2024 ടി-20 ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ ഓസ്‌ട്രേലിയ പുറത്തായിരിക്കുകയാണ്. ഗ്രൂപ്പ് 1ല്‍ ഇന്ത്യ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തുകയും ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനോട് തോല്‍ക്കുകും ചെയ്തതോടെയാണ് ഓസ്‌ട്രേലിയക്ക് പുറത്തേക്കുള്ള വഴിയൊരുങ്ങിയത്.
ഈ ലോകകപ്പില്‍ നിന്നും പുറത്തായതോടെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഒരേ സമയം ചാമ്പ്യന്‍മാരാകാനുള്ള സുവര്‍ണാവസരം കൂടിയാണ് കങ്കാരുക്കളുടെ കയ്യില്‍ നിന്നും വഴുതി മാറിയത്.
ഇതിനോടകം തന്നെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ഏകദിന ലോകകപ്പും സ്വന്തമാക്കിയ ഓസ്‌ട്രേലിയക്ക് ടി-20 ലോകകപ്പും സ്വന്തമാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ മൂന്ന് ട്രോഫികളും ഒരേസമയം കൈവശം വെക്കുന്ന ആദ്യ ടീം എന്ന ഐതിഹാസിക നേട്ടം സ്വന്തമാക്കാനും സാധിക്കുമായിരുന്നു.
2023ലാണ് ഓസീസ് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ഏകദിന ലോകകപ്പും സ്വന്തമാക്കിയത്. രണ്ട് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പരാജയപ്പെടുത്തിയതാകട്ടെ ഇന്ത്യയെയും.
ഈ മൂന്ന് കിരീടവും സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ടീം എന്ന നേട്ടം സ്വന്തമാക്കിയ ഏക ടീമാണ് ഓസ്‌ട്രേലിയ. ഇതിന് പുറമെ ചാമ്പ്യന്‍സ് ട്രോഫിയും സ്വന്തമാക്കിയ ഓസ്‌ട്രേലിയ അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിലെ എല്ലാ കിരീടവും സ്വന്തമാക്കിയ ഏക ടീമുമാണ്.
എന്നാല്‍ ഒരേസമയം മൂന്ന് കിരീടം സ്വന്തമാക്കി റെക്കോഡിടാന്‍ ഓസീസിന് ഇനിയും അവസരമുണ്ട്. അതിന് 2026ലെ ടി-20 ലോകകപ്പിന് മുമ്പ് മറ്റൊരു കിരീടമെന്ന വലിയ കടമ്പ ഓസീസ് മറികടക്കം.
2025 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുകയാണ് ഈ റെക്കോഡിനായി ആദ്യം ചെയ്യേണ്ടത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമിനാണ് ഫൈനല്‍ കളിക്കാന്‍ യോഗ്യത ലഭിക്കുക.
കളിച്ച 12 ടെസ്റ്റ് മത്സരത്തില്‍ നിന്നും എട്ട് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമായി 90 പോയിന്റോടെ രണ്ടാമതാണ് ഓസ്‌ട്രേലിയ. 62.50 ആണ് ടീമിന്റെ വിജയശതമാനം.
ഒമ്പത് ടെസ്റ്റില്‍ ആറ് വിജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമായി ഇന്ത്യയാണ് ഒന്നാമത്.
നവംബറിലാണ് ഓസ്‌ട്രേലിയ ഇനി ടെസ്റ്റ് പരമ്പര കളിക്കുക. ഇന്ത്യയാണ് എതിരാളികള്‍.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയിച്ചതിന് ശേഷം ഇന്ത്യയും ശ്രീലങ്കയും ആതിഥേയരാകുന്ന 2026ലെ ടി-20 ലോകകപ്പും സ്വന്തമാക്കിയാല്‍ ഓസീസിന് ഹിസ്‌റ്റോറിക്കല്‍ ട്രിപ്പിള്‍ സ്വന്തമാക്കാം.
ഓസ്‌ട്രേലിയക്ക് മാത്രമല്ല, വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കളിക്കുന്ന ഒമ്പത് ടീമുകള്‍ക്കും ഈ ട്രിപ്പിള്‍ നേട്ടം സ്വന്തമാക്കാനുള്ള അവസരമുണ്ട്. അതിനായി 2025ല്‍ നടക്കുന്ന ഡബ്ല്യൂ.ടി.സി കിരീടത്തിനും 2026ല്‍ നടക്കുന്ന ടി-20 ലോകകപ്പിനും പുറമെ 2027ല്‍ നടക്കുന്ന ഏകദിന ലോകകപ്പും ഇവര്‍ സ്വന്തമാക്കണം.
Content highlight: T20 World Cup 2024: Australia failed to achieve historic triple