T20 world cup
ടി-20ക്ക് ചേരാത്ത കളി കളിച്ച് ടി-20 റെക്കോഡിട്ട ബാബര്‍ മാജിക്; ഒറ്റയടിക്ക് വെട്ടിയത് വിരാടിനെയും രോഹിത്തിനെയും
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jun 06, 05:45 pm
Thursday, 6th June 2024, 11:15 pm

2024 ടി-20 ലോകകപ്പിലെ 11ാം മത്സരത്തില്‍ പാകിസ്ഥാന്‍ ആതിഥേയരായ യു.എസ്.എയെ നേരിടുകയാണ്. ഡാല്ലസ് ടെക്സസിലെ ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയമാവര്‍ത്തിക്കാനാണ് യു.എസ്.എ ഒരുങ്ങുന്നത്. അതേസമയം, ആദ്യ മത്സരത്തില്‍ വിജയിച്ച് വേള്‍ഡ് കപ്പ് ക്യാമ്പെയ്ന്‍ മികച്ച രീതിയില്‍ ആരംഭിക്കാനാണ് പാകിസ്ഥാന്‍ കണക്കുകൂട്ടുന്നത്.

മത്സരത്തില്‍ ടോസ് നേടിയ യു.എസ്.എ നായകന്‍ മോനങ്ക് പട്ടേല്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു.

മികച്ച തുടക്കമല്ല പാകിസ്ഥാന് ലഭിച്ചത്. ടീം സ്‌കോര്‍ 30 കടക്കും മുമ്പ് മൂന്ന് പാകിസ്ഥാന്‍ വിക്കറ്റുകള്‍ യു.എസ്.എ പിഴുതെറിഞ്ഞു. മത്സരത്തിന്റെ തുടക്കത്തില്‍ ക്യാപ്റ്റന്‍ ബാബര്‍ അസവും വളരെ പതുക്കെയാണ് കളിച്ചത്. ഒരുവേള 23 പന്തില്‍ 9 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

എന്നാല്‍ നാലാം വിക്കറ്റില്‍ ഷദാബ് ഖാനെ കൂട്ടുപിടിച്ച് ബാബര്‍ സ്‌കോര്‍ ഉയര്‍ത്തി. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 72 റണ്‍സാണ് മത്സരത്തിന്റെ ഗതി തിരിച്ചത്.

ടീം സ്‌കോര്‍ 98ല്‍ നില്‍ക്കവെ നാലാം വിക്കറ്റായി ഷദാബ് ഖാന്‍ പുറത്തായി. 25 പന്തില്‍ 40 റണ്‍സാണ് താരം നേടിയത്. ഷദാബിന് പിന്നാലെയെത്തിയ അസം ഖാന്‍ ഗോള്‍ഡന്‍ ഡക്കായും പുറത്തായി.

ടീം സ്‌കോര്‍ 125ല്‍ നില്‍ക്കവെ ബാബറിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കി ജസ്ദീപ് സിങ് അമേരിക്കക്കാവശ്യമായ ബ്രേക് ത്രൂ നല്‍കി. 43 പന്തില്‍ 44 റണ്‍സ് നേടി നില്‍ക്കെയാണ് താരം പുറത്തായത്.

പിന്നാലെയെത്തിയ ഇഫ്തിഖര്‍ അഹമ്മദ് (14 പന്തില്‍ 18), ഷഹീന്‍ അഫ്രിദി (16 പന്തില്‍ 23) എന്നിവരും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ 159 റണ്‍സ് നേടി.

ടി-20യില്‍ വണ്‍ ഡേ കളിച്ചാണ് സ്‌കോര്‍ ഉയര്‍ത്തിയതെങ്കിലും ഒരു മികച്ച നേട്ടം സ്വന്തമാക്കാന്‍ ബാബര്‍ അസമിനായി. അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് പാക് നായകന്‍ നേടിയത്.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – ടീം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)

ബാബര്‍ അസം – പാകിസ്ഥാന്‍ – 113 – 4,067

വിരാട് കോഹ്‌ലി – ഇന്ത്യ – 110 – 4,038

രോഹിത് ശര്‍മ – ഇന്ത്യ – 144 – 4,026

പോള്‍ സ്‌റ്റെര്‍ലിങ് – അയര്‍ലന്‍ഡ് – 142 – 3,591

മാര്‍ട്ടിന്‍ ഗപ്ടില്‍ – ന്യൂസിലാന്‍ഡ് – 118 – 3,531

യു.എസ്.എക്കായി നോസ്തുഷ് കെഞ്ചിഗെ മൂന്ന് വിക്കറ്റും സൗരഭ് നേത്രാവല്‍കര്‍ രണ്ട് വിക്കറ്റും നേടി. അലി ഖാനും ജസ്ദീപ് സിങ്ങുമാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

പാകിസ്ഥാന്‍ സ്‌ക്വാഡ്

മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ബാബര്‍ അസം (ക്യാപ്റ്റന്‍), ഉസ്മാന്‍ ഖാന്‍, ഫഖര്‍ സമാന്‍, ഷദാബ് ഖാന്‍, അസം ഖാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷഹീന്‍ അഫ്രിദി, നസീം ഷാ, മുഹമ്മദ് ആമിര്‍, ഹാരിസ് റൗഫ്.

യു.എസ്.എ സ്‌ക്വാഡ്

മോനങ്ക് പട്ടേല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സ്റ്റീവന്‍ ടെയ്‌ലര്‍, ആന്‍ഡ്രീസ് ഗൗസ്, ആരോണ്‍ ജോണ്‍സ്, നിതീഷ് കുമാര്‍, കോറി ആന്‍ഡേഴ്‌സണ്‍, ഹര്‍മീത് സിങ്, ജസ്ദീപ് സിങ്, നോസ്തുഷ് കെഞ്ചിഗെ, സൗരഭ് നേത്രാവല്‍കര്‍, അലി ഖാന്‍.

 

Content highlight: T20 World Cup 2024: Babar Azam Surpassed Virat Kohli and Rohit Sharma to become leading run getter in T20I format