ടി-20 ലോകകപ്പ് ഗ്രൂപ്പ് എ-യില്‍ അയര്‍ലന്‍ഡിനെ പരാജയപ്പെടുത്തി കാനഡ. ന്യൂയോര്‍ക്കില്‍ നടന്ന മത്സരത്തില്‍ 12 റണ്‍സിനാണ് കാനഡ വിജയിച്ചുകയറിയത്. കാനഡ ഉയര്‍ത്തിയ 138 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അയര്‍ലന്‍ഡിന് 125 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കാനഡ നിക്കോളാസ് കിര്‍ടോണിന്റെ മികച്ച ഇന്നിങ്‌സിന്റെ ബലത്തിലാണ് പൊരുതാവുന്ന സ്‌കോറിലെത്തിയത്. അര്‍ഹിച്ച അര്‍ധ സെഞ്ച്വറിക്ക് ഒരു റണ്‍സകലെ വീണെങ്കിലും കാനഡയുടെ ടോട്ടലില്‍ നെടുംതൂണാകാന്‍ താരത്തിന് സാധിച്ചു.
35 പന്തില്‍ രണ്ട് സിക്‌സറും മൂന്ന് ഫോറും അടക്കമാണ് താരം 49 റണ്‍സടിച്ചത്. 37 റണ്‍സടിച്ച ക്യാപ്റ്റന്‍ ശ്രേയസ് മൊവ്വയാണ് ടീമിന്റെ മറ്റൊരു മികച്ച സ്‌കോറര്‍.
14 പന്തില്‍ 18 റണ്‍സ് നേടിയ പ്രഗത് സിങ്, 13 പന്തില്‍ 14 റണ്‍സടിച്ച ആരോണ്‍ ജോണ്‍സണ്‍ എന്നിവരും കനേഡിയന്‍ ടോട്ടലില്‍ നിര്‍ണായക സാന്നിധ്യമായി.
അയര്‍ലന്‍ഡിനായി ബാരി മക്കാര്‍ത്തിയും ക്രെയ്ഗ് യങ്ങും രണ്ട് വിക്കറ്റ് വീതം നേടി. ക്യാപ്റ്റന്‍ ശ്രേയസ് മൊവ്വ റണ്‍ ഔട്ടായപ്പോള്‍ ഗാരത് ഡെലാനിയും മാര്‍ക് അഡയറുമാണ് മറ്റുള്ള വിക്കറ്റ് നേടിയത്.
END OF INNINGS!
Some brilliant death bowling – including two Barry McCarthy wickets in the penultimate over – restricts Canada to 137.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡിന് തുടക്കം പാളിയിരുന്നു. വളരെ സാവധാനമാണ് സ്‌കോര്‍ ബോര്‍ഡ് ചലിച്ചത്.
ക്യാപ്റ്റന്‍ പോള്‍ സ്‌റ്റെര്‍സലിങ് വീണ്ടും നിരാശപ്പെടുത്തി. 17 പന്തില്‍ ഒമ്പത് റണ്‍സാണ് താരം നേടിയത്. വിക്കറ്റ് കീപ്പര്‍ ലോര്‍കന്‍ ടക്കറും സൂപ്പര്‍ താരം ഹാരി ടെക്ടറിനും താളം കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ടീമിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ന്നു.
മിഡില്‍ ഓര്‍ഡറില്‍ മാര്‍ക് അഡയറും ജോര്‍ജ് ഡോക്രെലുമാണ് ചെറുത്തുനിന്നത്. അഡയര്‍ 24 പന്തില്‍ 34 റണ്‍സെടുത്തപ്പോള്‍ ഡോക്രല്‍ 23 പന്തില്‍ പുറത്താകാതെ 30 റണ്‍സും നേടി. എന്നാല്‍ ഈ ചെറുത്തുനില്‍പ് ഐറിഷ് പടയെ വിജയത്തിലെത്തിച്ചില്ല.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 125 എന്ന നിലയില്‍ അയര്‍ലന്‍ഡ് പോരാട്ടം അവസാനിപ്പിച്ചു.
കാനഡക്കായി ജെറമി ഗോര്‍ഡനും ഡൈലണ്‍ ഹെയ്‌ലിഗറും രണ്ട് വിക്കറ്റ് വീതം നേടി. ലോര്‍കന്‍ ടക്കര്‍ റണ്‍ ഔട്ടായപ്പോള്‍ ക്യാപ്റ്റന്‍ സാദ് ബിന്‍ സഫര്‍, ജുനൈദ് സിദ്ദിഖി എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ടീമിന്റെ ടോപ് സ്‌കോററായ നിക്കോളാസ് കിര്‍ടോണാണ് കളിയിലെ താരം.