| Friday, 7th June 2024, 12:10 am

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പല്ല, ടി-20 വേള്‍ഡ് കപ്പാണ്; നാണക്കേടിന്റെ അങ്ങേയറ്റം, മോശം റെക്കോഡില്‍ ഇനി ഒറ്റയ്ക്ക് ഒന്നാമന്‍

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പിലെ 11ാം മത്സരത്തില്‍ പാകിസ്ഥാന്‍ ആതിഥേയരായ യു.എസ്.എയെ നേരിടുകയാണ്. ഡാല്ലസ് ടെക്സസിലെ ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.

ആദ്യ മത്സരത്തില്‍ കാനഡയെ പരാജയപ്പെടുത്തിയ അതേ ആത്മവിശ്വാസത്തില്‍ പാകിസ്ഥാനെതിരെയും വിജയമാവര്‍ത്തിക്കാനാണ് യു.എസ്.എ ഒരുങ്ങുന്നത്. അതേസമയം, ആദ്യ മത്സരത്തില്‍ വിജയിച്ച് വേള്‍ഡ് കപ്പ് ക്യാമ്പെയ്ന്‍ മികച്ച രീതിയില്‍ ആരംഭിക്കണമെന്ന കണക്കുകൂട്ടലിലാണ് പാകിസ്ഥാന്‍.

മത്സരത്തില്‍ ടോസ് നേടിയ യു.എസ്.എ നായകന്‍ മോനങ്ക് പട്ടേല്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടി.

43 പന്തില്‍ 44 റണ്‍സ് നേടിയ നായകന്‍ ബാബര്‍ അസമാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. 25 പന്തില്‍ 40 റണ്‍സടിച്ച ഷദാബ് ഖാന്‍, 16 പന്തില്‍ 23 റണ്‍സ് നേടിയ ഷഹീന്‍ ഷാ അഫ്രിദി എന്നിവരാണ് പാകിസ്ഥാന്റെ മറ്റ് സ്‌കോറര്‍മാര്‍.

ടീമിന്റെ ടോപ് സ്‌കോറര്‍ ആയെങ്കിലും ഒരു മോശം റെക്കോഡാണ് പാക് നായകനെ തേടിയെത്തിയിരിക്കുന്നത്. അന്താരാഷ്ട്ര ടി-20യില്‍ ചുരുങ്ങിയത് 30 പന്ത് നേരിട്ട് ഏറ്റവുമധികം തവണ 110ല്‍ താഴെ സ്‌ട്രൈക്ക് റേറ്റില്‍ സ്‌കോര്‍ ചെയ്യുന്ന താരമെന്ന മോശം നേട്ടമാണ് ബാബര്‍ സ്വന്തമാക്കിയത്.

ഈ മത്സരത്തില്‍ 102.33 ആണ് ബാബറിന്റെ സ്‌ട്രൈക്ക് റേറ്റ്.

ടി-20ഐയില്‍ ഏറ്റവുമധികം തവണ 110ഓ അതില്‍ താഴെയോ സ്‌ട്രൈക്ക് റേറ്റില്‍ സ്‌കോര്‍ ചെയ്ത താരങ്ങള്‍ (ഫുള്‍ മെമ്പര്‍ ടീമുകളില്‍)

(താരം – ടീം – ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)

ബാബര്‍ അസം – പാകിസ്ഥാന്‍ – 12 തവണ*

അസ്ഗര്‍ അഫ്ഗാന്‍ – അഫ്ഗാനിസ്ഥാന്‍ – 11 തവണ

ക്രെയ്ഗ് ഇര്‍വിന്‍ – സിംബാബ്‌വേ 11 തവണ

കെയ്ന്‍ വില്യംസണ്‍ – ന്യൂസിലാന്‍ഡ് – 10 തവണ

ഇബ്രാഹിം സദ്രാന്‍ – അഫ്ഗാനിസ്ഥാന്‍ – 8 തവണ

മുഹമ്മദ് റിസ്വാന്‍ – പാകിസ്ഥാന്‍ – 8 തവണ

ഉമര്‍ അക്മല്‍ – പാകിസ്ഥാന്‍ – 7 തവണ

അഹമ്മദ് ഷഹസാദ് – പാകിസ്ഥാന്‍ – 7 തവണ

മുഹമ്മദ് ഹഫീസ് – പാകിസ്ഥാന്‍ – 7 തവണ

മുഹമ്മദ് നയീം – ബംഗ്ലാദേശ് – 7 തവണ

അതേസമയം, പാകിസ്ഥാന്‍ ഉയര്‍ത്തിയ 160 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ യു.എസ്.എ നിലവില്‍ 12 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 94 റണ്‍സ് എന്ന നിലയിലാണ്. 31 പന്തില്‍ 40 റണ്‍സുമായി ക്യാപ്റ്റന്‍ മോനങ്ക് പട്ടേലും 25 പന്തില്‍ 35 റണ്‍സുമായി ആന്‍ഡ്രീസ് ഗൗസുമാണ് ക്രീസില്‍.

പാകിസ്ഥാന്‍ സ്‌ക്വാഡ്

മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ബാബര്‍ അസം (ക്യാപ്റ്റന്‍), ഉസ്മാന്‍ ഖാന്‍, ഫഖര്‍ സമാന്‍, ഷദാബ് ഖാന്‍, അസം ഖാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷഹീന്‍ അഫ്രിദി, നസീം ഷാ, മുഹമ്മദ് ആമിര്‍, ഹാരിസ് റൗഫ്.

യു.എസ്.എ സ്‌ക്വാഡ്

മോനങ്ക് പട്ടേല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സ്റ്റീവന്‍ ടെയ്‌ലര്‍, ആന്‍ഡ്രീസ് ഗൗസ്, ആരോണ്‍ ജോണ്‍സ്, നിതീഷ് കുമാര്‍, കോറി ആന്‍ഡേഴ്‌സണ്‍, ഹര്‍മീത് സിങ്, ജസ്ദീപ് സിങ്, നോസ്തുഷ് കെഞ്ചിഗെ, സൗരഭ് നേത്രാവല്‍കര്‍, അലി ഖാന്‍.

Content highlight: T20 World Cup 2024: Babar Azam with poor record

We use cookies to give you the best possible experience. Learn more