ആരാധകരെ ഞെട്ടിച്ച് ആ വാര്‍ത്തയെത്തി; സൂപ്പര്‍ എട്ടിലും ഇന്ത്യയുടെ മത്സരത്തില്‍ അയാളെത്തുന്നു, പട്ടിക പുറത്തുവിട്ട് ഐ.സി.സി
T20 world cup
ആരാധകരെ ഞെട്ടിച്ച് ആ വാര്‍ത്തയെത്തി; സൂപ്പര്‍ എട്ടിലും ഇന്ത്യയുടെ മത്സരത്തില്‍ അയാളെത്തുന്നു, പട്ടിക പുറത്തുവിട്ട് ഐ.സി.സി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 18th June 2024, 11:41 pm

 

ടി-20 ലോകകപ്പിലെ സൂപ്പര്‍ 8 മത്സരങ്ങള്‍ക്കുള്ള ഒഫീഷ്യല്‍സിന്റെ പട്ടിക ഐ.സി.സി പുറത്തുവിട്ടതോടെ ഇന്ത്യന്‍ ആരാധകര്‍ വീണ്ടും ആശങ്കയിലാണ്. ലോകകപ്പുകളില്‍ ഇന്ത്യയുടെ നിര്‍ഭാഗ്യമെന്ന് വിശ്വസിക്കുന്ന അംപയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബെറോ ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ മത്സരം നിയന്ത്രിക്കാനെത്തുകയാണ്.

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലാണ് ഫീല്‍ഡ് അമ്പയര്‍മാരില്‍ ഒരാളായി കെറ്റില്‍ബെറോ എത്തുന്നത്. സൂപ്പര്‍ 8ലെ ഇന്ത്യയുടെ അവസാന മത്സരമാണിത്.

2014ന് ശേഷം അദ്ദേഹം നിയന്ത്രിച്ച ഒറ്റ നോക്ക് ഔട്ട് മത്സരത്തില്‍ പോലും ഇന്ത്യക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ല. ഫോര്‍മാറ്റുകളുടെ വ്യത്യാസമില്ലാതെയായിരുന്നു ഈ പരാജയങ്ങളെല്ലാം. ടി-20 ലോകകപ്പിലും ഏകദിന ലോകകപ്പിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും അമ്പയര്‍ പാനലില്‍ കെറ്റില്‍ബെറോയുടെ സാന്നിധ്യമുണ്ടായപ്പോഴെല്ലാം ഇന്ത്യ പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ചിരുന്നു.

2014 ടി-20 ലോകകപ്പ് ഫൈനലില്‍ മലിംഗയുടെ ശ്രീലങ്കയോട് തോറ്റ് കപ്പിനും ചുണ്ടിനും ഇടയില്‍ ഇന്ത്യക്ക് കിരീടം നഷ്ടമാകുമ്പോള്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ വിക്കറ്റിന് പിന്നില്‍ നിന്നിരുന്നത് കെറ്റില്‍ബെറോ ആയിരുന്നു.

2011ല്‍ നേടിയ ലോക കിരീടം നിലനിര്‍ത്താനുറച്ച് കളത്തിലിറങ്ങിയ 2015 ഏകദിന ലോകകപ്പിന്റെ സെമി ഫൈനല്‍ മത്സരത്തിലും സ്വന്തം മണ്ണില്‍ വെച്ച് നടന്ന 2016ലെ ടി-20 ലോകകപ്പിന്റെ സെമിയിലും ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ കെറ്റില്‍ബെറോ ആയിരുന്നു കളി നിയന്ത്രിച്ചിരുന്നത്.

പാകിസ്ഥാനോട് പടുകൂറ്റന്‍ പരാജയം നേരിട്ട് 2017ല്‍ ചാമ്പ്യന്‍സ് ട്രോഫി അടിയറവെച്ചപ്പോഴും കെറ്റില്‍ബെറോ തന്നെയായിരുന്നു ഫീല്‍ഡ് അമ്പയര്‍മാരില്‍ ഒരാള്‍.

2019 ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിനോട് 18 റണ്‍സിന്റെ തോല്‍വിയേറ്റുവാങ്ങുമ്പോള്‍ മൂകസാക്ഷിയായി കെറ്റില്‍ബെറോ അമ്പയറുടെ റോളില്‍ ഗ്രൗണ്ടിലുണ്ടായിരുന്നു. അന്ന് ധോണി റണ്‍ ഔട്ടാകുമ്പോഴുള്ള കെറ്റില്‍ബെറോയുടെ മുഖഭാവം ഒരു ക്രിക്കറ്റ് ആരാധകനും മറക്കാനിടയില്ല.

