| Saturday, 29th June 2024, 9:55 pm

വിരാട് ഒറ്റയ്ക്ക് അഞ്ച്, ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ മറ്റെല്ലാവരും ചേര്‍ന്ന് നേടിയത് വെറും നാല്; ഒരാള്‍ക്ക് പോലും പകരം വെക്കാന്‍ സാധിക്കാത്ത കരീസ്മ

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവല്‍ വേദിയാവുകയാണ്. മൂന്നാം ടി-20 ലോകകപ്പ് ഫൈനലിനിറങ്ങിയ ഇന്ത്യയും തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഫൈനലിനിറങ്ങിയ സൗത്ത് ആഫ്രിക്കയുമാണ് കിരീടത്തിനായി പോരാടുന്നത്.

ആദ്യ സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി സൗത്ത് ആഫ്രിക്ക ഫൈനലിന് യോഗ്യത നേടിയപ്പോള്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കലാശപ്പോരാട്ടത്തിനിറങ്ങിയത്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.

ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് ഇന്ത്യ നേടിയത്. വിരാട് കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറിയും അക്‌സര്‍ പട്ടേലിന്റെ അര്‍ധ സെഞ്ച്വറിയോളം പോന്ന ഇന്നിങ്‌സുമാണ് ഇന്ത്യക്ക് മോശമല്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്.

59 പന്ത് നേരിട്ട് ആറ് ബൗണ്ടറിയുടെയും രണ്ട് സിക്‌സറിന്റെയും അകമ്പടിയോടെ 76 റണ്‍സാണ് വിരാട് നേടിയത്. 31 പന്തില്‍ 47 റണ്‍സ് നേടി നില്‍ക്കവെ ക്വിന്റണ്‍ ഡി കോക്കിന്റെ ഡയറക്ട് ഹിറ്റ് റണ്‍ ഔട്ടിലൂടെയാണ് അക്‌സര്‍ പട്ടേല്‍ പുറത്താകുന്നത്. നാല് സിക്‌സറും ഒരു ബൗണ്ടറിയുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ഈ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ തന്റെ പേരിലുള്ള ചരിത്രനേട്ടം ഒരിക്കല്‍ക്കൂടി തിരുത്തിക്കുറിക്കാനും വിരാടിന് സാധിച്ചിരുന്നു. ഐ.സി.സി ടി-20 ലോകകപ്പിന്റെ നോക്ക് ഔട്ട് മത്സരങ്ങളില്‍ ഏറ്റവുമധികം 50+ റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് വിരാട് സ്വന്തമാക്കിയത്. ഇത് അഞ്ചാം തവണയാണ് ടി-20 ലോകകപ്പിന്റെ നോക്ക് ഔട്ടില്‍ വിരാട് 50+ റണ്‍സ് നേടുന്നത്.

ഐ.സി.സി ടി-20 ലോകകപ്പിന്റെ നോക്ക് ഔട്ട് മത്സരത്തില്‍ ഏറ്റവുമധികം തവണ 50+ റണ്‍സ് നേടുന്ന താരങ്ങള്‍

(താരം – ടീം – 50+ സ്‌കോര്‍ എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – ഇന്ത്യ – 5*

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 2

ഡാരില്‍ മിച്ചല്‍ – ന്യൂസിലാന്‍ഡ് – 2

മുഹമ്മദ് റിസ്വാന്‍ – പാകിസ്ഥാന്‍ – 2

മര്‍ലണ്‍ സാമുവല്‍സ് – വെസ്റ്റ് ഇന്‍ഡീസ് – 2

കുമാര്‍ സംഗക്കാര – ശ്രീലങ്ക – 2

ഷാഹിദ് അഫ്രിദി – പാകിസ്ഥാന്‍ – 2

ഇന്ത്യന്‍ താരങ്ങളുടെ കണക്കെടുമ്പോഴും വിരാട് കോഹ്‌ലി ഏറെ മുമ്പിലാണ്. വിരാട് ഒറ്റയ്ക്ക് അഞ്ച് തവണ ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ മറ്റെല്ലാ താരങ്ങളും ചേര്‍ന്ന് നാല് തവണയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഗൗതം ഗംഭീര്‍, ഹര്‍ദിക് പാണ്ഡ്യ, രോഹിത് ശര്‍മ, യുവരാജ് സിങ് എന്നിവര്‍ ഓരോ തവണാണ് നോക്ക് ഔട്ടില്‍ അര്‍ധ സെഞ്ച്വറി തികച്ചത്.

അതേസമയം, ടി-20 ലോകകപ്പ് ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ എന്ന നേട്ടവും വിരാടിന്റെയും അക്‌സറിന്റെയും ഇന്നിങ്‌സിന്റെ ബലത്തില്‍ ഇന്ത്യ സ്വന്തമാക്കി.

സൗത്ത് ആഫ്രിക്കക്കായി ആന്റിക് നോര്‍ക്യയും കേശവ് മഹാരാജും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ കഗീസോ റബാദയും മാര്‍കോ യാന്‍സെനും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്. ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റീസ ഹെന്‍ഡ്രിക്‌സ്, ഏയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഹെന്റിക് ക്ലാസന്‍, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, കഗീസോ റബാദ, ആന്റിക് നോര്‍ക്യ, തബ്രായിസ് ഷംസി.

Also Read അര്‍ജന്റീനക്ക് വീണ്ടും തിരിച്ചടി; മെസിക്ക് പിന്നാലെ ടീമിന്റെ നെടുംതൂണും പുറത്ത്

Also Read റൊണാൾഡോയും കൂട്ടരും ഒന്ന് സൂക്ഷിച്ചോ! പ്രീക്വാർട്ടറിൽ പോർച്ചുഗലിനെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി

Also Read രോഹിത്തിന്റെ യോഗ്യത ഇതാണ്, ആറ് മാസം മുമ്പ് അവനോട് ചെയ്തത് ഓര്‍മയുണ്ടോ; രോഹിത് ശര്‍മയെ പ്രശംസിച്ച് ഗാംഗുലി

Content Highlight: T20 World Cup 2024: Final: IND vs SA: Virat Kohli scored his 5th 50+ score in T20 World Cup Knock Out matches

We use cookies to give you the best possible experience. Learn more