| Saturday, 29th June 2024, 6:50 pm

ഓസ്‌ട്രേലിയ പ്രഖ്യാപിച്ച ലോകകപ്പ് ടീമിന്റെ ക്യാപ്റ്റന്‍ തങ്ങളെ പുറത്താക്കിയ റാഷിദ് ഖാന്‍; രോഹിത് ശര്‍മക്കൊപ്പം അമേരിക്കന്‍ സൂപ്പര്‍ താരവും ടീമില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിന്റെ ഫൈനലിന് ഇനി നിമിഷങ്ങളുടെ മാത്രം കാത്തിരിപ്പാണുള്ളത്. ജൂണ്‍ 29ന് ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ സൗത്ത് ആഫ്രിക്കയെ നേരിടാനൊരുങ്ങുകയാണ്.

ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. 68 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്.

ഇന്ത്യ ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് 16.3 ഓവറില്‍ വെറും 103 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

അതേസമയം, ആദ്യ സെമിയില്‍ അഫ്ഗാനിസ്ഥാനെതിരെ 9 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ സൗത്ത് ആഫ്രിക്കയെയാണ് ഇന്ത്യ ഫൈനലില്‍ നേരിടുക.

ഇതാദ്യമായാണ് സൗത്ത് ആഫ്രിക്ക ഒരു ഐ.സി.സി ലോകകപ്പിന്റെ ഫൈനലില്‍ കടക്കുന്നത്. ഇതിന് മുമ്പ് ഏഴ് തവണ സെമി ഫൈനലില്‍ പ്രവേശിച്ചിരുന്നെങ്കിലും സകലതിലും തോല്‍വിയായിരുന്നു ഫലം.

ഫൈനലിന്റെ ആവേശം കൊടുമ്പിരി കൊള്ളുമ്പോള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ച ടീം ഓഫ് ദി ടൂര്‍ണമെന്റാണ് ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നത്. ഈ ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ വിവധ ടീമുകളിലെ താരങ്ങളെ ഒന്നിച്ചുചേര്‍ത്താണ് ഓസ്‌ട്രേലിയ ടീം ഓഫ് ദി ടൂര്‍ണമെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

അഫ്ഗാന്‍ നായകന്‍ റാഷിദ് ഖാനെയാണ് ഓസ്‌ട്രേലിയ ലോകകപ്പ് ടീമിന്റെ നായകനാക്കിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനെ ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ സെമിയിലെത്തിച്ച ക്യാപ്റ്റന്റെ മികവിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയയും അംഗീകരിക്കുകയാണ്.

ഇന്ത്യയും ഓസ്‌ട്രേലിയയും ബംഗ്ലാദേശും അടങ്ങുന്ന ഗ്രൂപ്പില്‍ നിന്നുമാണ് ഓസീസിനെ പിന്തള്ളി റാഷിദ് ഖാനും അഫ്ഗാനിസ്ഥാനും സെമിക്ക് യോഗ്യത നേടിയത്.

ടീം ഓഫ് ദി ടൂര്‍ണമെന്റില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളും രണ്ട് വീതം ഓസ്‌ട്രേലിയന്‍ താരങ്ങളും അഫ്ഗാന്‍ താരങ്ങളും ഇടം നേടിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസ്, യു.എസ്.എ, ബംഗ്ലാദേശ്, സൗത്ത് ആഫ്രിക്ക എന്നീ ടീമുകളില്‍ നിന്നും ഓരോ താരങ്ങളെയും ക്രിക്കറ്റ് ഓസ്‌ട്രേലിയ തെരഞ്ഞെടുത്തിട്ടുണ്ട്.

ടീമിന്റെ ഓപ്പണര്‍മാരായി ഓസ്‌ട്രേലിയന്‍ തണ്ടര്‍ സ്‌റ്റോം ട്രാവിസ് ഹെഡിനൊപ്പം അനുഭവ സമ്പത്ത് കൈമുതലാക്കി ഇന്ത്യയെ മൂന്നാം തവണ ടി-20 ലോകകപ്പ് ഫൈനലിലെത്തിച്ച രോഹിത് ശര്‍മയെയാണ് സി.എ തെരഞ്ഞെടുത്തിരിക്കുന്നത്.

വണ്‍ ഡൗണായി വിന്‍ഡീസ് സൂപ്പര്‍ താരം നിക്കോളാസ് പൂരനെത്തുമ്പോള്‍ നാലാം നമ്പറില്‍ യു.എസ്.എ താരം ആരോണ്‍ ജോണ്‍സാണ് ഇടം നേടിയിരിക്കുന്നത്. ടീമിലെ ഏക അസോസിയേറ്റ് താരവും ആരോണ്‍ ജോണ്‍സ് തന്നെയാണ്.

മിഡില്‍ ഓര്‍ഡറില്‍ ഓള്‍ റൗണ്ടര്‍മാരായി മാര്‍കസ് സ്‌റ്റോയ്‌നിസും ഹര്‍ദിക് പാണ്ഡ്യയും റാഷിദ് ഖാനുമാണ് ഇടം നേടിയിരിക്കുന്നത്.

ബംഗ്ലാദേശ് യുവ സ്പിന്നര്‍ റിഷാദ് ഹൊസൈനാപ്പം ആന്‌റിക് നോര്‍ക്യ, ജസ്പ്രീത് ബുംറ, ഫസലാഖ് ഫാറൂഖി എന്നിവരാണ് ബൗളര്‍മാരായി ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ടീമില്‍ ഇടം നേടിയിരിക്കുന്നത്.

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ 2024 ടി-20 ലോകകപ്പ് ടീം ഓഫ് ദി ടൂര്‍ണമെന്റ്

രോഹിത് ശര്‍മ ( ഇന്ത്യ)

ട്രാവിസ് ഹെഡ് (ഓസ്‌ട്രേലിയ)

നിക്കോളാസ് പൂരന്‍ (വെസ്റ്റ് ഇന്‍ഡീസ്)

ആരോണ്‍ ജെയിംസ് (യു.എസ്.എ)

മാര്‍കസ് സ്‌റ്റോയ്‌നിസ് (ഓസ്‌ട്രേലിയ)

ഹര്‍ദിക് പാണ്ഡ്യ (ഇന്ത്യ)

റാഷിദ് ഖാന്‍ (അഫ്ഗാനിസ്ഥാന്‍)

റിഷാദ് ഹൊസൈന്‍ (ബംഗ്ലാദേശ്)

ആന്‌റിക് നോര്‍ക്യ (സൗത്ത് ആഫ്രിക്ക)

ജസ്പ്രീത് ബുംറ (ഇന്ത്യ)

ഫസലാഖ് ഫാറൂഖി (അഫ്ഗാനിസ്ഥാന്‍)

Also Read അര്‍ജന്റീനക്ക് വീണ്ടും തിരിച്ചടി; മെസിക്ക് പിന്നാലെ ടീമിന്റെ നെടുംതൂണും പുറത്ത്

Also Read റൊണാൾഡോയും കൂട്ടരും ഒന്ന് സൂക്ഷിച്ചോ! പ്രീക്വാർട്ടറിൽ പോർച്ചുഗലിനെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി

Also Read രോഹിത്തിന്റെ യോഗ്യത ഇതാണ്, ആറ് മാസം മുമ്പ് അവനോട് ചെയ്തത് ഓര്‍മയുണ്ടോ; രോഹിത് ശര്‍മയെ പ്രശംസിച്ച് ഗാംഗുലി

Content highlight: T20 World Cup 2024: Cricket Australia’s team of the tournament

We use cookies to give you the best possible experience. Learn more