2024 ടി-20 ലോകകപ്പില്‍ ഇന്ത്യ സൂപ്പര്‍ 8 മത്സരത്തിനിറങ്ങിയിരിക്കുകയാണ്. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ബാറ്റിങ് തെരഞ്ഞെടുത്തു. വിക്കറ്റ് ഇപ്പോള്‍ മികച്ച രീതിയിലാണ് ഉള്ളതെന്നും മത്സരം പുരോഗമിക്കുമ്പോള്‍ പിച്ച് എങ്ങനെ പെരുമാറും എന്ന കാര്യം അറിയില്ലെന്നും ഇക്കാരണത്താലാണ് ടോസ് നേടിയ ശേഷം ബാറ്റിങ് തെരഞ്ഞെടുത്തതെന്നും രോഹിത് പറഞ്ഞു.
കയ്യില്‍ കറുത്ത ആം ബാന്‍ഡണിഞ്ഞാണ് ഇന്ത്യന്‍ താരങ്ങള്‍ കളത്തിലിറങ്ങിയത്. വ്യാഴാഴ്ച അന്തരിച്ച മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഡേവിഡ് ജോണ്‍സണ് ആദരമര്‍പ്പിക്കുന്നതിനായാണ് ഇന്ത്യ ഈ ആം ബാന്‍ഡ് അണിഞ്ഞത്.
കര്‍ണാടകയിലെ തന്റെ അപ്പാര്‍ട്‌മെന്റിലെ ബാല്‍ക്കണിയില്‍ നിന്നും വീണായിരുന്നു അദ്ദേഹം മരണപ്പെട്ടത്. 52 വയസായിരുന്നു.
ഇന്ത്യക്കായി രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ പന്തെറിഞ്ഞ താരമാണ് ഡേവിഡ് ജോണ്‍സണ്‍. നാല് ഇന്നിങ്‌സില്‍ നിന്നുമായി മൂന്ന് വിക്കറ്റും നേടിയിട്ടുണ്ട്. ആഭ്യന്തര തലത്തില്‍ കര്‍ണാടകയുടെ താരമായ ഡേവിഡ് ജോണ്‍സണ്‍ ബെലഗാവി പാന്തേഴ്‌സിന് വേണ്ടിയും കളത്തിലിറങ്ങിയിട്ടുണ്ട്.
ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ 39 മത്സരത്തില്‍ നിന്നും 125 വിക്കറ്റ് നേടിയ അദ്ദേഹം 33 ലിസ്റ്റ് എ മത്സരത്തില്‍ നിന്നുമായി 41 വിക്കറ്റും നേടിയിട്ടുണ്ട്.
അതേസമയം, അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 13 പന്തില്‍ എട്ട് റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഫസലാഖ് ഫാറൂഖിയുടെ പന്തില്‍ റാഷിദ് ഖാന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.
Early Success for Afghanistan! ⚡@FazalFarooqi10 strikes as @ImRo45 skies one straight up, and @RashidKhan_19 settles under it to give Afghanistan early success in the game. 🤩
— Afghanistan Cricket Board (@ACBofficials) June 20, 2024
നിലവില്‍ നാല് ഓവര്‍ അവസാനിക്കുമ്പോള്‍ 25ന് ഒന്ന് എന്ന നിലയിലാണ് ഇന്ത്യ. ഒമ്പത് പന്തില്‍ ഏഴ് റണ്‍സുമായി വിരാട് കോഹ്‌ലിയും രണ്ട് പന്തില്‍ ഏഴ് റണ്‍സുമായി റിഷബ് പന്തുമാണ് ക്രീസില്‍.