ഇന്ത്യയെ നാണംകെടുത്തിയ പാകിസ്ഥാനെ കടത്തിവെട്ടിയ അഫ്ഗാന്‍ കൂട്ടുകെട്ട്; പ്രൊവിഡന്‍സ് കത്തിച്ച പ്രകടനം
T20 world cup
ഇന്ത്യയെ നാണംകെടുത്തിയ പാകിസ്ഥാനെ കടത്തിവെട്ടിയ അഫ്ഗാന്‍ കൂട്ടുകെട്ട്; പ്രൊവിഡന്‍സ് കത്തിച്ച പ്രകടനം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 4th June 2024, 3:19 pm

2024 ടി-20 ലോകകപ്പില്‍ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍. ഗ്രൂപ്പ് സി-യില്‍ ഉഗാണ്ടയെ 125 റണ്‍സിന് തകര്‍ത്താണ് അഫ്ഗാനിസ്ഥാന്‍ ചരിത്രമെഴുതിയത്. അഫ്ഗാന്‍ ഉയര്‍ത്തിയ 184 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്രെയ്ന്‍സ് 16 ഓവറില്‍ 58 റണ്‍സിന് പുറത്തായി.

മത്സരത്തില്‍ ടോസ് നേടിയ ഉഗാണ്ട എതിരാളികളെ ബാറ്റിങ്ങിനയച്ചു. എന്നാല്‍ ആദ്യ ഓവര്‍ മുതല്‍ക്കുതന്നെ തങ്ങളുടെ തീരുമാനം തെറ്റിയെന്ന് ഉഗാണ്ടക്ക് വ്യക്തമായിരുന്നു.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റഹ്‌മാനുള്ള ഗുര്‍ബാസിന്റെയും സൂപ്പര്‍ താരം ഇബ്രാഹിം സദ്രാന്റെയും വെടിക്കെട്ടില്‍ അഫ്ഗാനിസ്ഥാന്‍ സ്‌കോര്‍ ഉയര്‍ത്തി. 15ാം ഓവറിലെ മൂന്നാം പന്തില്‍ ഇബ്രാഹിം സദ്രാന്‍ പുറത്താകുമ്പോള്‍ 154 റണ്‍സാണ് അഫ്ഗാന്‍ സ്‌കോര്‍ ബോര്‍ഡില്‍ പിറന്നത്.

എന്നാല്‍ പുറത്താകും മുമ്പ് ഒരു തകര്‍പ്പന്‍ റെക്കോഡ് തന്റെയും ഗുര്‍ബാസിന്റെയും പേരില്‍ കുറിച്ചാണ് സദ്രാന്‍ മടങ്ങിയത്. ടി-20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത് ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പെന്ന നേട്ടമാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്.

2021 ലോകകപ്പില്‍ ഇന്ത്യയെ തരിപ്പണമാക്കി പാക് ഓപ്പണര്‍മാരായ ബാബര്‍ അസവും മുഹമ്മദ് റിസ്വാനും ചേര്‍ന്ന് അടിച്ചുകൂട്ടിയ 152 റണ്‍സിന്റെ റെക്കോഡ് ഓപ്പണിങ് കൂട്ടുകെട്ടിനെ മറികടന്നാണ് ഗുര്‍ബാസ് – സദ്രാന്‍ സഖ്യം പട്ടികയില്‍ രണ്ടാമതെത്തിയത്.

 

2022ല്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ നേടിയ 170 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഒന്നാമത്.

ടി-20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടുകള്‍

(താരങ്ങള്‍ – ടീം – എതിരാളികള്‍ സ്‌കോര്‍ എന്നീ ക്രമത്തില്‍)

അലക്‌സ് ഹെയ്ല്‍സ് & ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – ഇന്ത്യ – 170* – 2022

റഹ്‌മാനുള്ള ഗുര്‍ബാസ് & ഇബ്രാഹിം സദ്രാന്‍ – അഫ്ഗാനിസ്ഥാന്‍ – ഉഗാണ്ട – 154 – 2024

മുഹമ്മദ് റിസ്വാന്‍ & ബാബര്‍ അസം – പാകിസ്ഥാന്‍ – ഇന്ത്യ – 152* – 2021

ക്രിസ് ഗെയ്ല്‍ & ഡെവോണ്‍ സ്മിത് – വെസ്റ്റ് ഇന്‍ഡീസ് – സൗത്ത് ആഫ്രിക്ക – 145 – 2007

സദ്രാന് പിന്നാലെ അധികം വൈകാതെ ഗുര്‍ബാസും മടങ്ങി. ടീം സ്‌കോര്‍ 156ല്‍ നില്‍ക്കവെയായിരുന്നു അല്‍പേഷ് രംജാനിക്ക് വിക്കറ്റ് നല്‍കി ഗുര്‍ബാസ് തിരിച്ചുനടന്നത്.

സദ്രാന്‍ 46 പന്തില്‍ ഒരു സിക്‌സറും ഒമ്പത് ബൗണ്ടറിയും അടക്കം 70 റണ്‍സടിച്ചപ്പോള്‍ 45 പന്തില്‍ നാല് വീതം സിക്‌സറും ബൗണ്ടറിയും അടക്കം 76 റണ്‍സാണ് ഗുര്‍ബാസ് സ്വന്തമാക്കിയത്.

ഓപ്പണര്‍മാരുടെ കരുത്തില്‍ അഫ്ഗാന്‍ 183 റണ്‍സ് നേടി.

184 റണ്‍സിന്റെ വമ്പന്‍ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ഉഗാണ്ടയെ ഫസലാഖ് ഫാറൂഖി എറിഞ്ഞിട്ടു. നാല് ഓവറില്‍ വെറും ഒമ്പത് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് താരം നേടിയത്. 2024 ലോകകപ്പിലെ ആദ്യ ഫൈഫറും തമന്റെ ടി-20 കരിയറിലെ ആദ്യ ഫൈഫറുമാണ് താരം പ്രൊവിഡന്‍സില്‍ കുറിച്ചത്.

ഫാറൂഖിക്ക് പുറമെ നവീന്‍ ഉള്‍ ഹഖും ക്യാപ്റ്റന്‍ റാഷിദ് ഖാനും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ മുജീബ് ഉര്‍ റഹ്‌മാന്‍ ശേഷിക്കുന്ന വിക്കറ്റും നേടി.

ഈ വിജയത്തിന് പിന്നാലെ മരണഗ്രൂപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ കടത്തിവെട്ടി ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് അഫ്ഗാന്‍. ജൂണ്‍ എട്ടിനാണ് അഫ്ഗാന്റെ അടുത്ത മത്സരം. ഗയാനയില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡാണ് എതിരാളികള്‍.

 

 

Content Highlight: T20 World Cup 2024: Ibrahim Zadran and Rahmanullah Gurbaz created history