ടി-20 ലോകകപ്പിന്റെ ഫൈനലിന് ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പാണുള്ളത്. ജൂണ്‍ 29ന് ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ സൗത്ത് ആഫ്രിക്കയെ നേരിടും.
കഴിഞ്ഞ ദിവസം ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയിരുന്നു. 68 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്.
ഇന്ത്യ ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് 16.3 ഓവറില്‍ വെറും 103 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.
അതേസമയം, ആദ്യ സെമിയില്‍ അഫ്ഗാനിസ്ഥാനെതിരെ 9 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ സൗത്ത് ആഫ്രിക്കയെയാണ് ഇന്ത്യ ഫൈനലില്‍ നേരിടുക.
ഇതാദ്യമായാണ് സൗത്ത് ആഫ്രിക്ക ഒരു ഐ.സി.സി ലോകകപ്പിന്റെ ഫൈനലില്‍ കടക്കുന്നത്. ഇതിന് മുമ്പ് ഏഴ് തവണ സെമി ഫൈനലില്‍ പ്രവേശിച്ചിരുന്നെങ്കിലും സകലതിലും തോല്‍വിയായിരുന്നു ഫലം.
ഇപ്പോള്‍ ഫൈനലിന് മുമ്പ് വിരാട് കോഹ്‌ലിയുടെ സ്‌പെഷ്യല്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് ഐ.സി.സി. സിംഹാസനത്തിലിരിക്കുന്ന തരത്തിലുള്ള വിരാടിന്റെ ചിത്രമാണ് ഐ.സി.സി പങ്കുവെച്ചത്. ഇതിന് പുറമെ വിരാട് ഇതിന് മുമ്പ് കളിച്ച ലോകകപ്പുകളിലെ ചിത്രങ്ങളും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കിരീടനേട്ടത്തിന് വെറും ഒരു അടി മാത്രമകലെയാണ് വിരാട് എന്ന് ക്യാപ്ഷന്‍ നല്‍കിയാണ് ഐ.സി.സി ചിത്രം പങ്കുവെച്ചിരിക്കുന്നത്.
The last jewel remains missing from the crown of the king 👑
ഇതിന് പുറമെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ സ്‌പെഷ്യല്‍ പോസ്റ്ററും ഐ.സി.സി പുറത്തിറക്കിയിട്ടുണ്ട്. ഇതുവരെ ഒറ്റ മത്സരം പോലും തോല്‍ക്കാതെയാണ് രോഹിത് ഇന്ത്യയെ ഫൈനലിലെത്തിച്ചതെന്നും കിരീടത്തിലേക്ക് ഒരു വിജയം കൂടിയാണ് വേണ്ടതെന്നും ക്യാപ്ഷനായി നല്‍കിയിട്ടുമുണ്ട്.
7️⃣ checkmates on the road to glory, 1️⃣ more to go ⏳
എന്നാല്‍ സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍ക്കായി ഇത്തരത്തില്‍ ഒരു പോസ്റ്ററും ഐ.സി.സി പങ്കുവെച്ചിട്ടില്ല. ഇന്ത്യയെ പോലെ തന്നെ എല്ലാ മത്സരവും വിജയിച്ച് അപരാജിതരായാണ് സൗത്ത് ആഫ്രിക്കയും ഫൈനലിനെത്തിയത്.
ഇന്ത്യ കളിച്ച ഏഴ് മത്സരത്തില്‍ ഏഴിലും വിജയിച്ചപ്പോള്‍ കളിച്ച എട്ടില്‍ എട്ടിലും വിജയിച്ചാണ് പ്രോട്ടിയാസ് കലാശപ്പോരാട്ടത്തിനൊരുങ്ങുന്നത്.
രോഹിത് ശര്‍മയെ പോലെ ഏയ്ഡന്‍ മാര്‍ക്രമിന്റെ പോസ്റ്ററും ആവശ്യമായിരുന്നു എന്നും ചരിത്രത്തിലെ ആദ്യ ലോകകപ്പ് കളിക്കുന്ന സൗത്ത് ആഫ്രിക്കക്കായി ഇന്ത്യക്ക് നല്‍കുന്ന പിന്തുണ ഐ.സി.സി നല്‍കണമെന്നും ആരാധകര്‍ പറയുന്നു.
അതേസമയം, ചരിത്രത്തിലെ ആദ്യ ലോകകപ്പാണ് സൗത്ത് ആഫ്രിക്ക ലക്ഷ്യമിടുന്നത്. അതേസമയം, ഒരു പതിറ്റാണ്ടിലേറെയായി തുടര്‍ന്നുവരുന്ന കിരീടവരള്‍ച്ചയ്ക്ക് അന്ത്യമിടാനാണ് ഇന്ത്യ ഒരുങ്ങുന്നത്.
ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ 8ലും ഒറ്റ മത്സരം പോലും തോല്‍ക്കാതെയെത്തുന്ന രണ്ട് ടീമുകള്‍ തമ്മിലുള്ള ക്ലാസിക് പോരാട്ടത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. കിരീടമെന്ന ഒരേ ലക്ഷ്യത്തിലേക്ക് ഇരുവരും ഓടിയെടുക്കുമ്പോള്‍ ബാര്‍ബഡോസില്‍ തീ പാറുമെന്നുറപ്പാണ്.