 

ലോകകപ്പില്‍ മാത്രമല്ല ന്യൂസിലാന്‍ഡിനെതിരെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ എഡിഷനില്‍ പരാജയപ്പെടുമ്പോഴും കെറ്റില്‍ബെറോ കളി നിയന്ത്രിച്ചിരുന്നു. ഇത്തവണ ഗ്രൗണ്ടില്‍ ഇറങ്ങിയല്ല, പകരം തേര്‍ഡ് അമ്പയറുടെ റോളിലായിരുന്നു അദ്ദേഹമെത്തിയത്. ആരാധകര്‍ പ്രതീക്ഷിച്ചതുതന്നെ അന്നും സംഭവിച്ചു. ഇന്ത്യ വീണ്ടും കരഞ്ഞു.

ശേഷം 2023 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും തേര്‍ഡ് അമ്പയറുടെ റോളിലായിരുന്നു കെറ്റില്‍ബെറോ മത്സരം നിയന്ത്രിച്ചത്. ആരാധകര്‍ പേടിച്ചതുപോലെ ആ മത്സരത്തിലും ഇന്ത്യ പരാജയപ്പെടുകയായിരുന്നു.

ഇതിന് പുറമെ 2023 ഏകദിന ലോകകപ്പില്‍ സ്വന്തം മണ്ണില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ടപ്പോള്‍ റിച്ചാര്‍ഡ് ഇല്ലിങ്‌വെര്‍ത്തിനൊപ്പം കളി നിയന്ത്രിച്ച മറ്റൊരു ഓണ്‍ ഫീല്‍ഡ് അമ്പയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബെറോ ആയിരുന്നു.

ഇപ്പോള്‍ സൂപ്പര്‍ 8ലും ഇന്ത്യയുടെ മത്സരം നിയന്ത്രിക്കാന്‍ കെറ്റില്‍ബെറോ എത്തുമ്പോള്‍ ആരാധകരും ആശങ്കയിലാണ്.

ടി20 ലോകകപ്പ് സൂപ്പര്‍ 8 മാച്ച് ഒഫീഷ്യല്‍സ്

 

ജൂണ്‍ 19: യു.എസ്.എ v ദക്ഷിണാഫ്രിക്ക (ആന്റിഗ്വ)

റഫറി: രഞ്ജന്‍ മദുഗല്ലെ

ഓണ്‍ഫീല്‍ഡ് അമ്പയര്‍: ക്രിസ് ഗഫാനി, റിച്ചാര്‍ഡ് കെറ്റില്‍ബെറോ

ടി.വി അമ്പയര്‍: ജോയല്‍ വില്‍സണ്‍

ഫോര്‍ത്ത് അമ്പയര്‍: ലാങ്ടണ്‍ റുസെരെ

 

ജൂണ്‍ 19: ഇംഗ്ലണ്ട് v വെസ്റ്റ് ഇന്‍ഡീസ് (സെന്റ് ലൂസിയ)

റഫറി: ജെഫ് ക്രോ

ഓണ്‍ഫീല്‍ഡ് അമ്പയര്‍: നിതിന്‍ മേനോന്‍, അഹ്സന്‍ റാസ

ടി.വി അമ്പയര്‍: ഷര്‍ഫുദ്ദൗല ഇബ്നെ ഷാഹിദ്

ഫോര്‍ത്ത് അമ്പയര്‍: ക്രിസ് ബ്രൗണ്‍

 

ജൂണ്‍ 20: അഫ്ഗാനിസ്ഥാന്‍ v ഇന്ത്യ (ബാര്‍ബഡോസ്)

റഫറി: ഡേവിഡ് ബൂണ്‍

ഓണ്‍ഫീല്‍ഡ് അമ്പയര്‍: റോഡ്നി ടക്കര്‍, പോള്‍ റീഫല്‍

ടി.വി അമ്പയര്‍: അലാഹുദീന്‍ പലേക്കര്‍

ഫോര്‍ത്ത് അമ്പയര്‍: അലക്‌സ് വാര്‍ഫ്

 

ജൂണ്‍ 20: ഓസ്ട്രേലിയ v ബംഗ്ലാദേശ് (ആന്റിഗ്വ)

റഫറി: റിച്ചി റിച്ചാര്‍ഡ്സണ്‍

ഓണ്‍ഫീല്‍ഡ് അമ്പയര്‍: റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്, മൈക്കല്‍ ഗോഫ്

ടി.വി അമ്പയര്‍: കുമാര്‍ ധര്‍മസേന

ഫോര്‍ത്ത് അമ്പയര്‍: അഡ്രിയാന്‍ ഹോള്‍സ്റ്റോക്

 

ജൂണ്‍ 21: ഇംഗ്ലണ്ട് v ദക്ഷിണാഫ്രിക്ക (സെന്റ് ലൂസിയ)

റഫറി: ജെഫ് ക്രോ

ഓണ്‍ഫീല്‍ഡ് അമ്പയര്‍: ഷര്‍ഫുദ്ദൗല ഇബ്‌നെ ഷാഹിദ്, ക്രിസ് ബ്രൗണ്‍

ടി.വി അമ്പയര്‍: ജോയല്‍ വില്‍സണ്‍

ഫോര്‍ത്ത് അമ്പയര്‍: ക്രിസ് ഗഫാനി

 

