| Saturday, 29th June 2024, 8:35 pm

ഫൈനല്‍ കളിച്ച് ഫൈനല്‍ കളിച്ച് നേടിയ റെക്കോഡ്, ഒന്നാം സ്ഥാനം പങ്കിട്ട് രോഹിത്തും വിരാടും; ഐതിഹാസിക നേട്ടത്തില്‍ രോ-കോ സഖ്യം

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവല്‍ വേദിയാവുകയാണ്. മൂന്നാം ടി-20 ലോകകപ്പ് ഫൈനലിനിറങ്ങിയ ഇന്ത്യയും തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഫൈനലിനിറങ്ങിയ സൗത്ത് ആഫ്രിക്കയുമാണ് കിരീടത്തിനായി പോരാടുന്നത്.

ആദ്യ സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി സൗത്ത് ആഫ്രിക്ക ഫൈനലിന് യോഗ്യത നേടിയപ്പോള്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കലാശപ്പോരാട്ടത്തിനിറങ്ങിയത്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.

ഫൈനലിന് കളത്തിലിറങ്ങിയതിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെയും സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെയും തേടിയെത്തിയത്. ഏറ്റവുമധികം ഐ.സി.സി ടൂര്‍ണമെന്റുകളുടെ ഫൈനല്‍ മത്സരം കളിക്കുന്ന താരങ്ങളെന്ന നേട്ടമാണ് ഇരുവരും സ്വന്തമാക്കിയത്. ഇത് എട്ടാം ഫൈനലിനാണ് ഇരുവരും ബാര്‍ബഡോസിലേക്കിറങ്ങിയത്.

രോഹിത് മൂന്ന് ടി-20 ലോകകപ്പ് (2007, 2014, 2024), രണ്ട് ചാമ്പ്യന്‍സ് ട്രോഫി (2013, 2017), രണ്ട് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (2021, 2023) ഒരു ഏകദിന ലോകകപ്പ് (2023) എന്നീ ടൂര്‍ണമെന്റുകളുടെ ഫൈനല്‍ കളിച്ചപ്പോള്‍ വിരാട് രണ്ട് ഏകദിന ലോകകപ്പ് (2011, 2023), രണ്ട് ചാമ്പ്യന്‍സ് ട്രോഫി (2013, 2017), രണ്ട് ടി-20 ലോകകപ്പ് (2014, 2024), രണ്ട് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (2021, 2023) ഫൈനലുകളിലും കളത്തിലിറങ്ങി.

ഇതില്‍ 2007 ടി-20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്, 2013 ചാമ്പ്യന്‍സ് ട്രോഫി എന്നീ ടൂര്‍ണമെന്റുകളില്‍ ഇന്ത്യ കപ്പുയര്‍ത്തിയപ്പോള്‍ മറ്റുള്ള ഫൈനലുകളില്‍ പരാജയപ്പെട്ടു. ഇപ്പോള്‍ 2024 ടി-20 ലോകകപ്പിന്റെ ഫൈനലില്‍ വിജയിക്കാനുള്ള ഒരുക്കത്തിലാണ് വിരാടും രോഹിത്തും.

അതേസമയം, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റിരുന്നു. കേശവ് മഹാരാജ് എറിഞ്ഞ രണ്ടാം ഓവറില്‍ രണ്ട് വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ അഞ്ച് പന്തില്‍ ഒമ്പത് റണ്‍സിന് മടക്കിയപ്പോള്‍ റിഷബ് പന്തിനെ സില്‍വര്‍ ഡക്കാക്കിയാണ് മഹാരാജ് പുറത്താക്കിയത്.

അഞ്ചാം ഓവറില്‍ സ്റ്റാര്‍ പേസര്‍ കഗീസോ റബാദയും ഇന്ത്യയെ ഞെട്ടിച്ചു. സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിനെ മൂന്ന് റണ്‍സിനും ഇന്ത്യക്ക് നഷ്ടമായി.

നിലവില്‍ അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. 16 പന്തില്‍ 22 റണ്‍സുമായി വിരാട് കോഹ്‌ലിയും മൂന്ന് പന്തില്‍ അഞ്ച് റണ്‍സുമായി അക്‌സര്‍ പട്ടേലുമാണ് ക്രീസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്. ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റീസ ഹെന്‍ഡ്രിക്‌സ്, ഏയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഹെന്റിക് ക്ലാസന്‍, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, കഗീസോ റബാദ, ആന്റിക് നോര്‍ക്യ, തബ്രായിസ് ഷംസി.

Also Read അര്‍ജന്റീനക്ക് വീണ്ടും തിരിച്ചടി; മെസിക്ക് പിന്നാലെ ടീമിന്റെ നെടുംതൂണും പുറത്ത്

Also Read റൊണാൾഡോയും കൂട്ടരും ഒന്ന് സൂക്ഷിച്ചോ! പ്രീക്വാർട്ടറിൽ പോർച്ചുഗലിനെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി

Also Read രോഹിത്തിന്റെ യോഗ്യത ഇതാണ്, ആറ് മാസം മുമ്പ് അവനോട് ചെയ്തത് ഓര്‍മയുണ്ടോ; രോഹിത് ശര്‍മയെ പ്രശംസിച്ച് ഗാംഗുലി

Content highlight: T20 World Cup 2024: Final: IND vs SA: Rohit Sharma and Virat Kohli with a historic record

We use cookies to give you the best possible experience. Learn more