മണിച്ചിത്രത്താഴിലെ നാഗവല്ലിക്ക് ശബ്ദം നല്‍കിയത് ഭാഗ്യലക്ഷ്മിയല്ല: ഫാസില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്

nagacalliമണിച്ചിത്രത്താഴില്‍ ശോഭന അവതരിപ്പിച്ച നാഗവല്ലിയെന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത് ഭാഗ്യലക്ഷ്മിയല്ലെന്ന് സംവിധായകന്‍ ഫാസില്‍. തമിഴ് ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ദുര്‍ഗയാണ് നാഗവല്ലിക്ക് ശബ്ദം നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. മനോരമ വാരികയിലെ ഓര്‍മ്മപ്പൂക്കള്‍ എന്ന പംക്തിയിലാണ് സംവിധായകന്‍ ഇക്കാര്യം വിശദീകരിക്കുന്നത്.

ശോഭന അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത് പ്രമുഖ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയായിരുന്നു. നാഗവല്ലിയുടെ ഭാഗവും ഭാഗ്യലക്ഷ്മി തന്നെ ഡബ്ബ് ചെയ്തിരുന്നു. എന്നാല്‍ ചിലയിടങ്ങളില്‍ മലയാളവുമായി സാമ്യം തോന്നിയതിനാല്‍ മാറ്റുകയായിരുന്നു എന്നാണ് ഫാസില്‍ നല്‍കുന്ന വിശദീകരണം.

“ശോഭനയ്ക്ക് വേണ്ടി ഭാഗ്യലക്ഷ്മിയാണ് ഡബ്ബ് ചെയ്തത്. നാഗവല്ലിയുടെ തമിഴ് ഡയലോഗും ആദ്യം ഭാഗ്യലക്ഷ്മിയാണ് സ്വരം മാറ്റി ഡബ്ബ് ചെയ്തത്. പക്ഷേ പിന്നീട് ശേഖര്‍ സാറിനും കൂട്ടര്‍ക്കും മലയാളം,തമിഴ് സ്വരങ്ങള്‍ തമ്മില്‍ ചില ഇടങ്ങളില്‍ സാമ്യം തോന്നിച്ചു. അതുകൊണ്ട് തമിഴിലെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ദുര്‍ഗയാണ് നാഗവല്ലിയുടെ പോര്‍ഷന്‍ പിന്നീട് ഡബ്ബ് ചെയ്തത്. അന്നത് ഭാഗ്യലക്ഷ്മിയോട് പറയാന്‍ വിട്ടുപോയി. ഏറെക്കാലം ഭാഗ്യലക്ഷ്മി ധരിച്ചുവച്ചിരുന്നത് തമിഴിലെ ഡയലോഗും താന്‍ തന്നെയാണ് ഡബ്ബ് ചെയ്ത് എന്നാണ്.” ഫാസില്‍ പറയുന്നു.

ഫാസിലിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് റേഡിയോ മാംഗോയിലൂടെ ദുര്‍ഗ തന്റെ ആഹ്ലാദവും അറിയിച്ചു. ഇത്രയും വര്‍ഷം ഇക്കാര്യത്തില്‍ താന്‍ നിരാശയായിരുന്നു. എന്നാല്‍ സംവിധായകന്‍ തന്നെ അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും ദുര്‍ഗ പറയുന്നു.

മണിച്ചിത്രത്താഴില്‍ നാഗവല്ലിക്ക് ശബ്ദം നല്‍കിയത് ആരെന്നതില്‍ വലിയ ആശക്കുഴപ്പം പ്രേക്ഷകര്‍ക്കിടയില്‍ സൃഷ്ടിക്കപ്പെട്ടിരുന്നു. ഭാഗ്യലക്ഷ്മി തന്നെയാണ് നാഗവല്ലിക്ക് ശബ്ദം നല്‍കിയതെന്നും അല്ലെന്നും ഉള്ള വാദങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. നാഗവല്ലിയുടെ ശബ്ദം തന്റേതാണെന്ന് ഭാഗ്യലക്ഷ്മിയും ചില അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. ഇതാദ്യമായാണ് ഇക്കാര്യത്തില്‍ സംവിധായകന്റെ സ്ഥിരീകരണം വരുന്നത്.