മൂന്നില്‍ മൂന്നും ഹിമാലയന്‍ പരാജയം, ഇനിയെങ്കിലും ഇന്ത്യ ചരിത്രപരമായ മണ്ടത്തരം അവസാനിപ്പിക്കണം
T20 World Cup 2024
മൂന്നില്‍ മൂന്നും ഹിമാലയന്‍ പരാജയം, ഇനിയെങ്കിലും ഇന്ത്യ ചരിത്രപരമായ മണ്ടത്തരം അവസാനിപ്പിക്കണം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 9th June 2024, 10:50 pm

ടി-20 ലോകകപ്പില്‍ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ പാകിസ്ഥാനെതിരെ കളത്തിലിറങ്ങിയിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം എതിരാളികളെ ബാറ്റിങ്ങിനയച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിറങ്ങിയ ഇന്ത്യയുടെ തുടക്കം പാളി. വിരാട് കോഹ്‌ലി മൂന്ന് പന്തില്‍ നാല് റണ്‍സ് നേടി മടങ്ങിയപ്പോള്‍ 12 പന്തില്‍ 13 റണ്‍സ് നേടിയാണ് രോഹിത് ശര്‍മ പുറത്തായത്.

രണ്ടാം ഓവറിലെ മൂന്നാം പന്തിലാണ് വിരാട് പുറത്താകുന്നത്. നസീം ഷായെറിഞ്ഞ ഓവറിലെ ആദ്യ പന്ത് ബൗണ്ടറി കടത്തിയ വിരാടിന് രണ്ടാം പന്തില്‍ റണ്‍സ് കണ്ടെത്താന്‍ സാധിച്ചില്ല.

മൂന്നാം പന്തില്‍ ഷോട്ട് കളിച്ച വിരാടിന് പിഴച്ചു. ഉസ്മാന്‍ ഖാന്റെ കയ്യിലൊതുങ്ങി വിരാട് മടങ്ങി.

ഈ ലോകകപ്പിലെ ആദ്യ മത്സരത്തിലും വിരാടിന് സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അഞ്ച് പന്ത് നേരിട്ട് വെറും ഒരു റണ്‍സ് മാത്രമാണ് വിരാട് നേടിയത്.

ലോകകപ്പില്‍ ഓപ്പണറുടെ റോളില്‍ വിരാട് താളം കണ്ടെത്താന്‍ പാടുപെടുകയാണ്.

ടി-20 ലോകകപ്പ് ചരിത്രത്തില്‍ വിരാട് നാല് തവണയാണ് ഒറ്റയക്കത്തിന് പുറത്തായത്. മൂന്നാം നമ്പറില്‍ കളത്തിലിറങ്ങിയ 24 ഇന്നിങ്‌സില്‍ ഒരിക്കല്‍ മാത്രം ഇരട്ടയക്കം കാണാതെ മടങ്ങിയ വിരാട് ഓപ്പണിങ്ങില്‍ ഇറങ്ങിയ മൂന്ന് മത്സരത്തിലും ഒറ്റയക്കത്തിനാണ് പുറത്തായത്.

ഓപ്പണിങ്ങില്‍ തിളങ്ങാന്‍ സാധിക്കാത്ത വിരാടിനെ തന്റെ നാച്ചുറല്‍ പൊസിഷനായ വണ്‍ ഡൗണിലേക്ക് തിരിച്ചുപോകാന്‍ ബി.സി.സി.ഐ അനുവദിക്കണെന്നാണ് ആവശ്യമുയരുന്നത്.

അതേസമയം, നിലവില്‍ 14 ഓവര്‍ പിന്നിടുമ്പോള്‍ 96ന് അഞ്ച് എന്ന നിലയിലാണ് ഇന്ത്യ. ഒമ്പത് പന്തില്‍ മൂന്ന് റണ്‍സടിച്ച ശിവം ദുബെയുടെ വിക്കറ്റാണ് ഇന്ത്യക്ക് അവസാനമായി നഷ്ടമായത്.

30 പന്തില്‍ 42 റണ്‍സുമായി റിഷബ് പന്തും അഞ്ച് പന്തില്‍ റണ്‍സൊന്നും നേടാതെ ഹര്‍ദിക് പാണ്ഡ്യയുമാണ് ക്രീസില്‍.

 

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.

പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ബാബര്‍ അസം (ക്യാപ്റ്റന്‍), ഉസ്മാന്‍ ഖാന്‍, ഫഖര്‍ സമാന്‍, ഷദാബ് ഖാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഇമാദ് വസീം, ഷഹീന്‍ അഫ്രിദി, നസീം ഷാ, മുഹമ്മദ് ആമിര്‍, ഹാരിസ് റൗഫ്.

 

Content Highlight: T20 World Cup 2024: IND vs PAK: Virat Kohli dismissed in single digit in all 3 times while opening the innings