| Friday, 31st May 2024, 1:50 pm

ഈ ലോകകപ്പില്‍ നടന്നില്ലെങ്കില്‍ പിന്നെ ഒരിക്കലും സംഭവിക്കില്ല; ഇതിഹാസങ്ങള്‍ വാഴുന്നിടത്തേക്ക് കണ്ണുനട്ട് രോഹിത്! ഇത് ലാസ്റ്റ് ചാന്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

2024 ലോകകപ്പിന് കൊടിയേറാന്‍ ഇനി കേവലം രണ്ട് ദിവസത്തെ മാത്രം കാത്തിരിപ്പാണുള്ളത്. 20 ടീമുകള്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി ലോകം കീഴടക്കാന്‍ ഒരുങ്ങുകയാണ്.

കിരീടം മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യയും ഇറങ്ങുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഒരിക്കല്‍ പോലും ഐ.സി.സി കിരീടമണിയാന്‍ സാധിക്കാത്തതിന്റെ അപമാനഭാരം ഈ ലോകകപ്പോടെ ഇറക്കിവെക്കാനാണ് ഇന്ത്യയൊരുങ്ങുന്നത്.

2023 ഏകദിന ലോകകപ്പിലടക്കം അവസാന ലാപ്പില്‍ കാലിടറിയ ഓര്‍മകള്‍ മുറിവില്‍ ഉപ്പുപുരട്ടുമ്പോള്‍ കിരീട നേട്ടം മാത്രമാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്കുണ്ടാവുക. ഇന്ത്യയെ ഏഷ്യന്‍ ചാമ്പ്യന്‍മാരാക്കിയ രോഹിത്തിന് ടീമിനെ വിശ്വവിജയികളാക്കുക എന്നത് മാത്രമാണ് ഏകലക്ഷ്യം.

ഇന്ത്യയുടെ വിജയം മാത്രം ലക്ഷ്യമിടുന്ന നായകനെ ചില വ്യക്തിഗത നേട്ടങ്ങളും ഈ ലോകകപ്പില്‍ കാത്തിരിക്കുന്നുണ്ട്. ഐ.സി.സി ടി-20 ലോകകപ്പുകളില്‍ നിന്നും 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന മൂന്നാമത് താരമെന്ന വേള്‍ഡ് കപ്പ് റെക്കോഡാണ് ഇതില്‍ പ്രധാനം.

2007 ലോകകപ്പ് മുതല്‍ ഇന്ത്യന്‍ ജേഴ്‌സിയിലെത്തിയ രോഹിത് 39 മത്സരത്തില്‍ നിന്നും 963 റണ്‍സാണ് നേടിയത്. ഈ ലോകകപ്പില്‍ 37 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ രോഹിത് ശര്‍മക്ക് ഐതിഹാസിക നേട്ടത്തിലെത്താം.

അങ്ങനെയെങ്കില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ചരിത്രത്തിലെ മൂന്നാമത് മാത്രം താരമെന്ന നേട്ടവും രോഹിത് ശര്‍മയെ തേടിയെത്തും. ഇന്ത്യന്‍ ഇതിഹാസ താരം വിരാട് കോഹ്‌ലി, ലങ്കന്‍ ലെജന്‍ഡ് മഹേല ജയവര്‍ധനെ എന്നിവര്‍ മാത്രമാണ് ലോകകപ്പിന്റെ ചരിത്രത്തില്‍ 1,000 റണ്‍സ് മാര്‍ക് പിന്നിട്ടത്.

ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – ടീം – റണ്‍സ് – ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)

വിരാട് കോഹ് ലി – ഇന്ത്യ – 1,141 – 25

മഹേല ജയവര്‍ധനെ – ശ്രീലങ്ക – 1,016 – 31

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 965 – 31

രോഹിത് ശര്‍മ – ഇന്ത്യ – 963 – 36

തിലകരത്‌നെ ദില്‍ഷന്‍ – ശ്രീലങ്ക – 897 – 35

ഡേവിഡ് വാര്‍ണര്‍ – ഓസ്ട്രലിയ – 806 – 34

37കാരനായ രോഹിത് ശര്‍മയുടെ അവസാന വേള്‍ഡ് കപ്പാകും ഇത്. അങ്ങനെയെങ്കില്‍ 1,000 റണ്‍സെന്ന ചരിത്ര നേട്ടം സ്വന്തമാക്കാനുള്ള അവസാന അവസരമാണിത്.

ഇതിന് പുറമെ അന്താരാഷ്ട്ര ടി-20യില്‍ 4,000 റണ്‍സ് എന്ന നേട്ടവും ഇന്ത്യന്‍ നായകന് മുമ്പിലുണ്ട്. നിലവില്‍ 3,974 റണ്‍സ് സ്വന്തമാക്കിയ രോഹിത്തിന് ലോകകപ്പില്‍ 26 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ ഈ നാഴികക്കല്ലിലെത്താം.

ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത് ബാറ്റര്‍ എന്ന നേട്ടവും രോഹിത്തിനെ കാത്തിരിക്കുന്നുണ്ട്. ഇന്ത്യന്‍ ഇതിഹാസം വിരാട് കോഹ്‌ലി, പാക് നായകന്‍ ബാബര്‍ അസം എന്നിവര്‍ മാത്രമാണ് അന്താരാഷ്ട്ര ടി-20യില്‍ 4,000 ക്ലബ്ബിലെത്തിയ ബാറ്റര്‍മാര്‍.

ഇതിനൊപ്പം തന്നെ 10 സിക്സര്‍ കൂടി നേടാന്‍ സാധിച്ചാല്‍ മറ്റൊരു നേട്ടവും രോഹിത്തിന് തന്റെ പേരില്‍ കുറിക്കാന്‍ സാധിക്കും. ടി-20ഐയില്‍ 200 സിക്സര്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് ഹിറ്റ്മാനെ കാത്തിരിക്കുന്നത്. നിലവില്‍ 190 സിക്സറുമായി സിക്സറടിവീരന്‍മാരുടെ ലിസ്റ്റില്‍ ഒന്നാമതാണ് രോഹിത്.

Content highlight: T20 World Cup 20224: Rohit Sharma need 37 runs to complete 1000 runs in world cup

We use cookies to give you the best possible experience. Learn more