2024 ടി-20 ലോകകപ്പിലെ ആദ്യം 200+ ടോട്ടല്‍ പിറന്ന മത്സരം ബാര്‍ബഡോസില്‍ തുടരുകയാണ്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ക്ലാസിക് റൈവല്‍റികളിലൊന്നായ ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് ക്ലാഷില്‍ ആദ്യം ബാറ്റ് ചെയ്ത കങ്കാരുക്കളാണ് ഈ ലോകകപ്പില്‍ ആദ്യമായി ഇരുന്നൂറടിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ഓപ്പണര്‍മാരുടെ കരുത്തില്‍ സ്‌കോറിങ്ങിന് അടിത്തറയിട്ടു. ഡേവിഡ് വാര്‍ണറും ട്രാവിസ് ഹെഡും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 70 റണ്‍സാണ് പടുത്തുയര്‍ത്തിയത്.
അഞ്ചാം ഓവറിലെ അവസാന പന്തില്‍ വാര്‍ണറിനെ മടക്കി മോയിന്‍ അലിയാണ് ഇംഗ്ലണ്ടിനാവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. 19പന്തില്‍ നാല് സിക്സ്റും രണ്ട് ഫോറുമടക്കം 39 റണ്‍സാണ് വാര്‍ണര്‍ അടിച്ചെടുത്തത്.
വൈകാതെ ട്രാവിസ് ഹെഡും മടങ്ങി. ജോഫ്രാ ആര്‍ച്ചറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങുമ്പോള്‍ 18 പന്തില്‍ 34 റണ്‍സാണ് ഹെഡിന്റെ പേരില്‍ കുറിക്കപ്പെട്ടത്.
ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് (25 പന്തില്‍ 35), മാര്‍കസ് സ്റ്റോയ്നിസ് (17 പന്തില്‍ 30), ഗ്ലെന്‍ മാക്‌സ്‌വെല്‍ (25 പന്തില്‍ 28) എന്നിവരും തങ്ങളുടേതായ സംഭാവന നല്‍കിയപ്പോള്‍ സ്‌കോര്‍ ഉയര്‍ന്നു. അവസാന ഓവറുകളില്‍ മാത്യു വേഡിന്റെ കാമിയോയും ഓസീസിന് തുണയായി.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 201റണ്‍സാണ് ഓസ്‌ട്രേലിയ സ്‌കോര്‍ ബോര്‍ഡില്‍ പടുത്തുയര്‍ത്തിയത്.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് കങ്കാരുക്കളുടെ പേരില്‍ കുറിക്കപ്പെട്ടത്. ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ടീമിലെ ഒരു താരം പോലും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാതെ സ്വന്തമാക്കുന്ന ഏറ്റവുമുയര്‍ന്ന ടോട്ടല്‍ എന്ന നേട്ടമാണ് ഓസീസ് സ്വന്തമാക്കിയത്.
2007ല്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് നേടിയ 200 റണ്‍സിന്റെ ടോട്ടലാണ് ഇതിന് മുമ്പ് റെക്കോഡ് നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്.
യുവരാജ് സിങ് ഒരു ഓവറില്‍ ആറ് സിക്‌സര്‍ പറത്തിയ മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 219 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് 200 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. 43 റണ്‍സ് നേടിയ ഓപ്പണര്‍ വിക്രം സോളങ്കിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.
ടി-20 ലോകകപ്പില്‍ അര്‍ധ സെഞ്ച്വറിയില്ലാതെ ഒരു ടീമിന്റെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍
(ടീം – സ്‌കോര്‍ – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
ഓസ്‌ട്രേലിയ – 201/7 – ഇംഗ്ലണ്ട് – 2024*
ഇംഗ്ലണ്ട് – 200/6 – ഇന്ത്യ – 2007
ഇംഗ്ലണ്ട് – 193/7 – സൗത്ത് ആഫ്രിക്ക – 2014
ന്യൂസിലാന്‍ഡ് – 190/10 – ഇന്ത്യ – 2007
ഇതിന് പുറമെ സ്വന്തം ചരിത്രം കൂടിയാണ് ഓസ്‌ട്രേലിയ ബാര്‍ബഡോസില്‍ തിരുത്തിക്കുറിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഓസീസ് ടി-20 ലോകകപ്പില്‍ 200 റണ്‍സ് മാര്‍ക് പിന്നിടുന്നത്.
ടി-20 ലോകകപ്പില്‍ ഓസ്ട്രേലിയയുടെ ഉയര്‍ന്ന ടോട്ടലുകള്‍
(സ്‌കോര്‍ – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
201/7 ഇംഗ്ലണ്ട് – ബാര്‍ബഡോസ് – 2024*
197/7 പാകിസ്ഥാന്‍ – ഗ്രോസ് ഐലറ്റ് – 2010
193/4 പാകിസ്ഥാന്‍ – മൊഹാലി – 2016
191/10 പാകിസ്ഥാന്‍ – ഗ്രോസ് ഐലറ്റ് – 2010
184/5 ഇന്ത്യ – ബാര്‍ബഡോസ് – 2010
ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജോഫ്രാ ആര്‍ച്ചര്‍, ലിയാം ലിവിങ്സ്റ്റണ്‍, മോയിന്‍ അലി, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
അതേസമയം, 202 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലണ്ട് 10 ഓവര്‍ അവസാനിക്കുമ്പോള്‍ 93ന് രണ്ട് എന്ന നിലയിലാണ്. എട്ട് പന്തില്‍ ഒമ്പത് റണ്‍സുമായി വില്‍ ജാക്‌സും ഒരു പന്തില്‍ ഒരു റണ്ണുമായി ജോണി ബെയര്‍സ്‌റ്റോയുമാണ് ക്രീസില്‍.
ഓസ്ട്രേലിയ പ്ലെയിങ് ഇലവന്‍
ട്രാവിസ് ഹെഡ്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍കസ് സ്റ്റോയ്നിസ്, ടിം ഡേവിഡ്, മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്, ആദം സാംപ, ജോഷ് ഹെയ്സല്‍വുഡ്.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍
ഫില്‍ സോള്‍ട്ട്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), വില്‍ ജാക്സ്, ജോണി ബെയര്‍സ്റ്റോ, ഹാരി ബ്രൂക്ക്, മോയിന്‍ അലി, ലിയാം ലിവ്ങ്സ്റ്റണ്‍, ക്രിസ് ജോര്‍ദന്‍, ജോഫ്രാ ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക് വുഡ്.
Content Highlight: T20 World Cup 2024: ENG vs AUS: Australia registered record of Highest T20 WC total without a fifty