2024 ടി-20 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവല്‍ വേദിയാവുകയാണ്. മൂന്നാം ടി-20 ലോകകപ്പ് ഫൈനലിനിറങ്ങിയ ഇന്ത്യയും തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഫൈനലിനിറങ്ങിയ സൗത്ത് ആഫ്രിക്കയുമാണ് കിരീടത്തിനായി പോരാടുന്നത്.
ആദ്യ സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി സൗത്ത് ആഫ്രിക്ക ഫൈനലിന് യോഗ്യത നേടിയപ്പോള്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കലാശപ്പോരാട്ടത്തിനിറങ്ങിയത്.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.
മാര്‍കോ യാന്‍സെന്‍ എറിഞ്ഞ ആദ്യ ഓവറില്‍ 15 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്. വിരാട് കോഹ്‌ലിയുടെ ബാറ്റില്‍ നിന്നും ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ മൂന്ന് ബൗണ്ടറികള്‍ പാഞ്ഞപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ആവേശത്തിരയേറി. ടി-20 വേള്‍ഡ് കപ്പ് ഫൈനലിന്റെ ചരിത്രത്തിലെ ഏറ്റവും എക്‌സ്‌പെന്‍സീവായ ആദ്യ ഓവറായിരുന്നു ഇത്.
എന്നാല്‍ രണ്ടാം പന്തില്‍ കേശവ് മഹാരാജിലൂടെ സൗത്ത് ആഫ്രിക്ക ഡ്രൈവിങ് സീറ്റിലെത്തി. മഹാരാജിന്റെ ഓവറില്‍ രണ്ട് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
അഞ്ച് പന്തില്‍ ഒമ്പത് റണ്‍സ് നേടിയ രോഹിത് ശര്‍മയെ ക്ലാസന്റെ കൈകളിലെത്തിച്ച് മടക്കിയ മഹാരാജ് റിഷബ് പന്തിനെ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ കൈകളിലെത്തിച്ച് സില്‍വര്‍ ഡക്കാക്കിയും മടക്കി.
ഇതോടെ ഒരു ചരിത്ര നേട്ടമാണ് മഹാരാജ് സ്വന്തമാക്കിയത്. ഒരു മേജര്‍ ഐ.സി.സി ടൂര്‍ണമെന്റ് ഫൈനലില്‍ ഒരു ഓവറില്‍ ഒന്നിലധികം വിക്കറ്റ് നേടുന്ന ആദ്യ സൗത്ത് ആഫ്രിക്കന്‍ സ്പിന്നര്‍ എന്ന നേട്ടമാണ് മഹാരാജ് തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്.
1998 ചാമ്പ്യന്‍സ് ട്രോഫി (വില്‍സ് ഇന്റര്‍നാഷണല്‍ കപ്പ്) ഫൈനലില്‍ നിക്കി ബോജെയും ഡെറക് ക്രൂക്‌സും ഓരോ വിക്കറ്റ് വീതം നേടിയതായിരുന്നു ഇതിന് മുമ്പത്തെ റെക്കോഡ്.
അതേസമയം, തുടക്കം പാളിയെങ്കിലും നാലാം വിക്കറ്റില്‍ അക്‌സര്‍ പട്ടേലിനെ ഒപ്പം കൂട്ടി ഇന്ത്യ സ്‌കോര്‍ പടുത്തുയര്‍ത്തുകയാണ്. നിലവില്‍ 12 ഓവര്‍ പിന്നിടുമ്പോള്‍ 93ന് മൂന്ന് എന്ന നിലയിലാണ് ഇന്ത്യ. 35 പന്തില്‍ 41 റണ്‍സുമായി വിരാട് കോഹ്‌ലിയും 26 പന്തില് 38 റണ്‍സുമായി അക്‌സര്‍ പട്ടേലുമാണ് ക്രീസില്‍.
ഇന്ത്യ പ്ലെയിങ് ഇലവന്‍
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്. ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.
സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍
ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റീസ ഹെന്‍ഡ്രിക്‌സ്, ഏയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഹെന്റിക് ക്ലാസന്‍, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, കഗീസോ റബാദ, ആന്റിക് നോര്‍ക്യ, തബ്രായിസ് ഷംസി.
Also Read അര്‍ജന്റീനക്ക് വീണ്ടും തിരിച്ചടി; മെസിക്ക് പിന്നാലെ ടീമിന്റെ നെടുംതൂണും പുറത്ത്
Content Highlight: T20 World Cup 2024: Final: IND vs SA: Keshav Maharaj achieved a historic feat