| Friday, 28th June 2024, 7:32 pm

ഫൈനലില്‍ ജയിച്ചാല്‍ നേടുക കിരീടം മാത്രമല്ല! ചരിത്രത്തിലെ ഏക ക്യാപ്റ്റനാകാന്‍ ഹിറ്റ്മാന് വേണ്ടത് ഒറ്റ ജയം

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയിരുന്നു. 68 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്.

ഇന്ത്യ ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് 16.3 ഓവറില്‍ വെറും 103 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

ഈ വിജയത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ സ്വന്തമാക്കിയത്. അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം മത്സരത്തില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുന്ന നായകന്‍ എന്ന നേട്ടമാണ് രോഹിത് തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്. 49ാം മത്സരത്തിലാണ് രോഹിത് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നത്.

48 വിജയം നേടിയ പാക് നായകന്‍ ബാബര്‍ അസമിന്റെ റെക്കോഡാണ് രോഹിത് തകര്‍ത്തെറിഞ്ഞത്.

ഇപ്പോള്‍ മറ്റൊരു ചരിത്ര നേട്ടമാണ് രോഹിത്തിന് തൊട്ടുമുമ്പിലുള്ളത്. അന്താരാഷ്ട്ര ടി-20 മത്സരങ്ങളില്‍ 50 വിജയം നേടുന്ന ചരിത്രത്തിലെ ആദ്യ നായകന്‍ എന്ന നേട്ടമാണ് രോഹിത്തിന് മുമ്പിലുള്ളത്.

ഫൈനലില്‍ ഏയ്ഡന്‍ മാര്‍ക്രമിന്റെ നേതൃത്വത്തില്‍ കളത്തിലിറങ്ങുന്ന സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്താന്‍ സാധിച്ചാല്‍ രോഹിത്തിന് ഈ ഐതിഹാസിക റെക്കോഡ് തന്റെ പേരില്‍ എഴുതിച്ചേര്‍ക്കാം.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം മത്സരത്തില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍മാര്‍

(താരം – ടീം – മത്സരം – വിജയം – വിജയശതമാനം എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – ഇന്ത്യ – 62 – 49 – 79.03%

ബാബര്‍ അസം – പാകിസ്ഥാന്‍ – 85 – 48 – 56.47%

ബ്രയാന്‍ മസാബ – ഉഗാണ്ട – 60 – 45 – 75.00%

അസ്ഗര്‍ അഫ്ഗാന്‍ – അഫ്ഗാനിസ്ഥാന്‍ – 52 – 42 – 80.76%

ഒയിന്‍ മോര്‍ഗന്‍ – ഇംഗ്ലണ്ട് – 72 – 42 – 58.33%

അതേസമയം, ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും അര്‍ധ സെഞ്ച്വറിക്ക് തൊട്ടരികിലെത്തി വീണ സൂര്യകുമാര്‍ യാദവിന്റെയും ഇന്നിങ്സിന്റെ കരുത്തിലാണ് ഇന്ത്യ പൊരുതാവുന്ന സ്‌കോറിലെത്തിയത്.

രോഹിത് 39 പന്തില്‍ 57 റണ്‍സ് നേടിയപ്പോള്‍ സൂര്യകുമാര്‍ 36 പന്തില്‍ 47 റണ്‍സും നേടി പുറത്തായി. വിരാട് കോഹ്‌ലിയും റിഷബ് പന്തും ശിവം ദുബെയും നിരാശപ്പെടുത്തിയപ്പോള്‍ 13 പന്തില്‍ 27 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യയും ഒമ്പത് പന്തില്‍ പുറത്താകാതെ 17 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുടെ ഇന്നിങ്സും ടോട്ടലില്‍ നിര്‍ണായകമായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി.

ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആദില്‍ റഷീദ്, ജോഫ്രാ ആര്‍ച്ചര്‍, റീസ് ടോപ്‌ലി, സാം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

കഴിഞ്ഞ ലോകകപ്പ് സെമി ഫൈനലിന് സമാനമായ വിജയലക്ഷ്യം പിന്നിട്ടിറങ്ങിയ ഇംഗ്ലണ്ടിന് തരക്കേടില്ലാത്ത തുടക്കം ലഭിച്ചിരുന്നു. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ ബൗണ്ടറികളടിച്ച് ഇന്ത്യന്‍ ബൗളര്‍മാരെ പരീക്ഷിച്ചുകൊണ്ടിരുന്നു.

എന്നാല്‍ നാലാം ഓവറില്‍ അക്സര്‍ പട്ടേലിനെ പന്തേല്‍പിച്ച ഇന്ത്യന്‍ നായകന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ല. ആദ്യ പന്തില്‍ തന്നെ ബട്‌ലറിനെ പുറത്താക്കി അക്സര്‍ ഇന്ത്യക്ക് ബ്രേക് ത്രൂ നല്‍കി. 15 പന്തില്‍ 23 എന്ന നിലയില്‍ നില്‍ക്കവെ റിഷബ് പന്തിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.

തുടര്‍ന്നും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ ഇംഗ്ലണ്ട് താരങ്ങളെ മികച്ച സ്‌കോര്‍ സ്വന്തമാക്കാനോ പാര്‍ട്ണര്‍ഷിപ് പടുത്തുയര്‍ത്താനോ അനുവദിക്കാതെ വരിഞ്ഞുമുറുക്കി.

ഒടുവില്‍ സ്‌കോര്‍ 103ല്‍ നില്‍ക്കവെ 17ാം ഓവറിലെ മൂന്നാം പന്തില്‍ ഇംഗ്ലണ്ടിന്റെ അവസാന വിക്കറ്റും വീണു.

ഇന്ത്യക്കായി കുല്‍ദീപ് യാദവും അക്സര്‍ പട്ടേലും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും നേടി.

ജൂണ്‍ 29നാണ് ഇന്ത്യ കലാശപ്പോരാട്ടത്തിനൊരുങ്ങുന്നത്. ആദ്യ സെമിയില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയ സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലാണ് വേദി.

Also Read എന്റെ റെക്കോഡ് അവൻ തകർത്തപ്പോൾ എനിക്ക് മനസിലായി അവന്റെ കഴിവ് എന്താണെന്ന്: സഞ്ജു സാംസൺ

Also Read റൊണാൾഡോയും മെസിയും വീണ്ടും നേർക്കുനേർ; പോർച്ചുഗൽ-അർജന്റീന പോരാട്ടത്തിന് കളമൊരുങ്ങാൻ സാധ്യത?

Also Read: സൗത്ത് ആഫ്രിക്കക്കെതിരെ ഇന്ത്യയുടെ ഇരട്ടകൊടുങ്കാറ്റ്; തകര്‍ന്നത് പാകിസ്ഥാന്റെ 20 വര്‍ഷത്തെ ആരുംതൊടാത്ത റെക്കോഡ്

Content Highlight: T20 World Cup 2024: Finals: SA vs IND: Rohit Sharma need one win to complete 50 wins as captain

We use cookies to give you the best possible experience. Learn more