ഗ്രൂപ്പ് ഡി-യില്‍ ശ്രീലങ്കയുടെ അടിത്തറയിളക്കിയാണ് സൗത്ത് ആഫ്രിക്ക 2024 ടി-20 ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കിയത്. ഈസ്റ്റ് മെഡോയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് പ്രോട്ടിയാസ് വിജയിച്ചുകയറിയത്.
ബാറ്റര്‍മാരുടെ ശവപ്പറമ്പായ മത്സരത്തില്‍ ആന്റിക് നോര്‍ക്യയുടെ വെടിക്കെട്ട് ബൗളിങ് പ്രകടനമാണ് ലങ്കയെ വമ്പന്‍ തോല്‍വിയിലേക്ക് തള്ളിയിട്ടത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക 19.1 ഓവറില്‍ 77 റണ്‍സിന് പുറത്തായപ്പോള്‍ അതിന് കാരണക്കാരായത് ആന്റിക് നോര്‍ക്യയാണ്.
നാല് ഓവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. കുശാല്‍ മെന്‍ഡിസ്, കാമിന്ദു മെന്‍ഡിസ്, ചരിത് അസലങ്ക, ഏയ്ഞ്ചലോ മാത്യൂസ് എന്നിവരുടെ വിക്കറ്റുകളാണ് നോര്‍ക്യ സ്വന്തമാക്കിയത്.
ഈ ഫോര്‍ഫറിന് പിന്നാലെ ഒരു വെടിക്കെട്ട് നേട്ടവും താരത്തെ തേടിയെത്തിയിരുന്നു. ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ എറ്റവുമധികം ഫോര്‍ഫര്‍ നേടിയ താരമെന്ന റെക്കോഡാണ് നോര്‍ക്യ സ്വന്തമാക്കിയത്.
ടി-20 ലോകകപ്പിന് ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് നോര്‍ക്യ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. പാകിസ്ഥാന്‍ സൂപ്പര്‍ താരം ഉമര്‍ ഗുല്‍, സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം മോണി മോര്‍ക്കല്‍, ബംഗ്ലാ സൂപ്പര്‍ പേസര്‍ മുസ്തഫിസുര്‍ റഹ്‌മാന്‍ എന്നിവരാണ് പട്ടികയില്‍ രണ്ടാമതുള്ളത്.
ടി-20 ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം തവണ ഫോര്‍ഫര്‍ നേടിയ താരങ്ങള്‍
(താരം – ടീം – ലോകകപ്പ് ഫോര്‍ഫര്‍ എന്നീ ക്രമത്തില്‍)
ആന്റിക് നോര്‍ക്യ – സൗത്ത് ആഫ്രിക്ക – 3*
ഉമര്‍ ഗുല്‍ -പാകിസ്ഥാന്‍ – 2
മോണി മോര്‍കല്‍ – സൗത്ത് ആഫ്രിക്ക – 2
മുസ്തഫിസുര്‍ റഹ്‌മാന്‍ – ബംഗ്ലാദേശ് – 2
ലോകകപ്പില്‍ നോര്‍ക്യ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോള്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് ആരാധകരാണ് നിരാശപ്പെടുന്നത്. ഐ.പി.എല്ലില്‍ ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ നോര്‍ക്യ മോശം പ്രകടനം കാഴ്ചവെച്ചതാണ് ലീഗ് ഘട്ടത്തില്‍ ക്യാപ്പിറ്റല്‍സിന് തിരിച്ചടിയായ പ്രധാന ഘടകം.
ആറ് മത്സരത്തില്‍ നിന്നും 294 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് മാത്രമാണ് നോര്‍ക്യ നേടിയത്. 42.00 ശരാശരിയും 13.36 എക്കോണമിയുമാണ് ഐ.പി.എല്‍ 2024ല്‍ താരത്തിനുണ്ടായിരുന്നത്.
അതേസമയം, ശ്രീലങ്കക്കെതിരായ മത്സരത്തില്‍ നോര്‍ക്യക്ക് പുറമെ കഗീസോ റബാദ, കേശവ് മഹാരാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഒട്‌നീല്‍ ബാര്‍ട്മാന്‍ ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസ് അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു.
ഈ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് ഡി-യില്‍ ഒന്നാം സ്ഥാനത്താണ് സൗത്ത് ആഫ്രിക്ക. ജൂണ്‍ എട്ടിനാണ് പ്രോട്ടിയാസിന്റെ അടുത്ത മത്സരം. 2023 ലോകകപ്പില്‍ ആഫ്രിക്കന്‍ കരുത്തരെ അട്ടിമറിച്ച നെതര്‍ലന്‍ഡ്‌സാണ് എതിരാളികള്‍.
Content Highlight: T20 World Cup 2024: Anrich Naortje becomes first bowler to pick 3 four wicket hauls in T20 World Cup