| Thursday, 6th June 2024, 7:13 pm

43ാം വയസില്‍ മാറ്റിയെഴുതിയത് ടി-20 ലോകകപ്പിന്റെ ചരിത്രം; ക്രിക്കറ്റ് ഭൂപടത്തില്‍ റെക്കോഡ് കൊണ്ട് അടയാളപ്പെടുത്തിയത് സ്വന്തം രാജ്യത്തെ

സ്പോര്‍ട്സ് ഡെസ്‌ക്

പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ്, ഫ്രാങ്ക് എന്‍സുബുഗയെന്ന ഉഗാണ്ടന്‍ ഇതിഹാസ താരത്തെ ഇങ്ങനെ വിശേഷിപ്പിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് ക്രിക്കറ്റ് ലോകം തുറന്ന് സമ്മതിക്കും. ഉഗാണ്ടയെന്ന ക്രിക്കറ്റ് പ്ലെയിങ് നേഷന് ലോക ക്രിക്കറ്റ് ഭൂപടത്തില്‍ സ്ഥാനം നേടിക്കൊടുത്ത പേരുകാരില്‍ പ്രധാനിയാണ് ഈ ഓഫ് സ്പിന്നര്‍.

ടി-20 ഫോര്‍മാറ്റിലെ പല റെക്കോഡുകളും 43കാരന്റെ പേരിലുണ്ട്. അക്കൂട്ടത്തിലേക്ക് ടി-20 ലോകകപ്പിലെ ഒരു ഐതിഹാസികത നേട്ടം കൂടി എഴുതിച്ചേര്‍ത്തിരിക്കുകയാണ് ഇദ്ദേഹം. 2024 ടി-20 ലോകകപ്പില്‍ പപ്പുവ ന്യൂ ഗിനിക്കെതിരായ മത്സരത്തിലാണ് ഉഗാണ്ടന്‍ വെറ്ററന്‍ താരം റെക്കോഡിട്ടത്.

രണ്ട് മെയ്ഡന്‍ അടക്കം നാല് ഓവര്‍ പന്തെറിഞ്ഞ് വെറും നാല് റണ്‍സ് മാത്രമാണ് എന്‍സുബുഗ വിട്ടുകൊടുത്തത്. രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. 1.00 എന്ന അവിശ്വസനീയ എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.

2007 മുതലുള്ള ടി-20 ലോകകപ്പ് ചരിത്രത്തില്‍ ഒരു ബൗളറുടെ ഏറ്റവും മികച്ച എക്കോണമിയാണിത്.

ഇതിന് പുറമെ അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം മെയ്ഡന്‍ ഓവറുകള്‍ എറിയുന്ന താരമെന്ന തന്റെ തന്നെ റെക്കോഡും എന്‍സുബുഗ തിരുത്തിക്കുറിച്ചു. പി.എന്‍.ജിക്കെതിരെ കുറിച്ച രണ്ട് മെയ്ഡനടക്കം 17 തവണയാണ് ഈ 43കാരന്‍ റണ്‍ വഴങ്ങാതെ പന്തെറിഞ്ഞത്.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം മെയ്ഡന്‍ ഓവര്‍ എറിഞ്ഞ താരങ്ങള്‍

(താരം – ടീം – മെയ്ഡന്‍ ഓവര്‍ എന്നീ ക്രമത്തില്‍)

ഫ്രാങ്ക് എന്‍സുബുഗ – ഉഗാണ്ട – 17*

ഷെം എന്‍ഗോച്ചെ – കെനിയ – 12

ജസ്പ്രീത് ബുംറ – ഇന്ത്യ – 11

ഭുവനേശ്വര്‍ കുമാര്‍ – ഇന്ത്യ – 10

ഗുലാം അഹമ്മദി – ജര്‍മനി – 10

ദിനേഷ് നക്രാണി – ഉഗാണ്ട – 8

ഹെന്റി സെന്യാഡോ – ഉഗാണ്ട – 8

ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഉഗാണ്ട പപ്പുവ ന്യൂ ഗിനിയെ ബാറ്റിങ്ങിനയച്ചു. 19.1 ഓവറില്‍ 77 റണ്‍സ് നേടി പി.എന്‍.ജി പുറത്തായി.

19 പന്തില്‍ 15 റണ്‍സ് നേടിയ ഹിരി ഹിരിയാണ് പി.എന്‍.ജിയുടെ ടോപ് സ്‌കോറര്‍.

എന്‍സുബുഗക്ക് പുറമെ ജുമ മിയാജി, അല്‍പേഷ് രംജാനി, കോസ്മസ് കെയ്‌വുത എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ക്യാപ്റ്റന്‍ ബ്രയന്‍ മസാബ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഉഗാണ്ട റിയാസത് അലി ഷായുടെ ഇന്നിങ്‌സിന്റെ കരുത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

രണ്ട് മത്സരത്തില്‍ നിന്നും ഒരു ജയവുമായി ഗ്രൂപ്പ് സി-യില്‍ മൂന്നാമതാണ് ഉഗാണ്ട. ജൂണ്‍ ഒമ്പതിനാണ് ഉഗാണ്ടയുടെ അടുത്ത മത്സരം. ഗയാനയില്‍ നടക്കുന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസാണ് എതിരാളികള്‍.

Content Highlight: T20 World Cup 2024: Frank Nsubuga created History

We use cookies to give you the best possible experience. Learn more