| Saturday, 29th June 2024, 10:27 pm

മത്സരം അവസാനിക്കുന്നതിന് മുമ്പ് തിരുത്തിക്കുറിച്ചത് ലോകകപ്പ് ഫൈനലുകളുടെ ചരിത്രം; ഓസ്‌ട്രേലിയയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയിട്ട് ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവല്‍ വേദിയാവുകയാണ്. മൂന്നാം ടി-20 ലോകകപ്പ് ഫൈനലിനിറങ്ങിയ ഇന്ത്യയും തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഫൈനലിനിറങ്ങിയ സൗത്ത് ആഫ്രിക്കയുമാണ് കിരീടത്തിനായി പോരാടുന്നത്.

ആദ്യ സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി സൗത്ത് ആഫ്രിക്ക ഫൈനലിന് യോഗ്യത നേടിയപ്പോള്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കലാശപ്പോരാട്ടത്തിനിറങ്ങിയത്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.

ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് ഇന്ത്യ നേടിയത്. വിരാട് കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറിയും അക്‌സര്‍ പട്ടേലിന്റെ അര്‍ധ സെഞ്ച്വറിയോളം പോന്ന ഇന്നിങ്‌സുമാണ് ഇന്ത്യക്ക് മോശമല്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്.

59 പന്ത് നേരിട്ട് ആറ് ബൗണ്ടറിയുടെയും രണ്ട് സിക്‌സറിന്റെയും അകമ്പടിയോടെ 76 റണ്‍സാണ് വിരാട് നേടിയത്. 31 പന്തില്‍ 47 റണ്‍സ് നേടി നില്‍ക്കവെ ക്വിന്റണ്‍ ഡി കോക്കിന്റെ ഡയറക്ട് ഹിറ്റ് റണ്‍ ഔട്ടിലൂടെയാണ് അക്‌സര്‍ പട്ടേല്‍ പുറത്താകുന്നത്. നാല് സിക്‌സറും ഒരു ബൗണ്ടറിയുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

16 പന്തില്‍ 27 റണ്‍സ് നേടിയ ശിവം ദുബെയുടെ ഇന്നിങ്‌സും ഇന്ത്യന്‍ ടോട്ടലില്‍ നിര്‍ണായകമായി.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടി-20 ലോകകപ്പുകളുടെ ഫൈനലില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ എന്ന നേട്ടമാണ് ഇന്ത്യ തങ്ങളുടെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്.

2021 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ ഓസ്‌ട്രേലിയ നേടിയ 173/2 റണ്‍സിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 173 റണ്‍സിന്റെ വിജയലക്ഷ്യം ഏഴ് പന്തും എട്ട് വിക്കറ്റും ശേഷിക്കെ മറികടന്നാണ് ഓസ്‌ട്രേലിയ ഈ നേട്ടം സ്വന്തമാക്കിയത്.

അതേസമയം, സൗത്ത് ആഫ്രിക്കക്കായി ആന്റിക് നോര്‍ക്യയും കേശവ് മഹാരാജും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ കഗീസോ റബാദയും മാര്‍കോ യാന്‍സെനും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്ക നാല് ഓവര്‍ പിന്നിടുമ്പോള്‍ 22 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്.

റീസ ഹെന്‍ഡ്രിക്‌സിന്റെയും ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രമിന്റെയും വിക്കറ്റാണ് സൗത്ത് ആഫ്രിക്കക്ക് നഷ്ടമായത്. ഹെന്‍ഡ്രിക്‌സും മാര്‍ക്രവും അഞ്ച് പന്തില്‍ നാല് റണ്‍സ് വീതം നേടിയാണ് പുറത്തായത്. ബുംറയും അര്‍ഷ്ദീപുമാണ് വിക്കറ്റുകള്‍ നേടിയത്.

പത്ത് പന്തില്‍ പത്ത് റണ്‍സുമായി ക്വിന്റണ്‍ ഡി കോക്കും നാല് പന്തില്‍ രണ്ട് റണ്‍സുമായി ട്രിസിറ്റണ്‍ സ്റ്റബ്‌സുമാണ് ക്രീസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്. ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റീസ ഹെന്‍ഡ്രിക്‌സ്, ഏയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഹെന്റിക് ക്ലാസന്‍, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, കഗീസോ റബാദ, ആന്റിക് നോര്‍ക്യ, തബ്രായിസ് ഷംസി.

Content highlight: T20 World Cup 2024: Final: IND vs SA: India set the record of highest total in T20 World Cup Final

We use cookies to give you the best possible experience. Learn more