അയര്‍ലന്‍ഡിനെ തരിപ്പണമാക്കി ഇന്ത്യ ലോകകപ്പ് ക്യാംപെയ്ന്‍ വിജയത്തോടെ ആരംഭിച്ചിരിക്കുകയാണ്. ന്യൂയോര്‍ക്കിലെ ഈസ്റ്റ് മെഡോയില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ എതിരാളികളെ ബാറ്റിങ്ങിനയച്ചു. ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ച് ബൗളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ അയര്‍ലന്‍ഡ് പതറി. ഒടുവില്‍ 16 ഓവറില്‍ 96 റണ്‍സിന് സ്‌റ്റെര്‍ലിങ്ങിന്റെ പോരാളികള്‍ പുറത്തായി.
പേസര്‍മാരായിരുന്നു ഇന്ത്യയുടെ കരുത്ത്. അയര്‍ലന്‍ഡിന്റെ എട്ട് വിക്കറ്റുകളും പിഴുതെറിഞ്ഞത് പേസര്‍മാര്‍ തന്നെയായിരുന്നു. ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് വിക്കറ്റ് നേടിയപ്പോള്‍ ബുംറയും അര്‍ഷ്ദീപും രണ്ട് വിക്കറ്റ് വീതവും സിറാജും അക്‌സര്‍ പട്ടേലും ഓരോ വിക്കറ്റ് വീതവും നേടി.
മത്സരത്തില്‍ രണ്ടാം വിക്കറ്റായി ഐറിഷ് സൂപ്പര്‍ താരം കര്‍ട്ടിസ് കംഫറിനെ പുറത്താക്കിയതിന് പിന്നാലെ ടി-20ഐ ഫോര്‍മാറ്റില്‍ 75 വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കാന്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ഹര്‍ദിക് പാണ്ഡ്യക്ക് സാധിച്ചിരുന്നു.
𝙃𝙋’s dishing out numbers tonight! 🔥#T20WorldCup #INDvIRE pic.twitter.com/xcTsGxE93Z
— Mumbai Indians (@mipaltan) June 5, 2024
ഇതോടെ ഒരു റെക്കോഡ് നേട്ടവും താരത്തെ തേടിയെത്തി. അന്താരാഷ്ട്ര ടി-20യില്‍ 1000 റണ്‍സും 75 വിക്കറ്റും നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് ഹര്‍ദിക്. ചരിത്രത്തില്‍ ഇതുവരെ ആറ് താരങ്ങള്‍ക്ക് മാത്രമാണ് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചത്.
𝙃𝙖𝙧𝙙𝙞𝙠 𝙠𝙖 𝙅𝙖𝙡𝙬𝙖 🔥#T20WorldCup #INDvIREpic.twitter.com/SAazklKIxX
— Mumbai Indians (@mipaltan) June 5, 2024
93 ടി-20ഐ മത്സരത്തിലെ 71 ഇന്നിങ്‌സില്‍ നിന്നും 1348 റണ്‍സാണ് പാണ്ഡ്യ സ്വന്തമാക്കിയത്. 25.43 ശരാശരിയിലും 139.83 സ്‌ട്രൈക്ക് റേറ്റിലും സ്‌കോര്‍ ചെയ്യുന്ന താരം മൂന്ന് അര്‍ധ സെഞ്ച്വറികളും തന്റെ പേരില്‍ കുറിച്ചു.
പന്തെറിഞ്ഞ 82 ഇന്നിങ്‌സില്‍ നിന്നും 26.01 ശരാശരിയിലും 19.17 സ്‌ട്രൈക്ക് റേറ്റിലുമായി 76 വിക്കറ്റാണ് അന്താരാഷ്ട്ര ടി-20യില്‍ പാണ്ഡ്യയുടെ സമ്പാദ്യം. 8.14 എക്കോണമിയില്‍ പന്തെറിയുന്ന താരത്തിന്റെ മികച്ച ബൗളിങ് ഫിഗര്‍ 4/16 ആണ്.
അന്താരാഷ്ട്ര ടി-20യില്‍ 1,000 റണ്‍സും 75+ വിക്കറ്റും നേടുന്ന താരങ്ങള്‍
(താരം – ടീം – റണ്‍സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)
ഷാകിബ് അല്‍ ഹസന്‍ – ബംഗ്ലാദേശ് – 2440 – 146
മുഹമ്മദ് നബി – അഫ്ഗാനിസ്ഥാന്‍ – 2123 – 93
ഷാഹിദ് അഫ്രിദി – പാകിസ്ഥാന്‍ – 1416 – 98
ഹര്‍ദിക് പാണ്ഡ്യ – ഇന്ത്യ – 1348 – 76
ഡ്വെയ്ന്‍ ബ്രാവോ – വെസ്റ്റ് ഇന്‍ഡീസ് – 1255 – 78
ജോര്‍ജ് ഡോക്രെല്‍ – അയര്‍ലന്‍ഡ് – 1085 – 83
അതേസമയം അയര്‍ലന്‍ഡിനെ 96 റണ്‍സില്‍ ഒതുക്കിയെങ്കിലും മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. വിരാട് കോഹ്‌ലി അഞ്ച് പന്തില്‍ ഒരു റണ്‍സ് നേടി പുറത്തായി. മാര്‍ക് അഡയറിന്റെ പന്തില്‍ ബൗണ്ടറി ലൈനിന് സമീപം ബെഞ്ചമിന്‍ വൈറ്റിന് ക്യാച്ച് നല്‍കിയാണ് വിരാട് മടങ്ങിയത്.
വിരാട് പുറത്തായെങ്കിലും മൂന്നാം നമ്പറിലെത്തിയ റിഷബ് പന്തിനെ കൂട്ടുപിടിച്ച് രോഹിത് സ്‌കോര്‍ ഉയര്‍ത്തി. സ്ലോ പിച്ചിലും മോശമല്ലാത്ത രീതിയില്‍ നായകന്‍ ബാറ്റ് വീശിയപ്പോള്‍ ഇന്ത്യ വിജയം സ്വന്തമാക്കി.
ഈ വിജയത്തോടെ ഗ്രൂപ്പ് എ-യില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ. ജൂണ്‍ ഒമ്പതിനാണ് ഇന്ത്യയുടെ അടുത്ത മത്സരം. ന്യൂയോര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനാണ് എതിരാളികള്‍.
Content Highlight: T20 World Cup 2024: Hardik Pandya becomes 6th player to complete 1000 runs and 75 wickets in T20I