ടി-20 ലോകകപ്പില്‍ യു.എസ്.എക്കെതിരെ തോല്‍വിയേറ്റുവാങ്ങിയതിന് പിന്നാലെ ടീമിന്റെ പരാജയത്തിന് കാരണം ടീമിലെ താരങ്ങളുടെ മോശം പ്രകടനമാണെന്ന് പാക് നായകന്‍ ബാബര്‍ അസം പറഞ്ഞിരുന്നു. പോസ്റ്റ് മാച്ച് പ്രസന്റേഷനിടെയായിരുന്നു ബാബര്‍ തോല്‍വിയില്‍ തന്റെ താരങ്ങളെ പഴിചാരിയത്.
പാക് നായകന്റെ ഈ പ്രവൃത്തിയില്‍ അതൃപ്തി പ്രകടിപ്പിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദിനേഷ് കാര്‍ത്തിക്. തന്റെ താരങ്ങളെ പൊതു മധ്യത്തില്‍ ഇങ്ങനെ തുറന്ന് വിമര്‍ശിക്കരുതെന്നും എന്നാല്‍ ടീം മീറ്റിങ്ങിലും മറ്റും ഇക്കാര്യം ചൂണ്ടിക്കാണിക്കണമെന്നുമാണ് ഡി.കെ. പറഞ്ഞത്.
ക്രിക്ബസ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ടീം ക്യാപ്റ്റനെന്ന നിലയില്‍ വാര്‍ത്താ സമ്മേളനങ്ങളിലും പോസ്റ്റ് മാച്ച് പ്രസന്റേഷനിലുമെല്ലാം നിങ്ങള്‍ ഡിപ്ലോമാറ്റിക്കായിരിക്കണം. സ്വന്തം താരങ്ങളെ പിന്തുണയ്ക്കാനുള്ള വഴികള്‍ നിങ്ങള്‍ കണ്ടെത്തണം.
നാല് ചുവരുകള്‍ക്കുള്ളിലും ഡ്രസ്സിങ് റൂമിലുമെല്ലാം നിങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നതെന്തും നിങ്ങള്‍ക്ക് പറയാന്‍ സാധിക്കും. കുറച്ചാളുകളെ കുറിച്ചാണ് നിങ്ങള്‍ ഇതെല്ലാം പറയാന്‍ ശ്രമിക്കുന്നത്, ഇതിനൊപ്പം അവരെ പിന്തുണയ്ക്കാനുള്ള വഴിയും ഒരു ക്യാപ്റ്റനെന്ന നിലയില്‍ നിങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു.
അദ്ദേഹം ഈ ടീമിന്റെ ക്യാപ്റ്റനായി ഇപ്പോള്‍ നിയമിക്കപ്പെട്ടതാണ്. പല താരങ്ങളും ഇപ്പോള്‍ മോശം ഫോമിലോ പരിക്കിന്റെ പിടിയിലോ ആണ്.
ഇതൊരു മോശം ദിവസമായിരുന്നു, ഇതിലും മികച്ച രീതിയില്‍ ഞങ്ങള്‍ക്ക് കളിക്കാന്‍ സാധിക്കുമായിരുന്നു എന്നെല്ലാമാണ് അവന്‍ പറയേണ്ടിയിരുന്നത്. ഈ രീതിയിലായിരിക്കണം അവന്‍ സംസാരിക്കേണ്ടത്,’ ദിനേഷ് കാര്‍ത്തിക് പറഞ്ഞു.
യു.എസ്.എക്കെതിരായ തോല്‍വിക്ക് പിന്നാലെ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് പാകിസ്ഥാന്‍. ജൂണ്‍ ഒമ്പതിനാണ് ബാബറും സംഘവും അടുത്ത മത്സരത്തിനിറങ്ങുന്നത്. ന്യൂയോര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയാണ് എതിരാളികള്‍.
Content Highlight: T20 World Cup 2024: Dinesh Karthik slams Babar Azam