| Tuesday, 11th June 2024, 8:42 pm

ആ നിര്‍ഭാഗ്യം വേട്ടയാടാതെ ഇന്ത്യ, ഏറ്റവുമധികം തവണ ഹൃദയം നുറുങ്ങിയത് നാഗനൃത്തമാടുന്ന കടുവകള്‍ക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഏറെ വിവാദങ്ങളോടെയാണ് ബംഗ്ലാദേശ് – സൗത്ത് ആഫ്രിക്ക മത്സരം അവസാനിച്ചത്. ന്യൂയോര്‍ക്കില്‍ നടന്ന മത്സരത്തില്‍ നാല് റണ്‍സിനാണ് ബംഗ്ലാദേശ് പരാജയപ്പെട്ടത്. മത്സരത്തില്‍ ലെഗ് ബൈ ആയി ബൗണ്ടറിയിലേക്ക് കുതിച്ച പന്ത് ഔട്ടായി വിധിയെഴുതിയത് ഒടുവില്‍ ബംഗ്ലാദേശിന്റെ തോല്‍വിയില്‍ കലാശിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 109റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

ഈ പരാജയത്തിന് പിന്നാലെ നിരാശയുടെയും നിര്‍ഭാഗ്യത്തിന്റെയും റെക്കോഡാണ് ബംഗ്ലാദേശിനെ തേടിയെത്തിയത്. ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവുധികം തവണ സിംഗിള്‍ ഡിജിറ്റ് സ്‌കോറില്‍ പരാജയപ്പെട്ട ടീമുകളുടെ പട്ടികയില്‍ ഒന്നാമതെത്തിയാണ് ബംഗ്ലാദേശ് തലകുനിച്ചുനിന്നത്.

അഞ്ച് തവണയാണ് ബംഗ്ലാദേശ് 1-9റണ്‍സ് മാര്‍ജിനിയില്‍ ടി-20 ലോകകപ്പില്‍ പരാജയപ്പെട്ടത്.

ടി-20 ലോകകപ്പില്‍ ഏറ്റവുമധികം തവണ സിംഗിള്‍ ഡിജിറ്റ് മാര്‍ജിനില്‍ പരാജയപ്പെട്ട ടീം

ബംഗ്ലാദേശ് – അഞ്ച് തവണ*

പാകിസ്ഥാന്‍ – നാല് തവണ

സൗത്ത് ആഫ്രിക്ക – മൂന്ന് തവണ

നെതര്‍ലന്‍ഡ്‌സ് – മൂന്ന് തവണ

അഫ്ഗാനിസ്ഥാന്‍ – രണ്ട് തവണ

ഇംഗ്ലണ്ട് – രണ്ട് തവണ

ന്യൂസിലാന്‍ഡ് – രണ്ട് തവണ

ഒറ്റ ഡിജിറ്റ് മാര്‍ജിനില്‍ ലോകകപ്പില്‍ ഇതുവരെ പരാജയപ്പെട്ടിട്ടില്ലെങ്കിലും പല തവണ ഇന്ത്യ വിജയിച്ചിട്ടുണ്ട്. അതില്‍ രണ്ട് വിജയങ്ങളാകട്ടെ ഒറ്റ റണ്‍സിനും.

2012 ടി-20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തിലും, 2016 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെയുമാണ് ഇന്ത്യ ടി-20 ലോകകപ്പില്‍ ഒറ്റ റണ്‍സിന് വിജയിച്ചത്.

പരാജയപ്പെട്ട ബംഗ്ലാദേശിനെ മോശം റെക്കോഡ് തേടിയെത്തിയപ്പോള്‍ വിജയം സ്വന്തമാക്കിയ പ്രോട്ടിയാസിനെ തേടി ഒരു തകര്‍പ്പന്‍ നേട്ടവുമെത്തിയിരുന്നു. ടി-20 ലോകകപ്പില്‍ ഏറ്റവും കുറഞ്ഞ ടോട്ടല്‍ ഡിഫന്‍ഡ് ചെയ്ത് വിജയിക്കുന്ന ടീം എന്ന നേട്ടമാണ് സൗത്ത് ആഫ്രിക്ക സ്വന്തം പേരിലാക്കി മാറ്റിയത്.

ജൂണ്‍ ഒമ്പതിന് നടന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ പാക്കിസ്ഥാനെ ആറ് റണ്‍സിന് പരാജയപ്പെടുത്തിക്കൊണ്ട് ഇന്ത്യയായിരുന്നു ഈ നേട്ടം ഇതിനുമുമ്പ് സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 119 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന് 113 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

എന്നാല്‍ ഇന്ത്യയുടെ ഈ റെക്കോഡിന് വെറും ഒരു ദിവസം മാത്രമേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ.

ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ സൗത്ത് ആഫ്രിക്കന്‍ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു. പവര്‍പ്ലേയില്‍ തന്നെ നാല് വിക്കറ്റുകളാണ് സൗത്ത് ആഫ്രിക്കയ്ക്ക് നഷ്ടമായത്.

തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നേടിയ തന്‍സിം ഹസന്‍ സാക്കിബ് ആണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞുവീഴ്ത്തിയത്. ക്വിന്റണ്‍ ഡി കോക്ക്, റീസ ഹെന്‍ഡ്രിക്സ്, ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രം എന്നിവരെയാണ് താരം പുറത്താക്കിയത്. ടാസ്‌കിന്‍ അഹമ്മദ് രണ്ട് വിക്കറ്റും റിഷാദ് ഹുസ്സൈന്‍ ഒരു വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.

44 പന്തില്‍ 46 റണ്‍സ് നേടിയ ഹെന്‌റിക് ക്ലാസനാണ് സൗത്ത് ആഫ്രിക്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. രണ്ട് ഫോറുകളും മൂന്ന് സിക്സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഡേവിഡ് മില്ലര്‍ 38 പന്തില്‍ 29 റണ്‍സ് നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 109ന് ഏഴ് എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. 14 പന്തില്‍ 37 റണ്‍സ് നേടി തൗഹിദ് ഹൃദോയിയും 27 പന്തില്‍ 20 റണ്‍സ് നേടി മഹമ്മദുള്ളയുമാണ് ബംഗ്ലാദശ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്.

സൗത്ത് ആഫ്രിക്കന്‍ ബൗളിങ്ങില്‍ കേശവ് മഹാരാജ് മൂന്നു വിക്കറ്റും കഗീസോ റബാദ, ആന്‌റിക് നോര്‍ക്യ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും നേടി

ജയത്തോടെ ഗ്രൂപ്പ് ഡി-യില്‍ മൂന്നു മത്സരങ്ങളും വിജയിച്ചു കൊണ്ട് ആറു പോയിന്റോടെ അടുത്ത റൗണ്ടിലേക്ക് മുന്നേറാനും സൗത്ത് ആഫ്രിക്കയ്ക്ക് സാധിച്ചു. ജൂണ്‍ 15ന് നേപ്പാളിനെതിരെയാണ് സൗത്ത് ആഫ്രിക്കയുടെ അടുത്ത മത്സരം.

Content Highlight: T20 World Cup 2024: Bangladesh with a poor record

We use cookies to give you the best possible experience. Learn more