ജൂണ്‍ 21: യു.എസ്.എ v വെസ്റ്റ് ഇന്‍ഡീസ് (ബാര്‍ബഡോസ്)

റഫറി: ഡേവിഡ് ബൂണ്‍

ഓണ്‍ഫീല്‍ഡ് അമ്പയര്‍മാര്‍: പോള്‍ റീഫല്‍, അലാഹുദ്ദീന്‍ പലേക്കര്‍

ടി.വി അമ്പയര്‍: റോഡ്നി ടക്കര്‍

ഫോര്‍ത്ത് അമ്പയര്‍: അലക്‌സ് വാര്‍ഫ്

 

ജൂണ്‍ 22: ഇന്ത്യ v ബംഗ്ലാദേശ് (ആന്റിഗ്വ)

റഫറി: രഞ്ജന്‍ മദുഗല്ലെ

ഓണ്‍ഫീല്‍ഡ് അമ്പയര്‍: മൈക്കല്‍ ഗോഫ്, അഡ്രിയാന്‍ ഹോള്‍ഡ്‌സ്റ്റോക്

ടി.വി അമ്പയര്‍: ലോങ്ടണ്‍ റുസെരെ

ഫോര്‍ത്ത് അമ്പയര്‍: റിച്ചാര്‍ഡ് കെറ്റില്‍ബറോ

 

ജൂണ്‍ 22: അഫ്ഗാനിസ്ഥാന്‍ v ഓസ്‌ട്രേലിയ (സെന്റ് വിന്‍സെന്റ്)

റഫറി: റിച്ചി റിച്ചാര്‍ഡ്സണ്‍

ഓണ്‍ഫീല്‍ഡ് അമ്പയര്‍: കുമാര്‍ ധര്‍മസേന, അഹ്സന്‍ റാസ

ടി.വി അമ്പയര്‍: റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്

ഫോര്‍ത്ത് അമ്പയര്‍: നിതിന്‍ മേനോന്‍

 

ജൂണ്‍ 23: യുഎസ്എ v ഇംഗ്ലണ്ട് (ബാര്‍ബഡോസ്)

റഫറി: ഡേവിഡ് ബൂണ്‍

ഓണ്‍ഫീല്‍ഡ് അമ്പയര്‍: ക്രിസ് ഗഫാനി, ജോയല്‍ വില്‍സണ്‍

ടിവി അമ്പയര്‍: പോള്‍ റീഫല്‍

ഫോര്‍ത്ത് അമ്പയര്‍: അലാഹുദീന്‍ പലേക്കര്‍

 

ജൂണ്‍ 23: വെസ്റ്റ് ഇന്‍ഡീസ് v ദക്ഷിണാഫ്രിക്ക (ആന്റിഗ്വ)

റഫറി: രഞ്ജന്‍ മദുഗല്ലെ

ഓണ്‍ഫീല്‍ഡ് അമ്പയര്‍: റോഡ്നി ടക്കര്‍, അലക്സ് വാര്‍ഫ്

ടി.വി അമ്പയര്‍: ക്രിസ് ബ്രൗണ്‍

ഫോര്‍ത്ത് അമ്പയര്‍: ഷര്‍ഫുദ്ദൗല ഇബ്നെ ഷാഹിദ്

 

ജൂണ്‍ 24: ഓസ്ട്രേലിയ v ഇന്ത്യ (സെന്റ് ലൂസിയ)

റഫറി: ജെഫ് ക്രോ

ഓണ്‍ഫീല്‍ഡ് അമ്പയര്‍: റിച്ചാര്‍ഡ് കെറ്റില്‍ബറോ, റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്

ടി.വി അമ്പയര്‍: മൈക്കല്‍ ഗോഫ്

ഫോര്‍ത്ത് അമ്പയര്‍: കുമാര്‍ ധര്‍മസേന

 

ജൂണ്‍ 24: അഫ്ഗാനിസ്ഥാന്‍ v ബംഗ്ലാദേശ് (സെന്റ് വിന്‍സെന്റ്)

റഫറി: റിച്ചി റിച്ചാര്‍ഡ്സണ്‍

ഓണ്‍ഫീല്‍ഡ് അമ്പയര്‍: ലോങ്ടണ്‍ റുസെരെ, നിതിന്‍ മേനോന്‍

ടി.വി അമ്പയര്‍: അഡ്രിയാന്‍ ഹോള്‍ഡ്സ്റ്റോക്

ഫോര്‍ത്ത് അമ്പയര്‍: അഹ്സന്‍ റാസ

 

 

Content highlight: T20 World Cup 2024: ICC announces match officials of Super 8, Richard Kettleborough will officiate India’s match against Australia