ദുബായ്: ടി-20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിന്റെ തൊട്ടുമുന്‍പ് പിന്‍മാറി ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്ക്. മത്സരത്തിന് മുന്‍പ് എല്ലാ താരങ്ങളും വംശീയ-വര്‍ണ വിവേചനങ്ങള്‍ക്കെതിരായ മുട്ടുകാല്‍ കുത്തി പ്രതിഷേധിക്കണമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.
ഇത് പാലിക്കാന്‍ ഡി കോക്ക് തയ്യാറല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഓസ്‌ട്രേലിയ്‌ക്കെതിരായ മത്സരത്തിലും മുട്ടുകുത്തി പ്രതിഷേധിക്കാനോ വിവേചനങ്ങള്‍ക്കെതിരായ ക്യാംപെയിനിന്റെ ഭാഗമാകാനോ ഡി കോക്ക് തയ്യാറായിരുന്നില്ല.
ഇതിന് പിന്നാലെ ടീമംഗങ്ങള്‍ നിര്‍ദേശം പാലിക്കണമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് താക്കീത് ചെയ്തിരുന്നു
സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് തങ്ങളുടെ പിന്തുണ പ്രകടിപ്പിക്കാന്‍ മൂന്ന് വഴികള്‍ തെരഞ്ഞെടുക്കുക എന്നായിരുന്നു ബോര്‍ഡ് നിര്‍ദേശത്തില്‍ പറഞ്ഞത്. മുട്ടുകുത്തുക, മുഷ്ടി ഉയര്‍ത്തുക, അല്ലെങ്കില്‍ ശ്രദ്ധയോടെ നേരെ നില്‍ക്കുക എന്നിങ്ങനെയായിരുന്നു ഇത്.