലര്‍, ഷയാന്‍ ജഹാംഗീര്‍, ആന്‍ഡ്രീസ് ഗൗസ് (വിക്കറ്റ് കീപ്പര്‍), ആരോണ്‍ ജോണ്‍സ് (ക്യാപ്റ്റന്‍), നിതീഷ് കുമാര്‍, കോറി ആന്‍ഡേഴ്‌സണ്‍, ഹര്‍മീത് സിങ്, ഷേഡ്‌ലി വാന്‍ ഷാക്‌വിക്, ജസ്ദീപ് സിങ്, സൗരഭ് നേത്രാവല്‍ക്കര്‍, അലി ഖാന്‍.
Content highlight: T20 World Cup 2024: IND vs USA: Arshdeep Singh becomes the first Indian bowler to pick a wicket in first ball of a T20I match