| Saturday, 8th June 2024, 9:36 pm

ഇതുപോലൊന്ന് ക്രിക്കറ്റ് ലോകം ഇതുവരെ കണ്ടിട്ടില്ല; ഇതിഹാസങ്ങള്‍ക്ക് പോലുമാകാത്ത ഐതിഹാസിക നേട്ടത്തില്‍ അഫ്ഗാന്‍ ടൈറ്റന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പില്‍ തങ്ങളുടെ രണ്ടാം മത്സരത്തിലും പടുകൂറ്റന്‍ വിജയം നേടിക്കൊണ്ടാണ് അഫ്ഗാനിസ്ഥാന്‍ ഗ്രൂപ്പ് സി-യില്‍ കുതിക്കുന്നത്. ആദ്യ മത്സരത്തില്‍ ലോകകപ്പിലെ കന്നിക്കാരായ ഉഗാണ്ടയെ തകര്‍ത്തെറിഞ്ഞപ്പോള്‍ രണ്ടാം മത്സരത്തില്‍ ന്യൂസിലാന്‍ഡിന്റെ അടിത്തറയിളക്കിയാണ് അഫ്ഗാന്‍ ടൈറ്റന്‍സ് വിജയം സ്വന്തമാക്കിയത്.

ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 84 റണ്‍സിന്റെ വമ്പന്‍ വിജയമാണ് അഫ്ഗാന്‍ നേടിയത്. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 160 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്‍ഡ് 15.2 ഓവറില്‍ വെറും 75 റണ്‍സിന് ഓള്‍ ഔട്ടായി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റഹ്‌മാനുള്ള ഗുര്‍ബാസിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 56 പന്ത് നേരിട്ട് അഞ്ച് വീതം സിക്‌സറും ബൗണ്ടറിയും അടക്കം 80 റണ്‍സാണ് ഗുര്‍ബാസ് അടിച്ചെടുത്തത്.

ഗുര്‍ബാസിന് പുറമെ ആദ്യ വിക്കറ്റില്‍ ഇബ്രാഹിം സദ്രാനും തകര്‍ത്തടിച്ചു. 41 പന്തില്‍ 44 റണ്‍സാണ് താരം നേടിയത്. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. 13 പന്തില്‍ 22 റണ്‍സ് നേടിയ അസ്മത്തുള്ള ഒമര്‍സായ്‌യും സ്‌കോറിങ്ങില്‍ തുണയായി.

ബാറ്റര്‍മാര്‍ തങ്ങളുടെ കടമ നിര്‍വഹിച്ചപ്പോള്‍ ബൗളര്‍മാര്‍ അതിലും മികച്ച രീതിയില്‍ തങ്ങളുടെ ചുമതല പൂര്‍ത്തിയാക്കി. ക്യാപ്റ്റന്‍ റാഷിദ് ഖാന്റെ നേതൃത്വത്തിലുള്ള ബൗളിങ് നിര തകര്‍ത്തെറിഞ്ഞപ്പോള്‍ ന്യൂസിലാന്‍ഡ് 15.2 ഓവറില്‍ ഓള്‍ ഔട്ടായി.

ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ സൂപ്പര്‍ താരം ഫിന്‍ അലനെ നഷ്ടമായ കിവികള്‍ക്ക് 16ാം ഓവറിലെ രണ്ടാം പന്തില്‍ ടീം സ്‌കോര്‍ 75ല്‍ നില്‍ക്കവെ അവസാന വിക്കറ്റായി മാറ്റ് ഹെന്‌റിയെയും നഷ്ടമായി.

അഫ്ഗാനിസ്ഥാനായി ക്യാപ്റ്റന്‍ റാഷിദ് ഖാനും ഫസലാഖ് ഫാറൂഖിയും നാല് വിക്കറ്റ് വീതം നേടിയപ്പോള്‍ മുഹമ്മദ് നബിയാണ് ശേഷിക്കുന്ന രണ്ട് വിക്കറ്റും പിഴുതെറിഞ്ഞത്.

3.2 ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങിയാണ് യുവതാരം ഫസലാഖ് ഫാറൂഖി നാല് വിക്കറ്റ് നേടിയത്. ഓപ്പണര്‍ ഫിന്‍ അലന്‍, വിക്കറ്റ് കീപ്പര്‍ ഡെവോണ്‍ കോണ്‍വേ, വെടിക്കെട്ട് വീരന്‍ ഡാരില്‍ മിച്ചല്‍, മാറ്റ് ഹെന്‌റി എന്നിവരെയാണ് ഫാറൂഖി പുറത്താക്കിയത്.

ന്യൂസിലാന്‍ഡിനെതിരെ ഫോര്‍ഫര്‍ നേടിയതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് 23കാരനെ തേടിയെത്തിയത്. ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന താരമെന്ന നേട്ടമാണ് ഫാറൂഖി സ്വന്തമാക്കിയത്.

നേരത്തെ ഉഗാണ്ടക്കെതിരായ മത്സരത്തില്‍ ഫാറൂഖി ഫൈഫര്‍ നേടിയിരുന്നു. നാല് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റ് നേടിയത്. റോനക് പട്ടേല്‍, റോജര്‍ മുസാക, റിയാസത് അലി ഷാ, റോബിന്‍സണ്‍ ഒബുയ, ക്യാപ്റ്റന്‍ ബ്രയാന്‍ മസാക്ക എന്നിവരുടെ വിക്കറ്റുകളാണ് ഫാറൂഖി നേടിയത്.

രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റ് നേടിയതോടെ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഫാറൂഖി. രണ്ട് മത്സരത്തില്‍ നിന്നും ഒമ്പത് വിക്കറ്റാണ് താരം സ്വന്തമാക്കിയത്.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയിച്ചതിന് പിന്നാലെ ഗ്രൂപ്പ് സി സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതാണ് അഫ്ഗാന്‍. ജൂണ്‍ 14നാണ് ടീമിന്റെ അടുത്ത മത്സരം. ബ്രയാന്‍ ലാറ അക്കാദമി ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ പപ്പുവ ന്യൂ ഗിനിയാണ് എതിരാളികള്‍.

Content Highlight: T20 World Cup 2024: Fazalhaq Farooqi becomes the FIRST player to take back-to-back 4+ wicket hauls in T20 World Cup

We use cookies to give you the best possible experience. Learn more