'സൂപ്പര്‍ 8ല്‍ കടക്കുമെന്ന് ഒരിക്കലും കരുതിയില്ല, ഇനിയിപ്പോള്‍ അവധി നീട്ടേണ്ടി വരുമല്ലോ'; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായി നേത്രാവല്‍ക്കറും ഒറാക്കിളും
T20 world cup
'സൂപ്പര്‍ 8ല്‍ കടക്കുമെന്ന് ഒരിക്കലും കരുതിയില്ല, ഇനിയിപ്പോള്‍ അവധി നീട്ടേണ്ടി വരുമല്ലോ'; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായി നേത്രാവല്‍ക്കറും ഒറാക്കിളും
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 15th June 2024, 12:55 am

2024 ടി-20 ലോകകപ്പിലെ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ യു.എസ്.എ സൂപ്പര്‍ എട്ടിന് യോഗ്യത നേടിയിരിക്കുകയാണ്. സെന്‍ട്രല്‍ ബ്രൊവാര്‍ഡ് റീജ്യണല്‍ പാര്‍ക്കില്‍ അയര്‍ലന്‍ഡിനെതിരെ നടക്കാനിരുന്ന മത്സരമാണ് മഴ മൂലം ഉപേക്ഷിച്ചത്.

നാല് മത്സരത്തില്‍ നിന്നും രണ്ട് ജയവും ഒരു തോല്‍വിയും ഒരു സമനിലയുമായി അഞ്ച് പോയിന്റോടെയാണ് യു.എസ്.എ സൂപ്പര്‍ 8ന് യോഗ്യത നേടിയത്.

ഗ്രൂപ്പ് എ-യില്‍ നിന്നും സൂപ്പര്‍ എട്ടില്‍ പ്രവേശിക്കുന്ന രണ്ടാമത് ടീമാകാനും ഇതോടെ യു.എസ്.എക്കായി. ഒരു മത്സരം ശേഷിക്കെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ഇന്ത്യയാണ് സൂപ്പര്‍ 8ല്‍ പ്രവേശിച്ച ആദ്യ ടീം.

ഇതോടെ തങ്ങളുടെ ആദ്യ ലോകകപ്പില്‍ തന്നെ സൂപ്പര്‍ 8ല്‍ പ്രവേശിക്കാനും ചരിത്രമെഴുതാനും യു.എസ്.എക്കായി.

ഇപ്പോള്‍ ലോകകപ്പിന്റെ അടുത്ത ഘട്ടത്തില്‍ പ്രവേശിച്ചതോടെ യു.എസ്.എ സൂപ്പര്‍ താരം സൗരഭ് നേത്രാവല്‍ക്കറും അദ്ദേഹത്തിന്റെ കമ്പനിയായ ഒറാക്കിളുമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. യു.എസ്.എ ക്രിക്കറ്റ് ടീമിലെ പ്രധാന താരമാണെങ്കിലും നേത്രാവല്‍ക്കര്‍ ഒറാക്കിളിലെ എന്‍ജീനിയറുമാണ്. ഒറാക്കിളില്‍ നിന്നും അവധിയെടുത്താണ് താരം ലോകകപ്പിനായി എത്തിയത്.

 

 

ജൂണ്‍ 14ന് യു.എസ്.എയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം അവസാനിക്കുന്നതിനാല്‍ ജൂണ്‍ 17 വരെയാണ് അദ്ദേഹം കമ്പനിയില്‍ അവധിക്ക് അപേക്ഷിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സൂപ്പര്‍ 8ല്‍ പ്രവേശിച്ചതോടെ അവധി നീട്ടേണ്ട സാഹചര്യത്തിലാണ് നേത്രാവല്‍ക്കര്‍. നേരത്തെ മത്സരശേഷം ഹോട്ടല്‍ മുറിയിലിരുന്ന് നേത്രാവല്‍ക്കര്‍ ജോലി ചെയ്യുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ഇക്കാര്യമറിഞ്ഞതോടെ ക്രിക്കറ്റ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയങ്ങളില്‍ ഒറാക്കിളും നേത്രാവല്‍ക്കറും ഇടം നേടി.

ട്രോള്‍ ക്രിക്കറ്റ് മലയാളം

 

 

എന്നാലിപ്പോള്‍ കമ്പനി അദ്ദേഹത്തിന്റെ ലീവ് എക്‌സ്റ്റെന്‍ഡ് ചെയ്തു നല്‍കി എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

അതേസമയം, സൂപ്പര്‍ എട്ടില്‍ വമ്പന്‍ ടീമുകള്‍ക്കെതിരെയാണ് യു.എസ്.ക്ക് കളിക്കാനുള്ളത്. സൂപ്പര്‍ എട്ടിലെ മൂന്ന് മത്സരങ്ങളില്‍ യു.എസ്.എയുടെ രണ്ട് എതിരാളികള്‍ ആരെന്ന് ഇതിനോടകം വ്യക്തമായിരിക്കുകയാണ്.

ജൂണ്‍ 19നാണ് യു.എസ്.എ സൂപ്പര്‍ 8ലെ ആദ്യ മത്സരം കളിക്കുക. സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഗ്രൂപ്പ് ഡി ചാമ്പ്യന്‍മാരായ സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍

ശേഷം 22ന് കെന്‍സിങ്ടണ്‍ ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ലോകകപ്പിന്റെ സഹ ആതിഥേയരായ വിന്‍ഡീസാണ് എതിരാളികള്‍. ഗ്രൂപ്പ് സിയില്‍ നിന്നുമാണ് വിന്‍ഡീസ് സൂപ്പര്‍ എട്ടില്‍ പ്രവേശിച്ചത്.

ഗ്രൂപ്പ് ബി-യില്‍ നിന്നുള്ള എതിരാളികളെ ജൂണ്‍ 23നാണ് യു.എസ്.എ നേരിടുക. ബാര്‍ബഡോസ് തന്നെയാണ് വേദി.

യു.എസ്.എ സൂപ്പര്‍ 8 ഫിക്‌സ്ചര്‍

ജൂണ്‍ 19vs സൗത്ത് ആഫ്രിക്ക – സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയം

ജൂണ്‍ 22 vs വെസ്റ്റ് ഇന്‍ഡീസ് – കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ്

ജൂണ്‍ 23 vs TBD – കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ്

 

 

Content highlight: T20 World Cup 2024: Fans about Saurabh Netravalakar extending his leave after USA qualified for Super 8