ചെന്നൈയും മുംബൈയും പിന്നെ ലോകകപ്പിലെ ഗോള്‍ഡന്‍ ഡക്കും; നാണക്കേടിന്റെ റെക്കോഡിലെ ഏഴ് പേര്‍
T20 world cup
ചെന്നൈയും മുംബൈയും പിന്നെ ലോകകപ്പിലെ ഗോള്‍ഡന്‍ ഡക്കും; നാണക്കേടിന്റെ റെക്കോഡിലെ ഏഴ് പേര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 10th June 2024, 12:40 am

2024 ടി-20 ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടം ന്യൂയോര്‍ക്കില്‍ തുടരുകയാണ്. ഈസ്റ്റ് മെഡോയിലെ നാസു അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നേടിയ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം എതിരാളികളെ ബാറ്റിങ്ങിനയച്ചു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19 ഓവറില്‍ 119റണ്‍സിന് പുറത്തായി.

ഓപ്പണര്‍ ഇരുവരെയും വളരെ പെട്ടെന്ന് തന്നെ ഇന്ത്യക്ക് നഷ്ടമായിരുന്നു. വിരാട് കോഹ്‌ലി മൂന്ന് പന്തില്‍ നാല് റണ്‍സ് നേടി മടങ്ങിയപ്പോള്‍ 12 പന്തില്‍ 13 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്തായത്.

മൂന്നാം വിക്കറ്റില്‍ റിഷബ് പന്തും അക്‌സര്‍ പട്ടേലും ചേര്‍ന്ന് ചെറുത്തുനിന്നു. ഇരുവരുടെയും ചെറുത്തുനില്‍പാണ് ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്. റിഷബ് പന്ത് 31 പന്തില്‍ 42 റണ്‍സ് നേടിയപ്പോള്‍ 18 പന്തില്‍ നിന്നും 20 റണ്‍സാണ് അക്‌സര്‍ പട്ടേല്‍ നേടിയത്.

ഒടുവില്‍ 119 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടായി.

ഇന്ത്യന്‍ നിരയില്‍ ഏഴ് താരങ്ങളാണ് ഇരട്ടയക്കം കാണാതെ പുറത്തായത്. ഇതില്‍ രണ്ട് താരങ്ങള്‍ ഗോള്‍ഡന്‍ ഡക്കുമായിരുന്നു.

രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുംറയുമാണ് ഫസ്റ്റ് ബോള്‍ ഡക്കായി മടങ്ങിയത്. മുഹമ്മദ് ആമിറിന്റെ പന്തില്‍ ഇമാദ് വസീമിന് ക്യാച്ച് നല്‍കി ജഡേജ മടങ്ങിയപ്പോള്‍ ഹാരിസ് റൗഫിന്റെ പന്തിലാണ് ബുംറ പുറത്തായത്. ഇമാദ് വസീം തന്നെയാണ് ഇത്തവണയും ക്യാച്ച് കൈപ്പിടിയിലൊതുക്കിയത്.

ടി-20 ലോകകപ്പില്‍ ഇത് ഏഴാം തവണയാണ് ഒരു ഇന്ത്യന്‍ താരം ഗോള്‍ഡന്‍ ഡക്കായി മടങ്ങുന്നത്. രവീന്ദ്ര ജഡജേക്കും ജസ്പ്രീത് ബുംറക്കും പുറമെ ദിനേഷ് കാര്‍ത്തിക് (2007), മുരളി വിജയ് (2010), ആശിഷ് നെഹ്‌റ (2010), സുരേഷ് റെയ്‌ന (2016), രോഹിത് ശര്‍മ (2021) എന്നിവരാണ് ഇതിന് മുമ്പ് ഗോള്‍ഡന്‍ ഡക്കായി മടങ്ങിയത്.

ടി-20 ലോകകപ്പില്‍ ഇന്ത്യന്‍ നിരയില്‍ ഗോള്‍ഡന്‍ ഡക്കായ താരങ്ങളെല്ലാവരും തന്നെ ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടിയോ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയോ കളിച്ചവരാണ് എന്നതാണ് രസകരമായ വസ്തുത.

ദിനേഷ് കാര്‍ത്തിക്, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവര്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയും മുരളി വിജയ്, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ എന്നിവര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടിയും കളത്തിലിറങ്ങിയവരാണ്. ആശിഷ് നെഹ്‌റയാകട്ടെ ഐ.പി.എല്‍ കരിയറില്‍ രണ്ട് ടീമിന് വേണ്ടിയും പന്തെറിഞ്ഞിട്ടുണ്ട്.

ഇതിന് മുമ്പും ടി-20 ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ ഫസ്റ്റ് ബോള്‍ ഡക്കായിട്ടുണ്ടെങ്കിലും ഒരു മത്സരത്തില്‍ തന്നെ രണ്ട് പേര്‍ ഗോള്‍ഡന്‍ ഡക്കാവുന്നത് ഇതാദ്യമായാണ്.

പാകിസ്ഥാനായി നസീം ഷായും ഹാരിസ് റൗഫും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ മുഹമ്മദ് ആമിര്‍ രണ്ടും ഷഹീന്‍ അഫ്രിദി ഒരു വിക്കറ്റും നേടി.

അതേസമയം, 120 റണ്‍സ് ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ പാകിസ്ഥാന്‍ നിലവില്‍ 12 ഓവര്‍ അവസാനിക്കുമ്പോള്‍ 72/2 എന്ന നിലയിലാണ്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.

പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ബാബര്‍ അസം (ക്യാപ്റ്റന്‍), ഉസ്മാന്‍ ഖാന്‍, ഫഖര്‍ സമാന്‍, ഷദാബ് ഖാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഇമാദ് വസീം, ഷഹീന്‍ അഫ്രിദി, നസീം ഷാ, മുഹമ്മദ് ആമിര്‍, ഹാരിസ് റൗഫ്.

 

 

Content highlight: T20 World Cup 2024: All the Indian players who became golden ducks in the World Cup have played for Chennai Super Kings or Mumbai Indians