ഇങ്ങനെ തകര്‍ന്നടിയുന്നത് കണ്ടിട്ടും എങ്ങനെ ഇത് പറയാന്‍ തോന്നി; പരാജയപ്പെട്ട തീരുമാനം വീണ്ടും ആവര്‍ത്തിക്കാന്‍ ഇന്ത്യയോട് ലാറ
T20 world cup
ഇങ്ങനെ തകര്‍ന്നടിയുന്നത് കണ്ടിട്ടും എങ്ങനെ ഇത് പറയാന്‍ തോന്നി; പരാജയപ്പെട്ട തീരുമാനം വീണ്ടും ആവര്‍ത്തിക്കാന്‍ ഇന്ത്യയോട് ലാറ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 13th June 2024, 7:17 pm

 

ടി-20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിലും വിജയം സ്വന്തമാക്കിയതോടെ ഗ്രൂപ്പ് എ-യില്‍ നിന്നും സൂപ്പര്‍ എട്ടില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ നടന്ന മത്സരത്തില്‍ അമേരിക്കയെ പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യ സൂപ്പര്‍ എട്ടിന് യോഗ്യത നേടിയത്.

സൂപ്പര്‍ എട്ടില്‍ മൂന്ന് മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഇതില്‍ ഒരു മത്സരത്തിലെ എതിരാളികള്‍ ആരെന്നുള്ള ചിത്രം വ്യക്തമായിരിക്കുകയാണ്. സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ അവസാന മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. ജൂണ്‍ 24ന് ഡാരന്‍ സമി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം.

 

ജൂണ്‍ 20ന് ബാര്‍ബഡോസില്‍ നടക്കുന്ന മത്സരത്തിലും ജൂണ്‍ 22ന് ആന്റിഗ്വയില്‍ നടക്കുന്ന മത്സരത്തിലും ഇന്ത്യയുടെ എതിരാളികള്‍ ആരെന്നറിയാന്‍ ഇനിയും കാത്തിരിക്കണം.

അതേസമയം, വരും മത്സരങ്ങളില്‍ ഇന്ത്യ പുറത്തെടുക്കേണ്ട തന്ത്രങ്ങളെ കുറിച്ച് പറയുകയാണ് മുന്‍ വിന്‍ഡീസ് സൂപ്പര്‍ താരവും ക്രിക്കറ്റ് ഇതിഹാസവുമായ ബ്രയാന്‍ ലാറ. ഇന്ത്യ വിരാട് കോഹ്‌ലി – രോഹിത് ശര്‍മ സഖ്യത്തെ തന്നെ ഓപ്പണിങ്ങില്‍ കളിപ്പിക്കണമെന്നാണ് ലാറ പറയുന്നത്.

‘ഉറപ്പായും, ഇന്ത്യക്ക് ഇടംകൈ – വലംകൈ കൂട്ടുകെട്ടിനെ കളത്തിലിറക്കാനുള്ള ഓപ്ഷനുണ്ടായിരുന്നു. എന്നാല്‍ അവര്‍ (ഐ.പി.എല്‍) ഫ്രാഞ്ചൈസികള്‍ക്കായി മികച്ച പ്രകടനം പുറത്തെടുത്ത ഏറ്റവും മികച്ച താരങ്ങളെയാണ് കളത്തിലിറക്കിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും.

എനിക്ക് തോന്നുന്നത് അവന്‍ ആ കോംബിനേഷനില്‍ തന്നെ ഉറച്ചുനില്‍ക്കണമെന്നാണ്. നിങ്ങള്‍ ഓപ്പണിങ്ങില്‍ മാറ്റങ്ങള്‍ വരുത്തുകയാണെങ്കില്‍ വിരാട് കോഹ്‌ലി ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങേണ്ടി വരും. അത് കാര്യങ്ങള്‍ വഷളാക്കിയേക്കും,’ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചയില്‍ ലാറ പറഞ്ഞു.

നിലവില്‍ ഈ കൂട്ടുകെട്ട് പരാജയമാണെങ്കിലും വരും മത്സരങ്ങളില്‍ ഇവര്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്നും റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിക്കുമെന്നും ലാറ പറഞ്ഞു.

‘നിലവിലുള്ള ഈ കോംബിനേഷനെ തന്നെ ഇന്ത്യ തുടരുമെന്നും രണ്ട് താരങ്ങളെയും പിന്തുണയ്ക്കുമെന്നുമാണ് ഞാന്‍ വിശ്വസിക്കുന്നത്. അടുത്ത തന്നെ അവര്‍ മികച്ച ഫോമിലേക്ക് മടങ്ങിയെത്തുമെന്നാണ് ഞാന്‍ കരുതുന്നത്. യു.എസ്.എയില്‍ ബാറ്റ് ചെയ്യുകയെന്നത് അല്‍പം പ്രയാസമേറിയത് തന്നെയായിരുന്നു. മത്സരങ്ങള്‍ വിജയിക്കുന്ന സാഹചര്യത്തില്‍ അവര്‍ ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തുമെന്ന് കരുതുന്നില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

രോഹിത്തിലും വിരാടിലും ഉറച്ച് നില്‍ക്കാന്‍ ലാറ ആവശ്യപ്പെടുമ്പോള്‍ ആരാധകരില്‍ ആശങ്ക വര്‍ധിക്കുകയാണ്. കാരണം ഈ ലോകകപ്പില്‍ ഏറ്റവും പരാജയപ്പെട്ട ഓപ്പണിങ് കൂട്ടുകെട്ടാണ് ഇന്ത്യയുടേത്. ഇതുവരെ ഒരു മത്സരത്തില്‍ പോലും ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല.

അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ഓപ്പണിങ് കൂട്ടുകെട്ടില്‍ 22 റണ്‍സ് പിറന്നപ്പോള്‍ പാകിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ 12 റണ്‍സും യു.എസ്.എക്കെതിരായ മത്സരത്തില്‍ ഒരു റണ്‍സുമാണ് ഒന്നാം വിക്കറ്റില്‍ ഇന്ത്യക്ക് കണ്ടെത്താന്‍ സാധിച്ചത്.

തന്റെ നാച്ചുറല്‍ പൊസിഷനായ വണ്‍ ഡൗണില്‍ നിന്നും ഓപ്പണിങ്ങിലേക്ക് മാറിയ വിരാട് കോഹ്‌ലിക്ക് തൊട്ടതെല്ലാം പിഴച്ചിരുന്നു. ആദ്യ മത്സരത്തില്‍ ഒറ്റ റണ്‍സിന് പുറത്തായ വിരാട് പാകിസ്ഥാനെതിരെ നാല് റണ്‍സാണ് കണ്ടെത്തിയത്. അമേരിക്കക്കെതിരെ വിരാട് ഗോള്‍ഡന്‍ ഡക്കായും പുറത്തായി. ചരിത്രത്തിലാദ്യമായാണ് ഒരു ഐ.സി.സി ഇവന്റില്‍ കോഹ്‌ലി നേരിട്ട ആദ്യ പന്തില്‍ പുറത്താകുന്നത്.

 

അതേസമയം, ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന്റെ തയ്യാറെടുപ്പിലാണ് ഇന്ത്യ. ജൂണ്‍ 15ന് നടക്കുന്ന മത്സരത്തില്‍ കാനഡയാണ് എതിരാളികള്‍. സെന്‍ട്രല്‍ ബ്രൊവാര്‍ഡ് റീജ്യണല്‍ പാര്‍ക്കാണ് വേദി.

 

Content highlight: T20 World Cup 2024: Brian Lara says India needs to stick to Rohit Sharma and Virat Kohli opening combination