സിംഹങ്ങളെ തകര്‍ത്ത് കങ്കാരുക്കള്‍ തലപ്പത്ത്; ആദ്യ 200 പിറന്ന മത്സരത്തില്‍ റോയലായി ഓസീസ്
T20 world cup
സിംഹങ്ങളെ തകര്‍ത്ത് കങ്കാരുക്കള്‍ തലപ്പത്ത്; ആദ്യ 200 പിറന്ന മത്സരത്തില്‍ റോയലായി ഓസീസ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 9th June 2024, 2:31 am

2024 ടി-20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ വിജയം കൊയ്ത് ഓസ്‌ട്രേലിയ. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ 36 റണ്‍സിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 202 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ഈ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് ബി-യില്‍ ഒന്നാതെത്താനും ഓസീസിനായി. രണ്ട് മത്സരത്തില്‍ നിന്നും രണ്ട് ജയത്തോടെ നാല് പോയിന്റാണ് കങ്കാരുക്കള്‍ക്കുള്ളത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ഓപ്പണര്‍മാരുടെ കരുത്തില്‍ സ്‌കോറിങ്ങിന് അടിത്തറയിട്ടു. ഡേവിഡ് വാര്‍ണറും ട്രാവിസ് ഹെഡും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 70 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

അഞ്ചാം ഓവറിലെ അവസാന പന്തില്‍ വാര്‍ണറിനെ മടക്കി മോയിന്‍ അലി ഇംഗ്ലണ്ടിനാവശ്യമായ ബ്രേക് ത്രൂ നല്‍കി. പുറത്താകുമ്പോള്‍ 19പന്തില്‍ നാല് സിക്സ്റും രണ്ട് ഫോറുമടക്കം 39 റണ്‍സാണ് വാര്‍ണര്‍ അടിച്ചെടുത്തത്.

അധികം വൈകാതെ വൈകാതെ ട്രാവിസ് ഹെഡും മടങ്ങി. ജോഫ്രാ ആര്‍ച്ചറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം മടങ്ങിയത്. 18 പന്തില്‍ 34 റണ്‍സാണ് ഹെഡ് സ്വന്തമാക്കിയത്.

ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് (25 പന്തില്‍ 35), മാര്‍കസ് സ്റ്റോയ്നിസ് (17 പന്തില്‍ 30), ഗ്ലെന്‍ മാക്‌സ്‌വെല്‍ (25 പന്തില്‍ 28) എന്നിവരും തങ്ങളുടേതായ സംഭാവന നല്‍കിയപ്പോള്‍ സ്‌കോര്‍ ഉയര്‍ന്നു. അവസാന ഓവറുകളില്‍ മാത്യു വേഡിന്റെ കാമിയോയും ഓസീസിന് തുണയായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് ഓസ്‌ട്രേലിയ സ്‌കോര്‍ ബോര്‍ഡില്‍ പടുത്തുയര്‍ത്തിയത്. ഈ ലോകകപ്പിലെ ആദ്യ 200+ സ്‌കോറാണിത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനും മികച്ച തുടക്കം ലഭിച്ചിരുന്നു. ആദ്യ വിക്കറ്റില്‍ ജോസ് ബട്‌ലറും ഫില്‍ സോള്‍ട്ടും ചേര്‍ന്ന് 73 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

ഇംഗ്ലണ്ട് ഇന്നിങ്‌സിനെ മികച്ച രീതിയില്‍ മുമ്പോട്ട് കൊണ്ടുപോയ കൂട്ടുകെട്ട് തകര്‍ത്തത് ആദം സാംപയാണ്. എട്ടാം ഓവറിലെ ആദ്യ പന്തില്‍ സാംപയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി ഫില്‍ സോള്‍ട്ട് പുറത്തായി. 23 പന്തില്‍ 37 റണ്‍സാണ് താരം നേടിയത്.

ടീം സ്‌കോര്‍ 92ല്‍ നില്‍ക്കവെ ജോസ് ബട്‌ലറും മടങ്ങി. സാംപയെ റിവേഴ്‌സ് സ്വീപ് ചെയ്യാനുള്ള ഇംഗ്ലണ്ട് നായകന്റെ ശ്രമം പിഴച്ചു. പാറ്റ് കമ്മിന്‍സിന് ക്യാച്ച് നല്‍കി താരം മടങ്ങി. 28 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സറും അടക്കം 42 റണ്‍സാണ് താരം നേടിയത്.

പിന്നാലെയെത്തിയവരില്‍ മോയിന്‍ അലിയും (15 പന്തില്‍ 25) ഹാരി ബ്രൂക്കും (16 പന്തില്‍ പുറത്താകാതെ 20) ചെറുത്തുനിന്നെങ്കിലും ആ ചെറുത്ത് നില്‍പ് ഇംഗ്ലണ്ടിനെ വിജയത്തിലേക്കെത്തിക്കാന്‍ പോന്നതായിരുന്നില്ല.

20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 എന്ന നിലയില്‍ ഇംഗ്ലണ്ട് പോരാട്ടം അവസാനിപ്പിച്ചപ്പോള്‍ ഓസീസ് രണ്ടാം വിജയം തങ്ങളുടെ പേരില്‍ കുറിച്ചു.

ഓസ്‌ട്രേലിയക്കായി പാറ്റ് കമ്മിന്‍സും ആദം സാംപയും രണ്ട് വിക്കറ്റ് വീതം പിഴുതെറിഞ്ഞു. ജോഷ് ഹെയ്‌സല്‍വുഡും മാര്‍കസ് സ്‌റ്റോയ്‌നിസുമാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി സോള്‍ട്ടിനെയും ബട്‌ലറിനെയും മടക്കിയ ആദം സാംപയാണ് കളിയിലെ താരം.

ജൂണ്‍ 12നാണ് ഓസ്‌ട്രേലിയയുടെ അടുത്ത മത്സരം. സര്‍ വിവിയന്‍ റിച്ചാര്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നമീബിയ ആണ് എതിരാളികള്‍.

 

Content highlight: T20 World Cup 2024: Australia defeated England