ടി-20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ 201 റണ്‍സ് അടിച്ചെടുത്ത് ഓസ്‌ട്രേലിയ. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടന്ന മത്സരത്തിലാണ് ഓസ്‌ട്രേലിയ ഈ ലോകകപ്പിലെ ആദ്യ 200+ സ്‌കോര്‍ സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ സമ്മാനിച്ചത്. ഡേവിഡ് വാര്‍ണറും ട്രാവിസ് ഹെഡും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 70 റണ്‍സ് പടുത്തുയര്‍ത്തി.
അഞ്ചാം ഓവറിലെ അവസാന പന്തില്‍ വാര്‍ണറിനെ മടക്കി മോയിന്‍ അലിയാണ് ത്രീ ലയണ്‍സിനാവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. 19പന്തില്‍ നാല് സിക്‌സ്‌റും രണ്ട് ഫോറുമടക്കം 39റണ്‍സാണ് കങ്കാരുക്കളുടെ കാളക്കൂറ്റന്‍ സ്വന്തമാക്കിയത്.
വാര്‍ണറിന് പിന്നാലെ ട്രാവിസ് ഹെഡും മടങ്ങി. ജോഫ്രാ ആര്‍ച്ചറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങുമ്പോള്‍ 18 പന്തില്‍ 34 റണ്‍സാണ് ഹെഡിന്റെ പേരില്‍ കുറിക്കപ്പെട്ടത്.
ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് (25 പന്തില്‍ 35), മാര്‍കസ് സ്റ്റോയ്‌നിസ് (17 പന്തില്‍ 30), ഗ്ലെന്‍ മാക്‌സ്‌വെല്‍ (25 പന്തില്‍ 28) എന്നിവരും തങ്ങളുടേതായ സംഭാവന നല്‍കിയപ്പോള്‍ സ്‌കോര്‍ ഉയര്‍ന്നു. അവസാന ഓവറുകളില്‍ മാത്യു വേഡിന്റെ കാമിയോയും ഓസീസിന് തുണയായി.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 201 എന്ന നിലയില്‍ ഓസ്‌ട്രേലിയ ഇന്നിങ്‌സ് അവസാനിപ്പിച്ചു.
ഇതോടെ തങ്ങളുടെ ലോകകപ്പ് ചരിത്രത്തില്‍ പുതിയ അധ്യായമെഴുതിച്ചേര്‍ത്തിരിക്കുകയാണ് ഓസ്‌ട്രേലിയ. ടി-20 വേള്‍ഡ് കപ്പില്‍ ഓസ്‌ട്രേലിയയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ഇതാദ്യമായാണ് കങ്കാരുക്കള്‍ ലോകകപ്പില്‍ 200 കടക്കുന്നതും.
ടി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ ഉയര്‍ന്ന ടോട്ടലുകള്‍
(സ്‌കോര്‍ – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
201/7 – ഇംഗ്ലണ്ട് – ബാര്‍ബഡോസ് – 2024*
197/7 – പാകിസ്ഥാന്‍ – ഗ്രോസ് ഐലറ്റ് – 2010
193/4 – പാകിസ്ഥാന്‍ – മൊഹാലി – 2016
191/10 – പാകിസ്ഥാന്‍ – ഗ്രോസ് ഐലറ്റ് – 2010
184/5 – ഇന്ത്യ – ബാര്‍ബഡോസ് – 2010
ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജോഫ്രാ ആര്‍ച്ചര്‍, ലിയാം ലിവിങ്സ്റ്റണ്‍, മോയിന്‍ അലി, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ഓസ്‌ട്രേലിയ പ്ലെയിങ് ഇലവന്‍
ട്രാവിസ് ഹെഡ്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍കസ് സ്റ്റോയ്‌നിസ്, ടിം ഡേവിഡ്, മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്, ആദം സാംപ, ജോഷ് ഹെയ്‌സല്‍വുഡ്.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍
ഫില്‍ സോള്‍ട്ട്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), വില്‍ ജാക്‌സ്, ജോണി ബെയര്‍സ്‌റ്റോ, ഹാരി ബ്രൂക്ക്, മോയിന്‍ അലി, ലിയാം ലിവ്ങ്‌സ്റ്റണ്‍, ക്രിസ് ജോര്‍ദന്‍, ജോഫ്രാ ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക് വുഡ്.
Content Highlight: T20 World Cup 2024: AUS vs ENG: Australia registered their highest total in T20 World Cup