ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യന്‍ ടീമിന് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്. 20 കോടി രൂപയാണ് ലോകകപ്പ് ജേതാക്കള്‍ക്ക് ഐ.സി.സിയുടെ സമ്മാനത്തുക.
ടൂര്‍ണമെന്റിലുടനീളം അസാധാരണമായ പ്രകടനമാണ് താരങ്ങള്‍ കാഴ്ചവച്ചതെന്നും ഈ നേട്ടത്തിന്റെ ഭാഗമായ എല്ലാ താരങ്ങളെയും കോച്ചുമാരെയും മറ്റു സ്റ്റാഫുകളെയും അഭിനന്ദിക്കുന്നതായും സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ ജയ് ഷാ പറഞ്ഞു.
I am pleased to announce prize money of INR 125 Crores for Team India for winning the ICC Men’s T20 World Cup 2024. The team has showcased exceptional talent, determination, and sportsmanship throughout the tournament. Congratulations to all the players, coaches, and support… pic.twitter.com/KINRLSexsD
കഴിഞ്ഞ ദിവസം ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ ഏഴ് റണ്‍സിനാണ് ഇന്ത്യ വിജയിച്ചുകയറിയത്. ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
177 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ സൗത്ത് ആഫ്രിക്കക്ക് തുടക്കം പിഴച്ചിരുന്നു. റീസ ഹെന്‍ഡ്രിക്സിനെയും ഏയ്ഡന്‍ മര്‍ക്രമിനെയും ഒറ്റയക്കത്തിന് നഷ്ടപ്പെട്ട സൗത്ത് ആഫ്രിക്ക പക്ഷേ മൂന്നാം വിക്കറ്റില്‍ തിരിച്ചടിച്ചു.
ട്രിസ്റ്റണ്‍ സ്റ്റബ്സിന്റെയും ക്വിന്റണ്‍ ഡി കോക്കിന്റെയും കൂട്ടുകെട്ടില്‍ സൗത്ത് ആഫ്രിക്ക മത്സരത്തിലേക്ക് തിരിച്ചുവന്നു. 58 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്.
ടീം സ്‌കോര്‍ 70ല്‍ നില്‍ക്കവെ സ്റ്റബ്സിനെ പുറത്താക്കി അക്സര്‍ പട്ടേല്‍ ഇന്ത്യക്കാവശ്യമായ ബ്രേക് ത്രൂ നല്‍കി. എന്നാല്‍ അഞ്ചാം നമ്പറില്‍ ഹെന്റിക് ക്ലാസന്‍ കളത്തിലെത്തിയതോടെ ഇന്ത്യന്‍ ആരാധകര്‍ ആശങ്കയിലായി.
ഇന്ത്യയുടെ മികച്ച ബൗളര്‍മാരെ നിര്‍ദയം തല്ലിയൊതുക്കി ക്ലാസന്‍ സൗത്ത് ആഫ്രിക്കയെ വളരെ വേഗം ടാര്‍ഗെറ്റിലേക്കടുപ്പിച്ചു. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി ക്ലാസന്‍ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ടിരുന്നു.
എന്നാല്‍ ഹര്‍ദിക് പാണ്ഡ്യ ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ രക്ഷകനായി. ക്ലാസനെ പന്തിന്റെ കൈകളിലെത്തിച്ച് പുറത്താക്കി. 27 പന്തില്‍ 52 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.
ഡി കോക്കിന് പിന്നാലെ ക്രീസിലെത്തിയ ഡേവിഡ് മില്ലറും സൗത്ത് ആഫ്രിക്കക്ക് പ്രതീക്ഷ നല്‍കിക്കൊണ്ടിരുന്നു. എന്നാല്‍ അവസാന ഓവറിലെ ആദ്യ പന്തില്‍ മില്ലറിനെ ഹര്‍ദിക് മടക്കിയതോടെ ഇന്ത്യന്‍ ക്യാമ്പുകളില്‍ ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞുതുടങ്ങിയിരുന്നു.
ആ ഓവറില്‍ റബാദയെയും മടക്കി ഹര്‍ദിക് മൂന്ന് വിക്കറ്റ് നേട്ടവും ആഘോഷമാക്കി. അവസാന പന്തില്‍ ഒരു റണ്‍സ് മാത്രം പിറന്നതോടെ ഇന്ത്യ ഏഴ് റണ്‍സിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് ഇന്ത്യ നേടിയത്. വിരാട് കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറിയും അക്‌സര്‍ പട്ടേലിന്റെ അര്‍ധ സെഞ്ച്വറിയോളം പോന്ന ഇന്നിങ്‌സുമാണ് ഇന്ത്യക്ക് മോശമല്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്.
59 പന്ത് നേരിട്ട് ആറ് ബൗണ്ടറിയുടെയും രണ്ട് സിക്‌സറിന്റെയും അകമ്പടിയോടെ 76 റണ്‍സാണ് വിരാട് നേടിയത്. 31 പന്തില്‍ 47 റണ്‍സ് നേടി നില്‍ക്കവെ ക്വിന്റണ്‍ ഡി കോക്കിന്റെ ഡയറക്ട് ഹിറ്റ് റണ്‍ ഔട്ടിലൂടെയാണ് അക്‌സര്‍ പട്ടേല്‍ പുറത്താകുന്നത്. നാല് സിക്‌സറും ഒരു ബൗണ്ടറിയുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
സൗത്ത് ആഫ്രിക്കക്കായി ആന്റിക് നോര്‍ക്യയും കേശവ് മഹാരാജും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ കഗീസോ റബാദയും മാര്‍കോ യാന്‍സെനും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ടി-20 ലോകകപ്പുകളുടെ ഫൈനലില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ എന്ന നേട്ടമാണ് ഇന്ത്യ തങ്ങളുടെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്.
2021 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ ഓസ്‌ട്രേലിയ നേടിയ 173/2 റണ്‍സിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 173 റണ്‍സിന്റെ വിജയലക്ഷ്യം ഏഴ് പന്തും എട്ട് വിക്കറ്റും ശേഷിക്കെ മറികടന്നാണ് ഓസ്‌ട്രേലിയ ഈ നേട്ടം സ്വന്തമാക്കിയത്.
Content highlight: T20 World Cup 2024: BCCI announced 125 crore prize money for Indian Team