2024 ടി-20 ലോകകപ്പില്‍ പാകിസ്ഥാന്‍ കാനഡയെ നേരിടുകയാണ്. ന്യൂയോര്‍ക്കിലെ ഈസ്റ്റ് മെഡോയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പാക് നായകന്‍ ബാബര്‍ അസം എതിരാളികളെ ബാറ്റിങ്ങിനച്ചു.
മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ കാനഡക്ക് സാധിച്ചില്ല. ആദ്യ ഓവറില്‍ ഷഹീന്‍ ഷാ അഫ്രിദിയെ ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ ബൗണ്ടറി കടത്തിയ കനേഡിയന്‍ നിരയെ അധികം വൈകാതെ പാക് ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി.
നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സാണ് കാനഡക്ക് നേടാന്‍ സാധിച്ചത്. ഓപ്പണര്‍ ആരോണ്‍ ജോണ്‍സണിന്റെ അര്‍ധ സെഞ്ച്വറിയാണ് കാനഡയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 44 പന്തില്‍ 52 റണ്‍സാണ് താരം സ്വന്തമാക്കിയത്.
14 പന്തില്‍ പുറത്താകാതെ 13 റണ്‍സ് നേടിയ കലീം സനയാണ് രണ്ടാമത് മികച്ച സ്‌കോറര്‍.
പാകിസ്ഥാനായി മുഹമ്മദ് ആമിറും ഹാരിസ് റൗഫും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഷഹീന്‍ അഫ്രിദി, നസീം ഷാ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
കാനഡക്കെതിരെ ആദ്യ വിക്കറ്റ് നേടിയതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഹാരിസ് റൗഫിനെ തേടിയെത്തിയത്. ടി-20ഐയില്‍ നൂറ് വിക്കറ്റ് എന്ന കരിയര്‍ മൈല്‍ സ്റ്റോണാണ് താരം ന്യൂയോര്‍ക്കില്‍ പിന്നിട്ടത്.
ഇതിന് പുറമെ മറ്റൊരു നേട്ടവും റൗഫ് സ്വന്തമാക്കി. ഏറ്റവും വേഗത്തില്‍ നൂറ് അന്താരാഷ്ട്ര ടി-20 വിക്കറ്റുകള്‍ നേടുന്ന പേസര്‍ എന്ന നേട്ടമാണ് റൗഫ് തന്റെ പേരില്‍ കുറിച്ചത്. 71ാം മത്സരത്തിലാണ് താരം വിക്കറ്റ് വേട്ടയില്‍ സെഞ്ച്വറി നേടിയത്.
ഏറ്റവും വേഗത്തില്‍ നൂറ് അന്താരാഷ്ട്ര ടി-20 വിക്കറ്റുകള്‍ നേടുന്ന താരം
(താരം ടീം – മത്സരം എന്നീ ക്രമത്തില്‍)
ഹാരിസ് റൗഫ് – പാകിസ്ഥാന്‍ – 71
മാര്‍ക് അഡയര്‍ – അയര്‍ലന്‍ഡ് – 72
ബിലാല്‍ ഖാന്‍ – ഒമാന്‍ – 72
ലസിത് മലിംഗ – ശ്രീലങ്ക – 76
മുസ്തഫിസുര്‍ റഹ്‌മാന്‍ – ബംഗ്ലാദേശ് – 81
എന്നാല്‍ ഈ നേട്ടം ആഘോഷിക്കാനുള്ള അവസ്ഥയിലല്ല പാക് ആരാധകര്‍. ലോകകപ്പില്‍ യു.എസ്.എയോടേറ്റ അപ്രതീക്ഷിത തോല്‍വിയും ഇന്ത്യക്കെതിരെ ജയമുറപ്പിച്ചതിന് ശേഷമുള്ള തോല്‍വിയും ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്.
ഈ തോല്‍വികള്‍ക്ക് പിന്നാലെ പാകിസ്ഥാന്റെ മുമ്പോട്ടുള്ള പ്രയാണവും ത്രിശങ്കുവിലാണ്.
Content highlight: T20 World Cup 2024: CAN vs PAK: Haris Rauf completes 100 T20I wickets