| Wednesday, 5th June 2024, 11:07 pm

സോറി അയര്‍ലന്‍ഡ്, ഞങ്ങള്‍ക്കിത് ജയിച്ചേ മതിയാകൂ; മൃഗീയ മേധാവിത്തം, അനായാസ ജയം

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പ് ക്യാമ്പെയ്ന്‍ വിജയത്തോടെ തുടങ്ങി ഇന്ത്യ. ന്യൂയോര്‍ക്കില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ അനായാസ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അയര്‍ലന്‍ഡ് ഉയര്‍ത്തിയ 97 റണ്‍സിന്റെ വിജയലക്ഷ്യം 12.2 ഓവറില്‍ ഇന്ത്യ മറികടക്കുകയായിരുന്നു.

ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച ഇന്ത്യന്‍ നായകന്റെ തീരുമാനം ശരിവെച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ ഐറിഷ് കോട്ടകൊത്തളങ്ങള്‍ തകര്‍ന്നുവീണു.

ഇന്ത്യന്‍ പേസര്‍മാരുടെ മികച്ച പ്രകടനത്തില്‍ അയര്‍ലന്‍ഡ് ബാറ്റര്‍മാര്‍ താളം കണ്ടെത്താന്‍ പാടുപെടുകയായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ ഐറിഷ് പടയ്ക്ക് മേല്‍ സമ്മര്‍ദം കൊടുത്തുകൊണ്ടേയിരുന്നു.

ഒടുവില്‍ 16 ഓവറില്‍ 96 എന്ന നിലയില്‍ നില്‍ക്കവെ പത്താം ഐറിഷ് വിക്കറ്റും നിലംപൊത്തി.

14 പന്തില്‍ 26 റണ്‍സ് നേടിയ ഗാരത് ഡെലാനിയാണ് അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോറര്‍.

ഇന്ത്യക്കായി ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങ്ങും രണ്ട് വിക്കറ്റ് വീതം നേടി. ഗാരത് ഡെലാനി റണ്‍ ഔട്ടായപ്പോള്‍ അക്സര്‍ പട്ടേലും മുഹമ്മദ് സിറാജും ഓരോ വിക്കറ്റും നേടി.

ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ നിരയില്‍ ഏറ്റവും മികച്ച എക്കോണമിയില്‍ പന്തെറിഞ്ഞത്. ഒരു മെയ്ഡന്‍ അടക്കം മൂന്ന് ഓവര്‍ പന്തെറിഞ്ഞ താരം ആറ് റണ്‍സ് മാത്രമാണ് വഴങ്ങിയത്. 2.0 ആണ് മത്സരത്തിലെ താരത്തിന്റെ എക്കോണമി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. വിരാട് കോഹ്‌ലി ഒറ്റയക്കത്തിന് പുറത്തായി. അഞ്ച് പന്തില്‍ ഒരു റണ്‍സ് നേടി നില്‍ക്കവെ മാര്‍ക് അഡയറിന്റെ പന്തില്‍ ബൗണ്ടറി ലൈനിന് സമീപം ബെഞ്ചമിന്‍ വൈറ്റിന് ക്യാച്ച് നല്‍കിയാണ് വിരാട് പുറത്തായത്.

വിരാട് പുറത്തായെങ്കിലും വണ്‍ ഡൗണായെത്തിയ റിഷബ് പന്തിനെ കൂട്ടുപിടിച്ച് രോഹിത് സ്‌കോര്‍ ഉയര്‍ത്തി. സ്ലോ പിച്ചിലും മോശമല്ലാത്ത രീതിയില്‍ നായകന്‍ ബാറ്റ് വീശിയപ്പോള്‍ ഓരോ പന്തിലും ഇന്ത്യ വിജയത്തിലേക്ക് അടുത്തു.

37 പന്തില്‍ 52 റണ്‍സ് നേടി നില്‍ക്കവെ രോഹിത് റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങി.

രോഹിത്തിന് പിന്നാലെയെത്തിയ സൂര്യകുമാര്‍ രണ്ട് പന്തില്‍ രണ്ട് റണ്‍സുമായി മടങ്ങി. എന്നാല്‍ വിജയത്തിന് തൊട്ടടുത്തെത്തിയ ഇന്ത്യയെ റിഷബ് പന്ത് ഫിനിഷിങ് ലൈന്‍ കടത്തുകയായിരുന്നു. ശിവം ദുബെയെ കാഴ്ചക്കാരനാക്കി 13ാം ഓവറിലെ രണ്ടാം പന്തില്‍ അണ്‍ ഓര്‍ത്തഡോക്‌സ് ഷോട്ടിലൂടെ സിക്‌സറിന് പറത്തിയാണ് താരം ഇന്ത്യയെ വിജയിപ്പിച്ചത്.

ഈ വിജയത്തോടെ ഗ്രൂപ്പ് എ-യില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ. ജൂണ്‍ ഒമ്പതിനാണ് ഇന്ത്യയുടെ അടുത്ത മത്സരം. ന്യൂയോര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനാണ് എതിരാളികള്‍.

Content Highlight: T20 World Cup 2024: IND vs IRE: India defeated Ireland by 8 wickets

We use cookies to give you the best possible experience. Learn more