| Tuesday, 25th June 2024, 10:15 pm

ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ച് കിരീടമുയര്‍ത്തിയാല്‍ അഫ്ഗാന് തങ്ങളുടെ ചരിത്രവും തിരുത്താം; ജയിക്കാനായി റാഷിദ് ഖാന്റെ അഫ്ഗാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിനുള്ള സെമി ഫൈനലിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ജൂണ്‍ 27നാണ് രണ്ട് സെമി ഫൈനലും അരങ്ങേറുക. ആദ്യ സെമി ഫൈനലില്‍ ഗ്രൂപ്പ് 2 ചാമ്പ്യന്‍മാരായ സൗത്ത് ആഫ്രിക്ക ഗ്രൂപ്പ് 1ലെ രണ്ടാം സ്ഥാനക്കാരായ അഫ്ഗാനിസ്ഥാനെയും രണ്ടാം സെമി ഫൈനലില്‍ ഗ്രൂപ്പ് 1 ചാമ്പ്യന്‍മാരായ ഇന്ത്യ ഗ്രൂപ്പ് 2ലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനെയും നേരിടും.

സൂപ്പര്‍ 8ല്‍ ബംഗ്ലാദേശിനെ തോല്‍പിച്ചതോടെ അഫ്ഗാനിസ്ഥാന്റെ ഏറെ നാളുകളായുള്ള സ്വപ്‌നം കൂടിയാണ് സാക്ഷാത്കരിച്ചിരിക്കുന്നത്. ഇതിനൊപ്പം അടുത്ത രണ്ട് മത്സരങ്ങള്‍ കൂടി വിജയിച്ച് കിരീടമെന്ന സ്വപ്‌നം പൂര്‍ത്തിയാക്കാനുമാണ് അഫ്ഗാനിസ്ഥാന്‍ ഒരുങ്ങുന്നത്. ഇതാദ്യമായാണ് അഫ്ഗാനിസ്ഥാന്‍ ഒരു ഐ.സി.സി ടൂര്‍ണമെന്റിന്റെ സെമിയില്‍ കടക്കുന്നത്.

ഈ ലോകകപ്പില്‍ ഓസ്‌ട്രേലിയയെയും ന്യൂസിലാന്‍ഡിനെയും അടക്കമുള്ള വമ്പന്‍മാരെ തോല്‍പിച്ചാണ് അഫ്ഗാനിസ്ഥാന്‍ സെമി ഫൈനലിനിറങ്ങുന്നത്. തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന രണ്ട് മത്സരങ്ങളാണ് അഫ്ഗാനിസ്ഥാന് മുമ്പിലുള്ളതെന്ന് നിസ്സംശയം പറയാം.

ഐ.സി.സി ഫുള്‍ മെമ്പര്‍ ടീമുകളില്‍ ഇനി രണ്ടേ രണ്ട് ടീമുകളെ മാത്രമേ അഫ്ഗാനിസ്ഥാന് ഇതേവരെ തോല്‍പിക്കാന്‍ സാധിക്കാതിരുന്നത്. സൗത്ത് ആഫ്രിക്കയും ഇന്ത്യയുമാണ് ആ രണ്ട് ടീമുകള്‍.

ഈ ലോകകപ്പില്‍ ഓസീസിനെയും കിവീസിനെയും തകര്‍ത്ത അഫ്ഗാനിസ്ഥാന്‍ കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെയും പാകിസ്ഥാനെയും പരാജയപ്പെടുത്തിയിരുന്നു. ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് എന്നിവരടക്കമുള്ള ടീമുകളെ അഫ്ഗാന്‍ നേരത്തെ തന്നെ തോല്‍പിച്ചതാണ്.

ഇപ്പോള്‍ ആദ്യ സെമി ഫൈനലില്‍ സൗത്ത് ആഫ്രിക്കയെയും രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ചെത്തുന്ന ഇന്ത്യയെയും പരാജയപ്പെടുത്തിയാല്‍ എല്ലാ ഐ.സി.സി ഫുള്‍ മെമ്പര്‍ നേഷനെയും പരാജയപ്പെടുത്തിയെന്ന നേട്ടവും അഫ്ഗാനിസ്ഥാന് സ്വന്തമാക്കാം.

എന്നാല്‍ ചത്താലും തോല്‍ക്കില്ല എന്ന മനോഭാവത്തിലാണ് ഇന്ത്യയും പ്രോട്ടിയാസും കളത്തിലിറങ്ങുക. ഒരു പതിറ്റാണ്ട് നീണ്ട കിരീടവരള്‍ച്ച അവസാനിപ്പിക്കാന്‍ ഇന്ത്യയിറങ്ങുമ്പോള്‍ തങ്ങളുടെ ചരിത്രത്തിലെ ആദ്യ ഐ.സി.സി ലോകകപ്പാണ് സൗത്ത് ആഫ്രിക്ക ലക്ഷ്യം വെക്കുന്നത്. എന്നാല്‍ ഇരു ടീമുകള്‍ക്കും ഫൈനലിലേക്കുള്ള യാത്ര ഒട്ടും എളുപ്പവുമാകില്ല.

കഴിഞ്ഞ ലോകകപ്പിന്റെ സെമി ഫൈനലില്‍ തങ്ങളെ 10 വിക്കറ്റിന് പരാജയപ്പെടുത്തിയ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെയാണ് ഇന്ത്യക്ക് നേരിടാനുള്ളത്. എന്നാല്‍ സെമി വരെ അപരാജിതരായെത്തിയ ഇന്ത്യ ഇംഗ്ലണ്ടിനും വലിയ വെല്ലുവിളിയാണ്.

Also Read ഈ കൈകൾ ചോരില്ല സാർ! ചരിത്രവിജയത്തിനൊപ്പം ഐതിഹാസികനേട്ടവുമായി അഫ്ഗാന്റെ വല്ല്യേട്ടൻ

Also Read ഇന്നത്തെ വിജയം നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും തെളിവാണ്; സച്ചിന്‍ ടെണ്ടുല്‍ക്കര്‍

Also Read  ഐ.പി.എല്ലിൽ മിന്നും പ്രകടനം നടത്തി, എന്നിട്ടും ഇന്ത്യൻ ടീമിൽ അവസരമില്ല; പ്രതികരണവുമായി സൂപ്പർതാരം

Content Highlight: T20 World Cup 2024: If they beat India and South Africa, Afghanistan can become the team to beat all ICC full member nation teams.

We use cookies to give you the best possible experience. Learn more