| Monday, 24th June 2024, 7:30 pm

ബുംറയൊന്നും ചിത്രത്തില്‍ പോലുമില്ല, ഇന്ത്യയുടെ ലോകകപ്പ് ചരിത്രത്തില്‍ ആദ്യ താരം; ഐതിഹാസിക നേട്ടത്തില്‍ അര്‍ഷ്ദീപ്

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പില്‍ സെമി ഫൈനല്‍ ലക്ഷ്യമിട്ടാണ് ഇന്ത്യയിറങ്ങുന്നത്. സൂപ്പര്‍ 8ല്‍ കളിച്ച രണ്ട് മത്സരവും വിജയിച്ച ഇന്ത്യ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുകയാണ്. ഗ്രോസ് ഐലറ്റിലെ ഡാരന്‍ സമി ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദി.

ഈ മത്സരത്തില്‍ വിജയിച്ച് അപരാജിതരായി സെമിയിലേക്ക് കടക്കാനാണ് ഇന്ത്യയൊരുങ്ങുന്നത്.

ബൗളര്‍മാരുടെ കരുത്തില്‍ തന്നെയാണ് ഇന്ത്യ വിശ്വാസമര്‍പ്പിക്കുന്നത്. റണ്‍സ് വഴങ്ങാന്‍ പിശുക്ക് കാണിക്കുന്ന ജസ്പ്രീത് ബുംറയും കുറച്ച് റണ്‍സ് വഴങ്ങിയാലും വിക്കറ്റ് വീഴ്ത്തുന്ന അര്‍ഷ്ദീപ് സിങ്ങും അടങ്ങുന്ന മികച്ച പേസ് നിരയ്‌ക്കൊപ്പം സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ നേതൃത്വം നല്‍കുന്ന സ്പിന്‍ നിരയുമാണ് ഇന്ത്യയുടെ കരുത്ത്.

അഞ്ച് മത്സരത്തില്‍ നിന്നും 12 വിക്കറ്റ് വീഴ്ത്തി അര്‍ഷ്ദീപ് സിങ്ങാണ് ഇന്ത്യന്‍ നിരയിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമന്‍. പത്ത് വിക്കറ്റുമായി ബുംറ തൊട്ടുതാഴെയുണ്ട്.

ഈ ലോകകപ്പിലെ വിക്കറ്റ് നേട്ടങ്ങള്‍ക്ക് പിന്നാലെ ഒരു ചരിത്ര റെക്കോഡാണ് അര്‍ഷ്ദീപ് സിങ്ങിനെ തേടിയെത്തിയിരിക്കുന്നത്. ടി-20 ലോകകപ്പില്‍ ഇതുവരെ ഒരു ഇന്ത്യന്‍ താരത്തിനും നേടാന്‍ സാധിക്കാതെ പോയ നേട്ടമാണ് പഞ്ചാബ് കിങ്‌സ് സ്റ്റാര്‍ പേസര്‍ തന്റെ പേരില്‍ കുറിച്ചത്.

രണ്ട് വ്യത്യസ്ത ലോകകപ്പുകളില്‍ പത്ത് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടമാണ് അര്‍ഷ്ദീപ് സ്വന്തമാക്കിയത്. ഈ ലോകകപ്പിന് പുറമെ 2022 ഓസ്‌ട്രേലിയ ലോകകപ്പിലാണ് അര്‍ഷ്ദീപ് പത്ത് വിക്കറ്റ് പൂര്‍ത്തിയാക്കിയത്.

2022 ലോകകപ്പില്‍ ആറ് മത്സരത്തില്‍ നിന്നും പത്ത് വിക്കറ്റാണ് അര്‍ഷ്ദീപ് സ്വന്തമാക്കിയത്. 15.60 ശരാശരിയിലും 7.80 എക്കോണമിയിലുമാണ് താരം പന്തെറിഞ്ഞത്. 12.00 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.

ഈ ലോകകപ്പില്‍ ഇതുവരെ കളിച്ച അഞ്ച് മത്സരത്തില്‍ നിന്നും 11.75 ശരാശരിയിലും 7.05 എക്കോണമിയിലും പന്തെറിയുന്ന അര്‍ഷ്ദീപ് 12 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 10.00 ആണ് താരത്തിന്റെ ശരാശരി.

യു.എസ്.എക്കെതിരെ മ്പത് റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് ലോകകപ്പിലെ മികച്ച പ്രകടനം. ടി-20 ലോകകപ്പ് ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് ഫിഗറാണിത്.

ടി-20 ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ മികച്ച ബൗളിങ് ഫിഗര്‍

(താരം – ബൗളിങ് ഫിഗര്‍ – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

അര്‍ഷ്ദീപ് സിങ് – 4/9 യു.എസ്.എ – 2024*

ആര്‍. അശ്വിന്‍ – 4/11 ഓസ്ട്രേലിയ – 2014

ഹര്‍ഭജന്‍ സിങ് – 4/12 ഇംഗ്ലണ്ട് – 2012

ആര്‍. പി സിങ് – 4/13 സൗത്ത് ആഫ്രിക്ക – 2007

സഹീര്‍ ഖാന്‍ – 4/19 അയര്‍ലന്‍ഡ് – 2009

പ്രഗ്യാന്‍ ഓജ – 4/21 ബംഗ്ലാദേശ് – 2009

ഇതിന് പുറമെ യു.എസ്.എക്കെതിരായ മത്സരത്തിലെ ആദ്യ പന്തില്‍ വിക്കറ്റ് വീഴ്ത്തിയതോടെ ഒരു അന്താരാഷ്ട്ര ടി-20 മത്സരത്തിന്റെ ആദ്യ പന്തില്‍ വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും അര്‍ഷ്ദീപ് സ്വന്തമാക്കിയിരുന്നു.

Also Read: ഞാൻ അവന്റെ ആരാധകനാണ്, പക്ഷെ അവനെ സച്ചിനുമായി താരതമ്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല: വിൻഡീസ് ഇതിഹാസം

Also Read: കഥ പറയുമ്പോളിലെ ആ സീൻ മമ്മൂക്ക ഗംഭീരമായി ചെയ്തു, കണ്ണൊക്കെ നിറഞ്ഞു, പക്ഷെ എഡിറ്റിങ്ങിൽ എനിക്കത് മാറ്റേണ്ടി വന്നു: രഞ്ജൻ എബ്രഹാം

Content highlight: T20 World Cup 2024: Arshdeep Singh becomes the first Indian bowler to pick 10 wickets in 2 different world cup

Latest Stories

We use cookies to give you the best possible experience. Learn more