| Sunday, 9th June 2024, 8:20 pm

തുടക്കത്തില്‍ നിരാശ; സഞ്ജുവിനെ കളത്തിലിറക്കാതെ ഇന്ത്യ; കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വന്നവന്‍ പാക് നിരയില്‍ നിന്നും പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിനാണ് ടി-20 ലോകകപ്പില്‍ കളമൊരുങ്ങുന്നത്. ന്യൂയോര്‍ക്, ഈസ്റ്റ് മെഡോയിലെ നാസു കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് ക്ലാസിക് റൈവല്‍റിയിലെ ഏറ്റവും പുതിയ മത്സരത്തിന് വേദിയാകുന്നത്.

മഴ മൂലം ടോസ് വൈകിയിരുന്നു. മത്സരത്തില്‍ ടോസ് നേടിയ പാക് നായകന്‍ ബാബര്‍ അസം ഫീല്‍ഡിങ് തെരഞ്ഞെടുത്തു. മഴക്ക് ശേഷമുള്ള പിച്ചിലെ സാഹചര്യം മുതലെടുക്കാന്‍ സാധിക്കുമെന്നതിനാല്‍ ബൗളിങ് തെരഞ്ഞെടുക്കുകയാണെന്ന് ബാബര്‍ പറഞ്ഞു.

ടോസ് ലഭിച്ചാല്‍ തങ്ങളും ഫീല്‍ഡിങ് തന്നെയാണ് തെരഞ്ഞെടുക്കുക എന്നാണ് രോഹിത് ശര്‍മയും പറഞ്ഞത്.

കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനെ തന്നെയാണ് ഇന്ത്യ കളത്തിലിറക്കുന്നത്. അതേസമയം, അസം ഖാനെ പുറത്തിരുത്തിയാണ് പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. സ്റ്റാര്‍ സ്പിന്നര്‍ ഇമാദ് വസീമാണ് പകരക്കാരന്‍.

ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരായ വിജയത്തോടെ ലോകകപ്പ് ക്യാംപെയ്ന്‍ ആരംഭിച്ച ഇന്ത്യ പാകിസ്ഥാനെതിരെയും വിജയിച്ച് മുമ്പോട്ടുള്ള കുതിപ്പ് തുടരാനാണ് ഒരുങ്ങുന്നത്. ടി-20 ലോകകപ്പില്‍ പാകിസ്ഥാന് മേലുള്ള മൃഗീയ ആധിപത്യം തുടരുക എന്നതും ഇന്ത്യക്ക് മുമ്പിലുള്ള പ്രധാന ലക്ഷ്യമാണ്.

അമേരിക്കയോട് നാണംകെട്ട് പരാജയപ്പെട്ടാണ് പാകിസ്ഥാന്‍ രണ്ടാം മത്സരത്തിനിറങ്ങുന്നത്. സൂപ്പര്‍ ഓവറിലാണ് അമേരിക്ക പാകിസ്ഥാനെ തകര്‍ത്ത് ലോകകപ്പിലെ കറുത്ത കുതിരകളാകാന്‍ ഒരുങ്ങുന്നത്.

പാകിസ്ഥാനെതിരെ അമേരിക്ക മിന്നും പ്രകടനമാണ് കാഴ്ചവെച്ചതെങ്കിലും ബാബറിന്റെയും സംഘത്തിന്റെയും പിഴവുകളാണ് മെന്‍ ഇന്‍ ഗ്രീനിന് തിരിച്ചടിയായത്. അമേരിക്കക്കെതിരെ വരുത്തിയ പിഴവുകള്‍ ഇന്ത്യക്കെതിരെ ആവര്‍ത്തിക്കാതിരിക്കാനാകും ബാബര്‍ ശ്രമിക്കുക.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.

പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ബാബര്‍ അസം (ക്യാപ്റ്റന്‍), ഉസ്മാന്‍ ഖാന്‍, ഫഖര്‍ സമാന്‍, ഷദാബ് ഖാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഇമാദ് വസീം, ഷഹീന്‍ അഫ്രിദി, നസീം ഷാ, മുഹമ്മദ് ആമിര്‍, ഹാരിസ് റൗഫ്.

Content Highlight: T20 World Cup 2024: IND vs PAK: Pakistan won the toss and elect to filed first

We use cookies to give you the best possible experience. Learn more